സന്നിധാനം – ദർശനം കിട്ടാതെ ഒരു ഭക്തനും തിരിച്ചുപോകുന്ന അവസ്ഥ ശബരിമലയിലില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. യഥാർഥഭക്തർ തിരിച്ചുപോകില്ല. ഭക്തിയുടെ പേരിൽ വ്യാജപ്രചാരണം നടത്തുന്നവർ സ്വയം പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ദർശനം സംബന്ധിച്ച് ആക്ഷേപമുണ്ടാകുന്നത് ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്ന് മാത്രമാണ്. പ്രശ്‌നം പരിഹരിച്ച ശേഷവും ചിലർ ബോധപൂർവം പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുകയാണ്. സന്നിധാനത്ത് ചേർന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരക്ക് എങ്ങനെ നിയന്ത്രിച്ചാലും കയറേണ്ടത് പതിനെട്ടാംപടിയാണെന്ന് മനസ്സിലാക്കണം. ശബരിമലയിൽ വനഭൂമി വിട്ടുകിട്ടുന്നതിനും കൂടുതൽ സൗകര്യമൊരുക്കുന്നതിനും നിലവിലുള്ള പരിമിതികൾ എല്ലാവർക്കും അറിയാവുന്നതാണ്. മികച്ച സൗകര്യങ്ങളൊരുക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തുന്നുണ്ട്. വരുമാനം കൂടുന്നതും കുറയുന്നതും സർക്കാരിന്റെ വേവലാതിയില്ല. വരുമാനത്തെ ആശ്രയിച്ചല്ല ശബരിമലയിൽ സർക്കാരിന്റെ പ്രവർത്തനമെന്നും മന്ത്രി വ്യക്തമാക്കി. മകരവിളക്ക് മഹോത്സവത്തിനായി 30 ന് നട തുറക്കുമ്പോൾ തിരക്ക് നിയന്ത്രിക്കാൻ പുതിയ സംവിധാനങ്ങൾ ഒരുക്കും. ശബരിപീഠം മുതൽ സന്നിധാനം വരെ 36 കേന്ദ്രങ്ങളിൽ സിവിൽ ഡിഫൻസ് വളന്റിയർമാരുടെ സേവനം ലഭ്യമാക്കും. ഇവിടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടമുണ്ടാകും. ക്യൂ കോംപ്ലക്‌സിൽ ആവശ്യമുള്ളവർ മാത്രം കയറിയാൽ മതിയാകും. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ നിലയ്ക്കൽ കയറാതെ നേരെ പോകുന്നതിനുള്ള സൗകര്യമൊരുക്കും.
ശബരിമലയിലേക്ക് വരുന്ന ഭക്തരുടെ എണ്ണം ഓരോ വർഷവും കൂടുകയാണ്. ഈ വർഷം ഒരുലക്ഷത്തിലധികം അയ്യപ്പൻമാർ ദർശനത്തിനെത്തിയ ദിവസങ്ങളുണ്ടായി. ദർശനസമയം ഒന്നുരണ്ട് മണിക്കൂർ ദീർഘിപ്പിച്ചു. കുട്ടികൾ, ഭിന്നശേഷിക്കാർ, പ്രായമായവർ എന്നിവർ കൂടുതലെത്തുന്നതും പതിനെട്ടാം പടി കയറുന്നതിൽ കാലതാമസമുണ്ടാക്കുന്നുണ്ട്. 12000 കുട്ടികളാണ് ശരാശരി ഒരുദിവസം മലകയറുന്നത്. കുട്ടികളുടെ എണ്ണം വെർച്വൽ ക്യൂ ബുക്കിങിൽ ഉൾപ്പെടുന്നില്ല. വെർച്വൽ ക്യൂ, സ്‌പോർട്ട് ബുക്കിങ് വഴികളിലൂടെയല്ലാതെ കാനനപാതവഴിയും മറ്റും അയ്യായിരത്തോളം ഭക്തർ എല്ലാദിവസവും എത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


