പത്തനംതിട്ട – തെരുവ് നായശല്യം നിയന്ത്രിക്കുന്നതിന് വന്ധ്യംകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. സ്‌കൂൾ പരിസരങ്ങളിലെ ലഹരി ഉത്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിന് പോലീസ്, എക്സൈസ് വകുപ്പുകൾ പെട്രോളിംഗ് ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കണം.
പത്തനംതിട്ട നഗരത്തിലെ ഗതാഗത കുരുക്കും റോഡിന്റെ ശോചനീയാവസ്ഥയും പരിഹരിക്കണം. പൊതുമരാമത്ത് റോഡിന്റെ വശങ്ങളിൽ പാറ, തടി മുതലായവ ഇറക്കിയിട്ടിട്ടുള്ളതും ഓടകൾക്ക് സ്ലാബ് ഇല്ലാത്തതു മൂലം അപകടങ്ങൾ പതിവാകുന്നതിന് പരിഹാരം കാണണം. ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന് കൊതുകു നശീകരണ പ്രവർത്തനങ്ങളും, ശുചീകരണ പ്രവർത്തനങ്ങളും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ നീക്കവും കാര്യക്ഷമമാക്കണം. ആശുപത്രികളിൽ കൂടുതൽ പനി ക്ലിനിക്കുകൾ ആരംഭിക്കണം. പനി പടരുന്നത് നിയന്ത്രിക്കുന്നതിനായി സ്പെഷ്യൽ ഡ്രൈവ്, ബോധവത്ക്കരണ യജ്ഞം എന്നിവ നടത്തണമെന്നും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
പത്തനംതിട്ട മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിനിധി സജീവ് കെ ഭാസ്‌ക്കർ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപിയുടെ പ്രതിനിധി ജെറി മാത്യു സാം, കോൺഗ്രസ്(എസ്) ജില്ലാ സെക്രട്ടറി മാത്യു ജി ഡാനിയേൽ, കേരള കോൺഗ്രസ് എം പ്രതിനിധി മാത്യു മരോട്ടിമൂട്ടിൽ, കേരള കോൺഗ്രസ് (ബി) പ്രതിനിധി ജോൺ പോൾ, എൻസിപി പ്രതിനിധി എം. മുഹമ്മദ് സാലി, എൽജെഡി ആറൻമുള മണ്ഡലം പ്രതിനിധി ജോൺസൺ കുടപ്പുരയിൽ, കേരള കോൺഗ്രസ് (ഡി) പ്രതിനിധി വി.ജി. മത്തായി, കോഴഞ്ചേരി തഹസിൽദാർ പി. സുദീപ്, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ കെ.എസ്. സിറോഷ്, ഡെപ്യൂട്ടി തഹസിൽദാർ ബി.കെ. സുധ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

