പത്തനംതിട്ട ജില്ലാ അറിയിപ്പുകൾ..
*മോണ്ടിസ്സോറി , പ്രീ – പ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് അപേക്ഷിക്കാം
കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഒക്ടോബറിൽ ആരംഭിക്കുന്ന രണ്ടു വർഷം , ഒരു വർഷം , ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി , പ്രീ – പ്രൈമറി, നഴ്സ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് ഡിഗ്രി/ പ്ലസ്ടു/ എസ്എസ്എൽസി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക് ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഫോൺ: 7994449314
*ഹിന്ദി ട്രെയിനിംഗിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം
കേരളസർക്കാർ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക ട്രെയിനിംഗ് കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ബിഎ ഹിന്ദി പാസായിരിക്കണം. പ്രായപരിധി 17നും 35 ഇടക്ക്ആയിരിക്കണം. പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നോക്കക്കാർക്കും സീറ്റ് സംവരണം ലഭിക്കും. ഒക്‌ടോബർ 25 ന് മുൻപായി അപേക്ഷ ലഭിക്കണം. പ്രിൻസിപ്പാൾ, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല. 04734 296496, 8547126028 ൽ ബന്ധപ്പെടുക.
*ഫെസിലിറ്റേറ്റർ നിയമനം
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വനിതാ വികസന പ്രവർത്തനങ്ങളും ജാഗ്രതാസമിതി ജെൻഡർ റിസോഴ്‌സ് സെന്റർ തുടങ്ങിയ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിമൻസ് സ്റ്റഡീസ് , ജെൻഡർ സ്റ്റഡീസ് , സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തരബിരുദമുള്ള വനിതയെ കമ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്ററായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രായം, യോഗ്യത പ്രവർത്തി പരിചയം , സ്ഥിരതാമസവിലാസം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10. കൂടുതൽ വിവരം പ്രവർത്തി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസ്, കോന്നി ഐസിഡിഎസ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും അറിയാവുന്നതാണ്.
*ജില്ലാ പഞ്ചായത്ത് വിജ്ഞാനീയം ഡിസംബറിൽ പ്രസിദ്ധീകരിക്കും
പത്തനംതിട്ട ജില്ലയുടെ ചരിത്രം, ഭൂമിശാസ്ത്രം, കല, സംസ്‌കാരം എന്നിവയെപ്പറ്റി സമഗ്രമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥം ജില്ലാ പഞ്ചായത്ത് വിജ്ഞാനീയം എന്ന പേരിൽ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിന് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. ഇതിനായി വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച ഉപദേശകസമിതി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
ഡിസംബറിൽ വിജ്ഞാനീയം പ്രസിദ്ധീകരിക്കും. എഴുമറ്റൂർ രാജരാജവർമ്മ, ഡോ. ആറന്മുള ഹരിഹരപുത്രൻ, ഡോ. വർഗീസ് ജോർജ്, ഡോ.ജോസ് പാറക്കടവിൽ, പ്രൊഫ.മാലൂർ മുരളീധരൻ, ഡോ.ബിജു, ബാബു തോമസ്, സണ്ണി മാർക്കോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.എസ്.നൈസാം എന്നിവർ പങ്കെടുത്തു. വിജ്ഞാനീയത്തിൽ ഉൾപ്പെടുത്താനുള്ള വിവരങ്ങൾ നൽകാൻ താല്പര്യമുള്ളവർ ജില്ലാ പഞ്ചായത്ത് ആഫീസിൽ രേഖാമൂലമോ നേരിട്ടോ അറിയിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഫോൺ: 9496107294.
