സന്നിധാനത്ത് പഴുതടച്ച സുരക്ഷയും നിരീക്ഷണവുമായി പോലീസ്

Pathanamthitta TECH
Print Friendly, PDF & Email

സന്നിധാനം – ശബരീശദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്കു സുഗമമായ ദർശനം ഒരുക്കുന്നതിനൊപ്പം സുരക്ഷയ്ക്കും കൃത്യമായ ക്രമീകരണങ്ങളുമായി പോലീസ്. ചാലക്കയം മുതൽ പാണ്ടിത്താവളം വരെ 76 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സന്നിധാനത്തെ പോലീസ് കൺട്രോൾ റൂമിൽ ലഭിക്കും. ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനായി എസ്.ഐ. ഉൾപ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥരെ ചുമതലയേൽപ്പിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ എ.ഡി.ജി.പി. ഓഫിസ്, എസ്.പി ഓഫിസ്, കളക്‌ട്രേറ്റ്, പമ്പ പൊലീസ് കൺട്രോൾ റൂം എന്നിവിടങ്ങളിലും തത്സമയം നിരീക്ഷിക്കാനാകും.

സന്നിധാനത്തേക്ക് എത്തുന്നവരുടെ ബാഗുകൾ ഉൾപ്പെടെ പരിശോധിക്കാൻ മൂന്നു സ്‌കാനറുകൾ, പമ്പ മുതൽ സന്നിധാനം വരെ വിവിധ കേന്ദ്രങ്ങളിലായി 22 മെറ്റൽ ഡിറ്റക്ടറുകൾ, തെർമൽ ഇമേജിംഗ് ക്യാമറ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 34 അംഗ ബോംബ് സ്‌ക്വാഡിനെയും വിവിധ ഇടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

ശബരിമലയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ള പോലീസുകാർക്കു പുറമേ കേന്ദ്രസേനയും രംഗത്തുണ്ട്. അധികസുരക്ഷയ്ക്കായി 127 അംഗ സിആർപിഎഫ്, 60 അംഗ എൻ.ഡി.ആർ.എഫ്, 13 അംഗ കമാൻഡോ തുടങ്ങിയ കേന്ദ്രസേനകളെയും നിയോഗിച്ചിട്ടുള്ളത്. 10 ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 10 ഡിവിഷനുകൾ തിരിച്ചാണ് ശബരിമലയിൽ പോലീസിന്റെ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്്. 35 ഇൻസ്‌പെക്ടർമാർ, 105 എസ്ഐ/എ.എസ്.ഐമാർ എന്നിവരെയും 10 ഡിവിഷനുകളിൽ നിയോഗിച്ചിട്ടുണ്ട്.

ഫോട്ടോക്യാപ്ഷൻ:
ശബരിമല സന്നിധാനത്തെ കൺട്രോൾ റൂമിൽ സി.സി.ടി.വി. ദൃശ്യങ്ങൾ വീക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ.

Leave a Reply

Your email address will not be published. Required fields are marked *