പത്തനംതിട്ട – സീതത്തോട് ആങ്ങമൂഴി, മൂഴിയാർ വഴി ഗവിയിലേക്കുള്ള റോഡരികുകളിൽ നിറയെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ. ഗവിയുടെ പ്രകൃതി ഭംഗി കണ്ട് ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളുടെ സംഭാവനയാണിത്. പത്തനംതിട്ടയിൽ നിന്നും സീതത്തോടുവഴി കൊച്ചാണ്ടി ചെക്ക് പോസ്റ്റിൽ എത്തുന്ന സഞ്ചാരികൾക്ക് വനം വകുപ്പ് കൃത്യമായ നിർദ്ദേശം നൽകാറുണ്ടെങ്കിലും ആരും ഇത് പാലിക്കാറില്ലെന്നുള്ളതിന്റെ തെളിവാണിത്.
കൊച്ചാണ്ടി മുതൽ ഗവി വരെയുള്ള അറുപത് കിലോമീറ്റർ പൂർണമായും ഉൾവനമാണ്. കക്കാട് ജലവൈദ്യുത പദ്ധതിയുടെ വേലുത്തോട്, മൂഴിയാർ ഡാമുകൾ കൊച്ചാണ്ടിയിൽ നിന്നും കേവലം 12 കി.മീറ്ററിനുള്ളിലാണ്. കൂടാതെ ചോരകക്കി മേഖലയിൽ നിന്നുനോക്കിയാൽ മൂഴിയാർ ശബരിഗിരി ജലവൈദ്യുത പദ്ധതിയിലേക്ക് മലമുകളിൽ നിന്നും തൂക്കായി കിടക്കുന്ന പൈപ്പ് ലൈനും കാണാം. ഈ ലുക്ക് ഔട്ട് പോയിന്റുകളിലെല്ലാം സഞ്ചാരികൾ അലക്ഷ്യമായി പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഭക്ഷണ പദാർഥങ്ങളുടെ അവശിഷ്ടങ്ങളും വലിച്ചെറിയുന്നത് പതിവാണ്. കാടു വളർന്നു നിൽക്കുന്ന ഭാഗമായതിനാൽ ഇവ ഒറ്റ നോട്ടത്തിൽ കണ്ടെത്താനും പറ്റില്ല. ഈ ഭാഗത്ത് കക്കാട്ടാറിൽ നിന്നും വെള്ളം കുടിക്കാൻ നിരവധി ആനത്താരകളുണ്ട്. ഈ വഴികളിലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കാണാം.
മൂഴിയാറിൽ നിന്നും നാൽപ്പതേക്കർ ഭാഗത്തേക്ക് വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴിയാണുള്ളത്. ഈ ഭാഗത്ത് വാഹനം നിർത്തി മൂഴിയാർ ജലസംഭരണിയുടെയും പവർ ഹൗസിന്റെയും കാഴ്ച്ച പകർത്താൻ എത്തുന്ന സഞ്ചാരികൾ വെള്ളം കുടിച്ച ശേഷം പ്ലാസ്റ്റിക്ക് കുപ്പികൾ വലിച്ചെറിയാറുണ്ട്. നാൽപ്പതേക്കറിൽ ഉള്ള കടകളിൽ നിന്നും കുടിവെള്ളവും ലഘുഭക്ഷണവും വാങ്ങുന്നവർ ഇടയ്ക്ക് വാഹനത്തിൽ ഇരുന്നുകൊണ്ട് അവ പാതയുടെ ഓരങ്ങളിൽ നിക്ഷേപിക്കാറുണ്ട്. ഇടയ്ക്ക് പെൻ സ്‌റ്റോക്ക് പൈപ്പുകളിൽ അറ്റകുറ്റപണികൾ നടത്താനായി വൈദ്യുതി ബോർഡ് നിർമ്മിച്ചിട്ടുള്ള കാട്ടുപാതകൾ പല സഞ്ചാരികളുടെയും ഇടത്താവളമാണ്. മരങ്ങൾ ഇടതൂർന്നുവളരുന്ന ഈ ഭാഗത്ത് തണുപ്പ് ഏറെയായതിനാൽ വാഹനം നിർത്തി മദ്യ സേവ നടത്തുന്ന സംഘങ്ങളും നിരവധി. ഇവരുടെ ശല്യം വർദ്ധിച്ചതിനാൽ വനം വകുപ്പും കെ.എസ്.ഇ.ബിയും സംയുക്തമായി ഈ വഴികളിൽ വേലി തീർത്ത് സഞ്ചാരം തടസപ്പെടുത്തിയിരിക്കുകയാണിപ്പോൾ.
അരണമുടിക്ക് സമീപം പെൻ സ്‌റ്റോക്ക് പൈപ്പുകൾ വരുന്ന ഭാഗത്ത് വാഹനം നിർത്തി ഭക്ഷണം കഴിക്കുന്നവർ പുൽമേടുകളിലേക്ക് കുപ്പികൾ വലിച്ചെറിയുന്നത് പതിവാണ്. കൂടാതെ കക്കി അണക്കെട്ട് പണിയുന്നതിനായി വനത്തിൽ നിന്നും പാറ പൊട്ടിച്ച് മാറ്റിയ സ്ഥലം സഞ്ചാരികളുടെ മറ്റൊരു താവളമായി അടുത്തിടെ മാറിയിട്ടുണ്ട്. ഉറക്കെ വിളിച്ചുപറഞ്ഞാൽ പാറമടയിൽ നിന്നും പ്രതിധ്വനി ഇരട്ടി ശബ്ദത്തിൽ തിരികെ എത്തുന്നത് കേൾക്കാനായിട്ടാണ് ഇവിടെ വാഹനം നിർത്തുന്നത്്. ഈ ഭാഗത്ത് റോഡ് അരികു നിറയെ പ്ലാസ്റ്റിക്ക് കുപ്പികളാണ്. ഇവിടെ മദ്യ കുപ്പികളും കുറവല്ല.
കക്കി, ആനത്തോട് അണക്കെട്ടുകളുടെ മേഖലയെല്ലാം പ്രകൃതി രമണീയമായ പുൽമേടുകളാണ്. ആനകൾ കൂട്ടമായി എത്തി പുല്ലുതിന്നുന്നത് പതിവു കാഴ്ച്ചയാണ്. മിക്ക സഞ്ചാരികളും ആനകൂട്ടത്തെ കാണാനായി വാഹനം ഈ ഭാഗത്ത് നിർത്താറുണ്ട്. ഇവിടെയും പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ചിതറി കിടക്കുന്നതു കാണാം. കൂടാതെ ഈ ഭാഗത്ത് ജലസംഭരണി വ്യാപിച്ചു കിടക്കുന്നതിനാൽ സഞ്ചാരികൾ പാതയിൽ നിന്നും ജലസംഭരണിയുടെ തീരത്ത് എത്താറുണ്ട്. ചിലർ ഇവിടെ പതി ഇരുന്ന് വെള്ളം കുടിക്കുന്നതും മദ്യപിക്കുന്നതും സാധാരണമാണ്. ഇവിടെ ചിതറി കിടക്കുന്ന മദ്യകുപ്പികളും വെള്ളകുപ്പികളും ഇതിന് തെളിവാണ്.
പുൽമേടുകളിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പലതും ആന, മ്ലാവ് എന്നിവ അകത്താക്കാനുള്ള സാധ്യതയുണ്ട്. ആനകൂട്ടം വെള്ളം കുടിക്കാനായി ജലസംഭരണികളുടെ തീരത്തെത്തുന്നതും പതിവാണ്. പാതി കഴിച്ചിട്ട് ഉപേക്ഷിക്കുന്ന പഴച്ചാർ അടങ്ങിയ കുപ്പികളും പ്ലാസ്റ്റിക്ക് കവറുകളും ആനകൾ അകത്താക്കാറുണ്ട്.
ഇടയ്ക്ക് ഇതുവഴി എത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ പുൽ മേടുകൾക്കിടയിൽ നിന്നും പ്ലാസ്റ്റിക്കുകൾ എടുത്തു മാറ്റാറുണ്ട്. പക്ഷേ അവരുടെ ദൃഷ്ടിയിൽപ്പെടുന്ന പ്ലാസ്റ്റിക്കുകൾ മാത്രമെ ഇത്തരത്തിൽ മാറ്റാറുള്ളൂ.
ജനകീയ ബോധവത്കരണം മാത്രമാണ് ഇതിന് പ്രതിവിധി. ഇടയ്ക്ക് പ്ലാസ്റ്റിക്ക് നിക്ഷേപിക്കാനുള്ള കൂടകൾ സ്ഥാപിച്ചാൽ ഒരു പരിധിവരെ പരിസര മലിനീകരണവും വനം-വന്യജീവി സംരക്ഷണവും പ്രാവർത്തീകമാക്കാൻ പറ്റും.


