തേനി : വ്യാജമാധ്യമ പ്രവർത്തകരെ നേരിടാൻ ശക്തമായ നടപടികളുമായി തേനി ജില്ലാ ഭരണകൂടം. അനധികൃതമായി പ്രസ് സ്റ്റിക്കർ പതിച്ച വാഹനങ്ങളിൽ ചുറ്റി നടന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ജില്ലാ കലക്ടർ, പൊലീസ് സൂപ്രണ്ട് എന്നിവരുടെ ഓഫീസിൽ പരാതി നൽകാൻ സംവിധാനമൊരുക്കിയതായി ജില്ലാ കലക്ടർ ആർ.വി. ഷാജിവന പറഞ്ഞു.
തേനി ജില്ലയിൽ ചിലർ മാധ്യമ പ്രവർത്തകർ ചമഞ്ഞ് സർക്കാർ ഉദ്യോഗസ്ഥർ, വാണിജ്യ സ്ഥാപനങ്ങൾ, ന്യായവില കടകൾ, ക്വാറി ഉടമകൾ, വ്യാപാരികൾ, വ്യക്തികൾ എന്നിവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായും പരാതികളുണ്ട്. ചിലർ വ്യാജ തിരിച്ചറിയൽ കാർഡ് കൈവശം വച്ച് വാഹനങ്ങളിൽ ‘ പ്രസ്’ സ്റ്റിക്കറുകൾ പതിച്ച് തട്ടിപ്പ് നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. വാട്‌സാപ്പ്, ഫേസ് ബുക്ക് ഗ്രൂപ്പുകൾ സൃഷ്ടിച്ചാണ് പലരും മാധ്യമ പ്രവർത്തകരായി നടക്കുന്നത്.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കും. വ്യക്തമായ തെളിവുകൾ സഹിതം ജില്ലാ കലക്ടറുടെ ഓഫീസ് മൊബൈൽ നമ്പർ: 94980 42443, ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് മൊബൈൽ നമ്പർ: 94981 01570 വഴി പരാതി നൽകാം.
പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
കേരളത്തിൽ നിലവിൽ ഒരേ പേരുകളോട് കൂടിയ നിരവധി മാധ്യമ പ്രവർത്തകരുടെ ഗ്രൂപ്പുകളായി സംഘടനകളാണ് പ്രവർത്തനത്തിലുള്ളത്. മാധ്യമ പ്രവർത്തകരുടെ സംഘടനകൾക്ക് വളക്കൂറുള്ള മണ്ണും കേരളമാണെന്നു പറയാം. കേന്ദ്ര സർക്കാർ മാധ്യമങ്ങളെ നിയന്ത്രിക്കാനായുള്ള നിയമങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കെ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും സംഘടനകൾ വഴി ഗ്രീവിയൻസ് കൗൺസിലിൽ രജിസ്റ്റർ ചെയ്യണം എന്ന നിയമം നിർബന്ധമാക്കിയിരിക്കുകയാണ്. പൊട്ടിയും തട്ടിയും ഗ്രൂപ്പുകളായിട്ടുള്ള പല സംഘടനകൾക്കും ഇതുവരെ കേന്ദ്ര സർക്കാർ അംഗീകാരമില്ല എന്നതാണ് സത്യം. പത്തനംതിട്ടയിൽ അടക്കം വന്നു ഹോട്ടലിൽ താമസിച്ചു മുതലാളിമാരിൽ നിന്ന് പിരിവെടുത്ത് കടന്ന മാധ്യമ സംഘടനാ വില്ലന്മാരും ഉണ്ട്. മാധ്യമ പ്രവർത്തനം എന്നത് ചിന്തിച്ചു കഥ എഴുതുന്നത് പോലെയാണെന്ന് കരുതി സ്വയം മാധ്യമ പ്രവർത്തകനാണെന്നു ഫേസ്ബുക്കിലൂടെയും, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ കൂടിയും പ്രചാരണം നടത്തുന്ന സ്വയം പുകഴ്ത്തൽ കലാകാരന്മാരും ഇപ്പോൾ സജീവമാണ് .
രാഷ്ട്രീയം കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ക്രിമിനലുകൾ ചേക്കേറുന്ന ഒരു മേഖലയാണ് മാധ്യമ പ്രവർത്തന മേഖല. വാർത്ത എഴുതാൻ പോയിട്ട് കണ്മുന്നിൽ നടക്കുന്ന കാര്യങ്ങൾ പോലും വാർത്തക്ക് ഉതകുന്നതാണല്ലോ എന്ന് പോലും ചിന്തിക്കാൻ കഴിവില്ലാത്ത മിടുക്കന്മാരാണ് സ്വയം പുകഴ്ത്തുന്നത് . ഇവരിൽ പലരും പോക്സോ കേസുകളിൽ അടക്കം പ്രതികളാണെന്നതുമാണ് വസ്തുത . മാധ്യമ പ്രവർത്തകാരാണ് എന്നുംപറഞ് പിരിക്കാൻ വരുന്നവരെ സൂക്ഷിക്കുക. !!


