വീട്ടിലെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ മോഷ്ടിച്ചു: മോഷ്ടാവിനെ ഒരു മണിക്കൂറിനകം പിടികൂടി കൊടുമൺ പൊലീസ്

Crime
Print Friendly, PDF & Email

പത്തനംതിട്ട – വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചു കൊണ്ടുപോയ പ്രതിയെ കൊടുമണ്‍ പോലീസ് പിടികൂടി. കൊടുമണ്‍ മരുതിമൂട് ഐക്കാട് കൊച്ചയ്യത്ത് വീട്ടില്‍ ബൈജു (34) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 5.30 ന് കൊടുമണ്‍ പുത്തന്‍കാവില്‍ ക്ഷേത്രത്തിനു സമീപം ശ്രീവിലാസം ശ്രീജിത്തിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ വച്ചിരുന്ന സ്‌കൂട്ടറാണ് മോഷണം പോയത്.

താക്കോല്‍ വണ്ടിയില്‍ തന്നെ ഇട്ടിരിക്കുകയായിരുന്നു. 35000 രൂപ വിലയുള്ളതാണ് സ്‌കൂട്ടര്‍. ശ്രീജിത്തിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, ഇന്നലെ വൈകിട്ട് 6.30 ന് കൊടുമണ്‍ രണ്ടാംകുറ്റിയില്‍ സംശയകരമായ സാഹചര്യത്തില്‍ സ്‌കൂട്ടറുമായി കണ്ട പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്‌റ്റേഷനിലെത്തിച്ച ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന്, ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.

അടൂര്‍ ഡി വൈ എസ് പി ആര്‍ ജയരാജിന്റെ നിര്‍ദേശപ്രകാരം, പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തില്‍ എസ് ഐ രതീഷ് കുമാര്‍, എ എസ് ഐ രാജേഷ് കുമാര്‍, സി പി ഓമാരായ സുനില്‍, ബിജു, രാജീവന്‍, അജിത് എന്നിവരാണ് ഉള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *