കോഴഞ്ചേരി – ശബരിമല തീർത്ഥാടകർക്കായുള്ള പ്രധാന ഇടത്താവളമായ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ല. കരക്കാർക്കും തീർഥാടകർക്കും വെള്ളം പോലുമില്ല. സർക്കാരും ദേവസ്വം ബോർഡും ശബരിമല തീർഥാടകർക്ക് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയെന്ന് അവകാശപ്പെടുമ്പോഴാണ് ആറന്മുളയിലെ ഈ അവസ്ഥ.
നാട്ടുകാരുടെ സഹായം കൊണ്ടാണ് ആറന്മുളയിൽ എത്തുന്ന അയ്യപ്പന്മാർ വെള്ളം കുടിച്ചും, അത്യാവിശ്യ കാര്യങ്ങൾ നടത്തിയും പോകുന്നത്. തീർഥാടനകാലം ആരംഭിക്കും മുൻപേ പാർത്ഥസാരഥി ക്ഷേത്രം ഉൾപ്പെടുന്ന ആറന്മുള, മല്ലപ്പുഴശേരി പഞ്ചായത്തുകളിൽ ജല വിതരണം തടസപ്പെട്ടിരുന്നു. മണ്ഡലകാലം പൂർത്തിയാക്കി മകരവിളക്കിനായി തീർഥാടകർ എത്തിയിട്ടും കിഴക്കേ നടയിൽ വെള്ളം എത്തിയിട്ടില്ല എന്ന് മാത്രം. പാർഥസാരഥി ക്ഷേത്രപരിസരത്ത് രണ്ടു മാസമായി ജല അതോറിറ്റിയുടെ പൈപ്പുകളിൽ വെള്ളമെത്തുന്നില്ലെന്ന് നാട്ടുകാരും ജനപ്രതിനിധികളും പരാതി പറയുന്നു. പല തവണ ജല അതോറിറ്റിയിൽ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വേനൽ കനത്തതോടെ കിണറുകളിലും വെള്ളം കുറഞ്ഞു തുടങ്ങി. ഇത് ക്ഷേത്രത്തെയും ബാധിച്ചിട്ടുണ്ട്.
മല്ലപ്പുഴശേരി പഞ്ചായത്തിലെ 13-ാം വാർഡിൽ ഉൾപ്പെടുന്ന കിഴക്കേനട, തെക്കുഭാഗം, വായനശാല, ഭജനമഠം. പോലീസ് സ്‌റ്റേഷൻ, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ജലവിതരണം തീരെ നടക്കാത്തത്. വായനശാല, സ്‌കൂൾ, ദേവസ്വം ഓഫിസ് എന്നിവയോടു ചേർന്ന് മൂന്നു പൊതു ടാപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇതിൽ നിന്നും വെള്ളം ലഭിക്കുന്നില്ല. റോഡ് വികസനത്തിലൂടെ പൈപ്പുകൾ തകർന്നു എന്നും വിശദീകരണം വരുന്നുണ്ട്.
ഇടത്താവളത്തിലെ സൗകര്യങ്ങൾ പ്രതീക്ഷിച്ച് ക്ഷേത്രത്തിലെത്തുന്ന ശബരിമല തീർഥാടകർ ഭക്ഷണം പാചകം ചെയ്തു കഴിക്കുന്നവരാണ്. വെള്ളത്തിന്റെ ക്ഷാമം കാരണം സമീപത്തെ വീടുകളിലെ കിണറുകളിൽ നിന്നും എടുത്താണ് ഇപ്പോൾ ഇത് നടത്തുന്നത്. തിരുവാഭരണ ഘോഷയാത്ര അടുക്കുന്നതോടെ കാൽനടയായി എത്തുന്ന തീർഥാടകരുടെ എണ്ണം ഗണ്യമായി വർദ്ധിക്കും. ഇവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ടവർ അടിയന്തിരനടപടികൾ സ്വീകരിക്കേണ്ടതുണ്ട്.


