മഹായാഗഭൂമിയായി ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം ;

Kerala Alappuzha

നീരേറ്റുപുറം : വ്രതശുദ്ധിയിൽ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം നടന്നു.നാവിൽ നാമജപങ്ങളുടേയും വായ് കുരവകളുടേയും ദേവീസ്തുതികളുമായി ഭക്തർ നിവേദ്യം അർപ്പിച്ച് ആത്മനിർവൃതിയോട് മടങ്ങി.സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഭക്തരാണ് പൊങ്കാല സമർപ്പണത്തിനായി ഇന്നലെ മുതൽ ക്ഷേത്രത്തിൽ എത്തിയത്.ചക്കുളത്തമ്മയുടെ തൃപ്പാദങ്ങളിൽ നൈവേദ്യമായി പൊങ്കാല അർപ്പിച്ചമ്പോൾ പ്രദേശം മഹായാഗഭൂമിയായി മാറി.ചെമ്പട്ട് ചാർത്തി വർണ്ണഹാരമണിഞ്ഞ് ശ്രീലകത്ത് സർവ്വാഭരണ വിഭൂഷിതയായി വിളങ്ങി നിൽക്കുന്ന അമ്മയ്ക്ക് ഭക്തർ തയ്യാറാക്കിയ നിവേദ്യം കാണിക്കയായി അർപ്പിച്ചു.

അരിയും,കദളിപ്പഴവും, ശർക്കരയും. ഏലക്കായും, മുന്തിരിയും പൊങ്കാല നൈവേദ്യത്തിന്റെ ഭാഗങ്ങളാകുമ്പോൾ നേദ്യമധുരം പോലെ ജീവിതവും മധുരമായി തീരുമെന്നാണ് ഭക്തരുടെ വിശ്വാസം. ശരീരത്തിന്റെ പ്രതീകമായി മൺകലത്തിൽ നിവേദ്യം പാകം ചെയ്യുമ്പോൾ ചിന്തകളിലും കർമ്മത്തിലും പ്രവൃത്തിയിലും സദ് ഗുണങ്ങൾ വിളങ്ങണമേ എന്നാണ് ഭക്തരുടെ പ്രാർത്ഥന. പഞ്ചഭൂതങ്ങൾ സാക്ഷി നിർത്തിയാണ് പൊങ്കാല ചടങ്ങ് നടന്നത്. അഗ്നി, വായു, ഭൂമി, ആകാശം, ജലം എന്നിവ പൊങ്കാലയുടെ ഭാഗങ്ങളാക്കുന്നു. നേദ്യം പാകം ചെയ്യാൻ അഗ്നിയും ജലവും, അഗ്നി ജ്വലിപ്പിക്കാൻ വായുവും നേദ്യം പാകപ്പെടുത്താൻ ഭൂമിയും അതിന് മുകളിൽ ആകാശവും പഞ്ചഭൂത സങ്കൽപ്പത്തോടെ നിൽക്കുന്നുവെന്നാണ് വിശ്വാസം.

പുലർച്ചെ 4 ന് നിർമ്മാല ദർശനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും വിളിച്ചു ചൊല്ലി പ്രാർത്ഥനയ്ക്കു ശേഷം ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന പൊങ്കാല ചടങ്ങിൽ ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നും മുഖ്യ കാര്യദർശി സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി പകർന്ന തിരിയിൽ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു. ക്ഷേത്ര മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.
11 ന്  500- ൽ പരം വേദപണ്ഡിതൻമാരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിച്ചു.പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടന്നു.

ചക്കുളത്തുകാവ് പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനായി ആലപ്പുഴ, പത്തനംതിട്ട ജില്ല കളക്ടർമാരുടെ നേത്യത്വത്തിൽ വൻ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയത്.പൊങ്കാല നടന്ന തകഴി, എടത്വാ, കിടങ്ങറ, തിരുവല്ല, കാവുംഭാഗം, പൊടിയാടി തുടങ്ങിയ സ്ഥലങ്ങളിൽ ട്രാഫിക്  നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കി. ചെറുവാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് സൗകര്യം ഒരുക്കി.പൊടിയാടി ജംഗ്ഷനിൽ താൽക്കാലിക എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. പ്രധാന റോഡുകളിൽ ജീപ്പ് പെട്രോളിങും ഇടറോഡുകളിൽ ബൈക്ക് പെട്രോളിങും നടത്തി.വിവിധ ഡിപ്പോകളിൽ നിന്നും കെ.എസ്.ആർ.ടി.സി 16 സ്പെഷ്യൽ സർവീസുകൾ രാത്രിയിലുൾപ്പെടെ നടത്തി. എടത്വാ, തിരുവല്ല ഡിപ്പോയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ സെന്റർ ഉണ്ടായിയിരുന്നു. പൊങ്കാല നടന്ന ദിവസങ്ങളിൽ മദ്യഷോപ്പുകൾ അടച്ചിട്ടും വ്യാജമദ്യം തടയുന്നതിന് കർശന നടപടി സ്വീകരിച്ചും സ്പെഷ്യൽ സ്‌ക്വാഡുകളെ ഏർപ്പെടുത്തി. എടത്വാ, തലവടി, ചാത്തങ്കരി, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല ഗവ.ആശുപത്രികളൽ അടിയന്തിര ചികിത്സ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.അടിയന്തിര ഘട്ടത്തിൽ വിവിധ ഇൻഫർമേഷൻ സെന്റെറുകളിൽ 3000-ത്തിലധികം ക്ഷേത്ര വോളന്റിയേഴ്‌സ് നിർദ്ദേശങ്ങളുമായി സേവന പ്രവർത്തനങ്ങൾ നടത്തി.ഭക്തരുടെ പ്രാഥമീകാ വശ്യങ്ങൾക്കായി സ്ഥിരം സംവിധാനങ്ങൾക്കു പുറമെ താത്കാലിക ശൗചാലയങ്ങളും ഏർപ്പെടുത്തിയിരുന്നു. പോലീസ്, കെ.എസ്. ആർ.റ്റി.സി., ആരോഗ്യ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഫയർഫോഴ്‌സ്, കെ.എസ്.ഇ.ബി., ജല അതോറിറ്റി, എക്‌സൈസ്, ജല ഗതാഗതം, റവന്യു  വകുപ്പുകളുടെ സേവനം ആലപ്പുഴ-പത്തനംതിട്ട ജില്ലാ കളക്ടർ മാരുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിരുന്നു. പ്ലാസ്റ്റിക്ക് പൂർണ്ണമായി നിരോധിച്ചും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങൾ നടത്തിയത്.

വൈകിട് 5 ന്  കുട്ടനാട് എം.എൽ എ തോമസ്സ്. കെ. തോമസ്സിന്റെ അധ്യക്ഷതയിൽ സാംസ്‌കാരിക സമ്മേളനം നടക്കും. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവ്വഹിക്കും. മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ് മുഖ്യാതിഥ്യം വഹിക്കും. രാധാകൃഷണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, ഉണ്ണികൃഷ്ണൻ നമ്പൂതിരി മംഗളാരതിയും സമർപ്പിക്കും. വെസ്റ്റ് ബംഗാൾ ഗവർണ്ണർ ഡോ.സി.വി ആനന്ദബോസ് ഐ.എ.എസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകർത്തും. ജനപ്രതിനിധികൾ, സാമുദായിക-രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *