കഥകളി ചമയം . കലാകാരന്മാരുടെ ആത്മ സമർപ്പണം !!

Pathanamthitta Food Music
Print Friendly, PDF & Email

അയിരൂർ കഥകളി മേളയിലെ ചമയം കണ്ടപ്പോഴാണ് മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന കലാകാരന്മാരുടെ ഈ സമർപ്പണത്തെക്കുറിച്ചു എഴുതാൻ തോന്നിയത്. അരങ്ങിലെത്തും മുമ്പേ കഥകളി കലാകാരന്മാർ കഥകളി എന്ന കലക്കായി സമർപ്പിക്കുന്ന ആത്മ സമർപ്പണവും, ക്ഷമയും അതിശയിപ്പിക്കുന്നതാണ്. കേളികൊട്ടിന് എത്രയോ മുമ്പേ, ആരംഭിക്കുന്ന വേഷക്കാരുടെ ചമയം എന്നെ വല്ലാതെ ആകർഷിച്ചു.

പണ്ടുകാലങ്ങളിൽ തിരിയിട്ടു കത്തിച്ച വിളക്കിന്റെ വെട്ടത്തിൽ നടന്നിരുന്ന ചമയം ഇന്ന് ബൾബിന്റെ വെളിച്ചത്തിലായിട്ടുണ്ട്. കഥകളി പദങ്ങളെക്കാളും, അഭിനയത്തെക്കാളുമൊക്കെ ആകർഷണീയമാണ് ചമയമെന്ന കലാ സമർപ്പണം.

കഥകളി വേഷക്കാരൻ അരങ്ങിൽ കെട്ടിയാടുന്ന വേഷത്തിന്റെ സ്വഭാവമനുസരിച്ച് ചമയവും വിഭിന്നമാണ്. പുരുഷ വേഷമായാലും സ്ത്രീ വേഷമായാലും ഏകദേശം നാലു മണിക്കൂറോളമെടുക്കും ചമയത്തിന്. അരങ്ങിലെ കഥാപാത്രമാകുന്ന ദേവന്മാർക്കും അസുരന്മാർക്കും പ്രത്യേകം
ചമയ സമ്പ്രദായങ്ങളാണുള്ളത്. വേഷത്തിന്റെ ചമയത്തിലെ പൂർണ്ണത തന്നെയാണ് അരങ്ങിലെത്തുനിന്ന കഥാപാത്രത്തിന് അതിമാനുഷിക പരിവേഷം നേടിക്കൊടുക്കുന്നതും.

മൂന്നു ഘട്ടമായിട്ടാണ് ചമയം തീർക്കുന്നത്; “തേപ്പ്”, “ചുട്ടി”, “ഉടുത്തുകെട്ട്”. വേഷക്കാരന്റെ മുഖത്ത്‌ അടിസ്ഥാനപരമായി ചെയ്യുന്ന ചമയമാണ് തേപ്പ്.
വേഷമണിയുന്ന കലാകാരൻ തന്നെയാണ് തേപ്പ് സാധാരണയായി ചെയ്യാറുള്ളത്. തേപ്പിനു ശേഷം ചുട്ടിക്കാരൻ ( യഥാർത്ഥ ചമയക്കാരൻ ) വേഷക്കാരന്റെ മുഖത്ത് “ചുട്ടി” കുത്തുന്നു. ചമയത്തിന്റെ രണ്ടാം ഘട്ടമായ ചുട്ടി കുത്തൽ ഏറെ ശ്രമകരമാണ്, കാരണം കഥാപാത്രത്തിനു രൂപവും ഭാവവും നൽകുന്ന ചമയം ഇതാണ്. പച്ച, കത്തി , താടി, കരി എന്നിങ്ങനെ വിവിധ വേഷങ്ങൾക്കനുസൃതമായി പ്രത്യേകം ചുട്ടി സമ്പ്രദായങ്ങൾ ഉണ്ട്.

ചമയത്തിന്റെ നിറങ്ങൾ ഉണ്ടാകുന്നതും വളരെ കൌതുകകരമായ അറിവുകളാണ്, തികച്ചും പ്രകൃതിദത്തം. ചുവപ്പ് നിറവും മഞ്ഞ നിറവും യഥാക്രമം “ചായില്ല്യം”, “മനയോല’എന്നീ കല്ലുകൾ പൊടിച്ച് ഉണ്ടാക്കുന്നു. അരി പ്പൊടിയും നാരങ്ങാ നീരും ചേർത്ത് വെള്ള നിറത്തിനായി ഉപയോഗിക്കുന്നു. പച്ച നിറം കിട്ടുന്നതിനായി മനയോലയും നീലവും സമാസമം ചേർക്കുന്നു. കുങ്കുമവും ചമയത്തിനായി ഉപയോഗിക്കാറുണ്ട്. മേൽപ്പറഞ്ഞ പോടികളെല്ലാം അലിയിച്ചു ചേർത്ത് വർണ്ണങ്ങൾ തീർക്കുന്നതിനായി ഉപയോഗിക്കുന്നത് വെളിച്ചെണ്ണയാണ്.

“ചെഞ്ചില്ല്യം” എന്നൊരു കൽപ്പൊടി മുഖത്ത് അരച്ച് തേക്കുന്നത് പൊള്ളൽ ഒഴിവാക്കാൻ സഹായിക്കുമത്രേ ! കണ്ണിനെ ചുവപ്പണിയിക്കാൻ ചുണ്ടപ്പൂവിന്റെ വിത്ത് വേണം. പരമ്പരാഗത ചമയരീതികൾ ഇതൊക്കെയാണെങ്കിലും, മേൽപ്പറഞ്ഞ സാമഗ്രികൾ സുലഭമല്ലാത്തത്കൊണ്ട് പുതിയ ചമയക്കൂട്ടുകൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്.

ഇനി ചമയത്തിന്റെ മൂന്നാം ഘട്ടം; ഉടുത്തുകെട്ട്.

കട്ടിയേറിയ കഞ്ഞിപ്പശയിൽ ഉണക്കിയ ചേലയുടെ നീളമേറിയ കഷണങ്ങൾ, അരയ്ക്കു ചുറ്റും കെട്ടിവച്ച ശേഷം അതിനും മുകളിലായി “കച്ച” മുറുക്കി കെട്ടുന്നു. ഒന്നിലധികം ആളുകളുടെ സഹായത്താൽ ചെയ്യുന്ന ഈ ഉടുത്തുകെട്ടാണ് കഥകളി വേഷത്തിനു കൊട്ടപോലെ വിരിവുള്ള രൂപം കൊടുക്കുന്നത്. കച്ച കെട്ടിയ ശേഷം ഉടുത്തുകെട്ടിന് മാറ്റ് കൂട്ടുന്ന “ഉള്ളുവാൽ”, “പെരുംവാൽ”, “പട്ടുവാൽ” എന്നിവ ചമച്ചുകെട്ടുന്നു.

കൂടാതെ മേയ്യാഭരണങ്ങളും ആടയാഭരണങ്ങളും അണിയും. കൈ വിരലിലെ കനക മുദ്രകൾക്ക് കൃത്യത നൽകാനായി നഖങ്ങളും വച്ച് പിടിപ്പിക്കുന്നതോടെ ചമയം അവസാന ഘട്ടത്തിലാവുകയായി. ഏറ്റവും ഒടുവിലായി, വേഷത്തിനു ചേരുന്നൊരു കിരീടം കൂടി വയ്ക്കുന്നതോടെ
ചമയം തീരുകയായി..

സ്ത്രീ വേഷത്തിന്റെ ചമയം കണ്ടുനിൽക്കുന്നത് തന്നെ ഒരൽഭുതമാണ് . നമുക്കരികിൽ നിന്നിരുന്ന പുരുഷകേസരി ഞൊടിയിടയിൽ ചമയത്തിലൂടെ
സ്ത്രീ വേഷമാകുന്നത് ഒരു വിസ്മയക്കാഴ്ച തന്നെ ! വേഷമേതായാലും, ചമയം പൂർത്തിയായാൽ പിന്നെ നമ്മൾ ആ കലാകാരനെ കാണുകയില്ല, മറിച്ച് യഥാർത്ഥ കഥാപാത്രമായേ കാണൂ. കഥകളിലും പുരാണങ്ങളിലും മാത്രം വായിച്ചറിഞ്ഞ വീരന്മാരെ നേരിട്ട് കാണുന്ന കൌതുകം പറഞ്ഞറിയിക്കാൻ വയ്യ. അർജുനനും കീചകനും ശ്രീകൃഷ്ണനും ഉത്തരയും എല്ലാം, ചമയശേഷം അരങ്ങിനു പിന്നിൽ കുശലം പറഞ്ഞിരിക്കുന്നതും
കാണുക ബഹുരസം തന്നെ.

ഇനി അരങ്ങിലെ അവസരത്തിനുള്ള കാത്തിരിപ്പാണ്, ചമയത്തിന്റെ പൂർണ്ണത അഭിനയ മികവിലൂടെ ദൃശ്യ വിരുന്നൊരുക്കുന്നത് നമുക്കവിടെ കാണാം… അയിരൂരിലെ പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബ് സംഘടിപ്പിക്കുന്ന കഥകളി മേള ഇപ്പോൾ നടക്കുകയാണ്.

photos and video – jibu vijayan elavumthitta ( Files )

Leave a Reply

Your email address will not be published. Required fields are marked *