എച്ച്‌ഐവി അണുബാധിതരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന് കൂട്ടായ പ്രവർത്തനം വേണം : ജില്ലാ കളക്ടർ എ ഷിബു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – എച്ച്‌ഐവി അണുബാധ കേരളത്തിൽ നിന്ന് തന്നെ തുടച്ചുനീക്കുന്നതിനും അണുബാധിതരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനും കൂട്ടായപ്രവർത്തനം വേണമെന്നു ജില്ലാ കളക്ടർ എ ഷിബു പറഞ്ഞു. ലോകഎയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതലപരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറ്റി നിർത്തപ്പെടേണ്ടവരല്ല, ചേർത്തു പിടിക്കേണ്ടവരാണ് എയ്ഡ്സ് ബാധിതർ. പ്രതിരോധത്തിലൂടെ രോഗത്തെ തുരത്താമെന്നും വലിയ ബോധവൽക്കരണ പരിപാടികളാണ് ഇന്ത്യയിൽ എയ്ഡ്സിനെതിരെ സംഘടിപ്പിക്കുന്നതെന്നും കളക്ടർ പറഞ്ഞു.


പ്രതിരോധപ്രവർത്തനങ്ങൾക്കും മികച്ച മുന്നേറ്റത്തിനും കേരളം മാതൃകയാണെന്ന് ഉദ്ഘാടനം നിർവഹിച്ച പത്തനംതിട്ട നഗരസഭാ അധ്യക്ഷൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. എയ്ഡ്സ് രോഗം കേരളത്തിൽ നിന്നും തുടച്ചു നീക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഒരു കാലഘട്ടത്തിൽ രോഗത്തെ സമൂഹം വലിയ പേടിയോടെ സമീപിച്ചു. എന്നാൽ വിവിധ ബോധവൽക്കരണപ്രവർത്തനങ്ങളിലൂടെ ആളുകളുടെ മനോഭാവം മാറിയെന്നും അദ്ദേഹം പറഞ്ഞു.


റാലിയിൽ പങ്കെടുത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ നഴ്സിംഗ് കോളജുകൾക്കുള്ള ട്രോഫി ജില്ലാ കളക്ടർ വിതരണം ചെയ്തു.
ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരംസമിതി അധ്യക്ഷൻ ആർ. അജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി മുഖ്യസന്ദേശം നൽകി. ഡെപ്യൂട്ടി ഡിഎംഒ ഡോ. സി എസ് നന്ദിനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. നിരൺ ബാബു, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ, നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ്, വിദ്യാഭ്യാസസ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ എസ് ഷമീർ, നഗരസഭാംഗം റോസിലിൻ സന്തോഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഐപ്പ് ജോസഫ്, ആർദ്രം നോഡൽ ഓഫീസർ ഡോ. അംജിത് രാജീവൻ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. എസ് സേതുലക്ഷ്മി, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. പ്രെറ്റി സഖറിയ, ടെക്നിക്കൽ അസിസ്റ്റന്റുമാരായ കെ. പി ജയകുമാർ, ഷാജു ജോൺ, പ്രോജക്ട് മാനേജർ പ്രവീൺ രാജ്, എം.ടി ദിനേശ് ബാബു, നിസി സൂസൻ സ്റ്റീഫൻ, മാസ് മീഡിയ ഓഫീസർ ടി കെ അശോക് കുമാർ, നഴ്സിംഗ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *