തകഴി റെയിൽവെ ഗേറ്റിൽ അറ്റകുറ്റപണി ; യാത്രക്കാർ ഉൾപ്പെടെ ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് യാത്രക്ലേശം രൂക്ഷം

Kerala Alappuzha
Print Friendly, PDF & Email

എടത്വ:  അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ തകഴി റെയിൽവേ ഗേറ്റിൽ തുടർന്ന് വരുന്ന അറ്റകുറ്റ പണികൾ മൂലം യാത്രക്കാർ വലയുകയാണ്. രണ്ട് ദിവസം മുമ്പ് അടച്ചതാണ് തകഴി റെയിൽവേ ഗേറ്റ് . ഇതു മൂലം നിരവധി യാത്രക്കാർ ആണ് ഗതാഗത കുരുക്കിൽപെടുന്നത്.

കൂടാതെ എറണാകുളം ആലപ്പുഴ ഭാഗത്ത് ഉള്ള ഭക്തർ ചക്കുളത്ത്ക്കാവിൽ പൊങ്കാലയ്ക്ക് എത്തിയിരുന്നത് അമ്പലപ്പുഴ വഴി തിരുവല്ല സംസ്ഥാന പാതയിലൂടെയാണ്.27 ന് നടക്കുന്ന പൊങ്കാലയ്ക്ക് എത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് ഇതുമൂലം ഹരിപ്പാട് വീയപുരം വഴി മാത്രമെ ഇനി എത്തുവാൻ സാധിക്കുകയുള്ളൂ. മാസങ്ങൾക്ക് മുമ്പ് പൊങ്കാലയുടെ തീയതി പ്രഖ്യാപിച്ചിരുന്നത് ആണ് . ഇന്ന് വൈകിട്ടോട് അറ്റകുറ്റ പണി പൂർത്തിയാക്കുമെന്ന് റെയിവെ അധികൃതർ അറിയിച്ചിരുന്നെങ്കിലും അതിന് വിപരീതമായി വീണ്ടും നീളുവാനാണ് സാധ്യത. ഇത് യാത്രക്കാർക്ക് കടുത്ത ക്ലേശമാണ് ഉണ്ടാക്കുന്നതെന്ന് പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.

തകഴി റെയിൽവെ ഗേറ്റിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് നിവേദനം നല്കിയിട്ടുണ്ട്. മേൽപ്പാല നിർമ്മാണത്തിന് 35 കോടി രൂപയാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇതിനായി അനുവദിക്കേണ്ടത്. കൂടാതെ സ്ഥലമെടുപ്പിന് മാത്രം 10 കോടി രൂപ വേണ്ടി വരുമെന്ന് ആർ.ബി.ഡി.സി.കെ വ്യക്തമാക്കി. വിവിധ സംഘടനകളെ ഏകോപിച്ചു കൊണ്ട് തകഴി റെയിൽവെ ക്രോസ് മേൽപ്പാലം സമ്പാദക സമിതി രൂപികരിച്ചിട്ടുള്ളതായി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.

ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ 27ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ല.തദ്ദേശസ്ഥാപനങ്ങളിലെ ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും ഓഫീസുകൾക്കും ഈ ഉത്തരവ് ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *