നോക്കൂ… ഈ ഷോട്ടു കണ്ടോ ?

Cinema
Print Friendly, PDF & Email
കുമാരനാശാൻ കൺമുന്നിലെന്ന പോൽ. ഹൃദയം വിറങ്ങലിച്ചു. !! മകരം 3 ആ പുലർച്ചെയോർത്തു.. പല്ലനയാറ്റിൽ മഹാകവി ഇതാ മരിക്കാൻ പോകുന്നു… അതും, കായിക്കരയിലെ ജനനം മുതൽ ജലത്തിന്റെ ആഴ പ്രവാഹങ്ങളിൽ ജീവിതം അനുഭവിച്ച കവി അതേ നീരിൽ മുങ്ങിത്താഴ്ന്ന ദുര്യോഗമോർത്ത് വർഷങ്ങൾക്കിപ്പുറം ഒരു തുള്ളി കണ്ണീർ ഹൃദയത്തിലുറന്നു. ചരിത്രം അറിയാമെങ്കിലും ഈ കൈമാക്സിൽ മലയാളിക്കു നോവും. “ഈ വല്ലിയിൽ നിന്ന് ചെമ്മേ ” എന്ന് പാടിപ്പഠിച്ചു വളർന്ന കുട്ടിക്കാലം മുതൽ ആശാൻ ഒപ്പമുണ്ടല്ലോ. കുറിച്ചിട്ട ഉദ്ധരണികളിൽ ആശാനില്ലാത്ത നോട്ടുപുസ്തകങ്ങൾ ഉണ്ടാവാൻ വഴിയില്ല. ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കെ പി.കുമാരന്റെ സിനിമയിൽ കേട്ടും വായിച്ചുമറിഞ്ഞ കുമാരനാശാനെ തന്നെയാണ് കാണുന്നത്. ആത്മാഖ്യാനത്തിലൂടെയും, ഛായാഗ്രാഹകൻ കെ.ജി.ജയന്റെ അതി മനോഹരമായ ദൃശ്യവിന്യാസങ്ങളിലൂടെയും, കോർത്തു കെട്ടിയ കവിതകളിലൂടെയും മഹാകവിയുടെ ജീവിതം കണ്മുന്നിലെത്തുന്നു. പ്രതിഷ്ഠക്കുള്ള കല്ലെടുത്തു നനഞ്ഞു കയറി വരുന്ന നിശ്ചയദാർഢ്യമുള്ള നാരായണ ഗുരുവിലൂടെ, അരുവിപ്പുറം 1888 എന്ന ആദ്യസൂചനയിൽ തന്നെ കേരളത്തിന്റെ സാമുഹിക അന്തരീക്ഷം സിനിമയുടെ പശ്ചാത്തലമാകുന്നു. പക്ഷേ, കഥാനായകന്റെ പരിപ്രേക്ഷ്യത്തിലൂടെയുള്ള നരേഷനിൽ ഗുരു- നവോത്ഥാനം- ജാതി-സംഘർഷങ്ങൾ – പത്രപ്രവർത്തനം -രാഷ്ടീയം – തുടങ്ങി സാമൂഹിക ചരിത്രത്തിന്റെ സൂചനകൾ കണ്ണി ചേരുന്നെങ്കിലും ‘ഗ്രാമവൃക്ഷത്തിലെ കുയിൽ ‘ കുടുംബ സ്ഥലിയിലിരുന്നാണ് പാടുന്നത്. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ ” എന്ന കവിത തിരയിൽ പാടിക്കേൾക്കുമ്പോഴും കുമാരുവിൽ നിന്ന് ഗാർഹസ്ഥ്യത്തിലേക്കെത്തുന്ന മഹാകവി ആശാന്റെ ജീവയാത്രയാണ് കാഴ്ചാനുഭവത്തിൽ. സംഘർഷങ്ങളിൽ നിന്ന് നാനാ ജീവിതനോട്ടങ്ങളിലേക്കുള്ള യാത്ര. ശ്രീവൽസൻ മേനോൻ ആശാന്റെ രൂപത്തോടത്രയും ചേർന്നു നില്ക്കുന്നു. ഇടവേളക്കുശേഷം ആശാൻ മാത്രം, ശ്രീവൽസനില്ല. അതും ഉടലിൽ മാത്രമല്ല. സംഗീതത്തിലൂടെ ,കവിതയിലൂടെ ആശാനെ പുനർജനിപ്പിക്കുന്നു ശ്രീവൽസൻ. ഭാനുമതിയായ ഗാർഗിയുടെ അഭിനയവും ശരീരഭാഷയും ഗംഭീരം. അത്ര ഭദ്രമായി, ഭാനു. ഭാനുവിന്റെ സംഭാഷണങ്ങൾ അത്രമേൽ സ്വാഭാവികമായി പരിണമിച്ചപ്പോഴാണ് മറ്റു കഥാപാത്രങ്ങളുടെയും ആഖ്യാനത്തിന്റെയും ശൈലീകരണം വല്ലാതെ മാറിനില്ക്കുന്നതായി ബോധ്യപ്പെട്ടതിന്റെ ശക്തി കൂടിയത്. തുടക്കം മുതലേ സംഭാഷണത്തിലനുഭവപ്പെട്ട അച്ചടി / സാഹിത്യ ഭാഷയുടെ അലോസരം ജയന്റെ നീർചിത്രണങ്ങളിൽ, പ്രകൃതി പശ്ചാത്തല വിതാനങ്ങളിൽ, രംഗ പശ്ചാത്തല സംഗീത – കാവ്യാലാപനങ്ങളിൽ പതിയെ പതിയെ മറന്നു. “എന്റെ ജീവിതം ജലവുമായി ഏറെ ബന്ധപ്പെടുന്നു, ഭാനു” എന്ന സംഭാഷണത്തിന് ,കായലും കടലും താമരപ്പൊയ്കയും വെളളച്ചാട്ടവും കൊണ്ട് സിനിമ സാക്ഷ്യം നല്കുന്നു. ഇതെന്തൊരദ്ഭുതമാഹ്ലാദമെന്ന് ഹൃദയമൊരു മിന്നാമിനുങ്ങായി പല സമയത്തും പറന്നാനന്ദിച്ചു. വീണ പൂവും നളിനിയും ലീലയും ചണ്ഡാലഭിക്ഷുകിയും കരുണയും വരികളിലൂടെ, അതിന്റെ കാവ്യ പ്രാധാന്യത്തോടെ ഓർമിപ്പിക്കുന്നുണ്ട്. ഒരു മാധ്യമത്തിൽ മറ്റനേകം മാധ്യമങ്ങൾ കണ്ണിയിണങ്ങുന്നു. സിനിമയിൽ സംഗീതവും, ചിത്രകലയും കവിതയെ വിടർത്തിയിടുന്നു. മറ്റെല്ലാ നായികമാരേക്കാളും സീതയെ കുറച്ചേറെ ഓർമ്മിപ്പിച്ചു KP കുമാരൻ കുമാരുവിലൂടെ. രാമായണത്തിൽ നിന്ന് മാറി സഞ്ചരിക്കുന്നവളാണല്ലോ ആശാന്റെ സീത. സീതയെ ഉടച്ചുവാർക്കുമ്പോൾ ജനമെന്തു പറയുമെന്ന് ശങ്കിച്ച കുമാരു വിന്റെ അന്തർഗതം സംവിധായകൻ ഭാവന ചെയ്യുന്നുണ്ട്. മൂർക്കോത്തു കുമാരനോട് (പ്രമോദ് രാമൻ) തലക്കെട്ടിലൂടെ പങ്കുവച്ച ‘ചിന്താവിഷ്ടയായ സീത ‘യുടെ മനോവിചാരങ്ങൾ തിരയിൽ കവിതയായി ശബ്ദം വക്കുമ്പോൾ ‘ആരും സഞ്ചരിക്കാത്ത കന്യാവനങ്ങളിലൂടെ ‘പൊയ്പ്പോകുന്ന കവിയുടെ ആവേശം കുമാരനാശാൻ – ഭാനുമതി പ്രണയ – രതിയിൽ സംവിധായകൻ മനോഹരമായി കോർത്തിണക്കുന്നു. ആശാന്റെ സീത കാതലാഴമാകുന്നു. ഏകാഗ്രമാണ് ആഖ്യാനം. ചുരുങ്ങിയ ഇടത്തിൽ ചുരുക്കം കഥാപാത്രങ്ങൾ. ഓഡിയോ ട്രാക്ക് സിനിമക്ക് ജീവനേകുന്നു. വ്യക്തിപരമായ സിനിമാഭിരുചികൾ വേറെയാവാം. എങ്ങനെ സിനിമയെന്ന വേറെ നൂറാലോചനകൾ ഉണ്ടാവാം. ഒരാലോചനയിലും ഒതുക്കാൻ പറ്റാത്ത കുമാരനാശാനും വാസ്തവമാണ്. പക്ഷേ ബയോപിക്കുകളുടെ വാണിജ്യസാധ്യതകൾ മാത്രം മുന്നിൽ കണ്ട് ചലച്ചിത്രമുണ്ടാക്കാൻ ശ്രമിക്കുന്ന സമകാലത്ത്, അത്തരം മോഹങ്ങളൊന്നുമില്ലാതെ ഈ സംവിധായകൻ നടത്തുന്ന ഒറ്റയാൻ നടത്തത്തിന് ഊറ്റമേറെയാണ്.ആശാൻ്റെ ജീവിതവും സർഗാത്മക കൃതികളും ചേർത്തുവായിക്കാനുള്ള ഗവേഷണങ്ങൾ സിനിമക്കു വേണ്ടി നടത്തിയിട്ടുണ്ട്. മലയാളത്തിൻ്റെ മഹാകവിക്ക് ഉചിതമായ ആദരം നൽകാൻ നിർമിച്ച സിനിമയോട് സംവിധായകന് ഗൗരവകരമായ സമീപനം തന്നെ. കവിയെയും, കവിതയെയും, സ്നേഹിക്കുന്നവർക്ക് കെ.പി.കുമാരന്റെ എൺപത്തൊന്നാം വയസിലെ ഈ കുയിൽപാട്ട് പിടി കിട്ടാതിരിക്കില്ല… !!

#ഗ്രാമവൃക്ഷത്തിലെകുയിൽ

Leave a Reply

Your email address will not be published. Required fields are marked *