*ധനസഹായത്തിന് അപേക്ഷിക്കാം
പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്ത് വരുന്ന മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് ധനസഹായം നൽകി വരുന്ന ബാർബർഷോപ്പ് നവീകരണത്തിനുള്ള ധനസഹായം പദ്ധതിക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ അധികരിക്കരുത്. അപേക്ഷയും അനുബന്ധ വിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0474 2914417
*ക്വട്ടേഷൻ
പത്തനംതിട്ട ജില്ല നഗരാസൂത്രണ കാര്യാലയത്തിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ വാഹനം(കാർ) വാടകയ്ക്ക് എടുക്കുന്നതിലേക്കായി താത്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 19. കൂടുതൽ വിവരങ്ങൾക്ക് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലുള്ള ജില്ലാ നഗരാസൂത്രണകാര്യാലയുമായി ബന്ധപ്പെടാവുന്നതാണ്. 0468 2222435.
*സ്‌കൂൾ കുട്ടികൾക്കായി മില്ലറ്റ് റെസിപ്പി മത്സരവും പോസ്റ്റർ പ്രദർശനവും
പത്തനംതിട്ട ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോകഭക്ഷ്യദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരവും മില്ലറ്റ് പാചക റെസിപ്പി മത്സരവും സംഘടിപ്പിക്കുന്നു. ലോക ജൂനിയർ ഭക്ഷ്യദിനമായി എഫ്.എ.ഓ .ആഹ്വാനം ചെയ്തിട്ടുള്ള ഒക്ടോബർ 19നാണ് തെള്ളിയൂർ കൃഷി വിജ്ഞാനകേന്ദ്ര ത്തിൽ വെച്ച് പരിപാടികൾ നടത്തപ്പെടുന്നത്. അന്താരാഷ്ട്ര ചെറുധാന്യവർഷം 2023 മായി ബന്ധപ്പെടുത്തി ‘ചെറുതല്ല ചെറു ധാന്യങ്ങൾ’ എന്നതാണ് പാചക മത്സരത്തിന്റെ വിഷയം. മത്സരത്തിന് തയ്യാറാക്കുന്ന ഭക്ഷ്യ വിഭവങ്ങളിൽ ചെറുധാന്യങ്ങൾ അഥവാ മില്ലറ്റ് പ്രധാന ഘടകമായിരിക്കണം. ഭക്ഷ്യവിഭവത്തിന്റെ പോഷകമൂല്യം, ഉപയോഗ സാധ്യതകൾ, അവതരണ രീതി എന്നിവയാണ് വിഭവങ്ങളുടെ മൂല്യം നിർണയത്തിന്റെ പ്രധാന മാനദണ്ഡങ്ങൾ. ലോക ഭക്ഷ്യ ദിനം 2023 സ്ലോഗൻ ആയ ‘ജലമാണ് ഭക്ഷണം, ജലമാണ് ജീവിതം’ എന്നതാണ് പോസ്റ്റർ പ്രദർശനത്തിന്റെ വിഷയം. പങ്കെടുക്കുന്നവർക്ക് ചെറുധാന്യങ്ങളുടെ മൂല്യ വർദ്ധനവിനെ കുറിച്ചുള്ള പരിശീലനവും ഉണ്ടായിരിക്കുന്നതാണ് റെസിപ്പി മത്സരത്തിലും പോസ്റ്റർ മത്സരത്തിലും പങ്കെടുക്കുന്നതിന് താല്പര്യമുള്ള വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ സ്‌കൂൾ അധികൃതർ ഒക്ടോബർ 17ന് മുൻപായി കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെട് രജിസ്റ്റർ ചെയ്യേണ്ടതാണ്.ഓരോ സ്‌കൂളിൽ നിന്നും പരമാവധി 5 കുട്ടികൾക്ക് വീതം മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഫോൺ നമ്പർ:8078572094 ഈമെയിൽ വിലാസം cardkvk@yahoo.com / kvk.Pathanamthitta@icar.gov.in
*കേരളോത്സവം
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 2023-24 കേരളോത്സവം സമാപന സമ്മേളനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. കായിക കലാ മൽസരങ്ങളിൽ വിജയിച്ചവർക്ക് സമ്മാന വിതരണം ചെയ്തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജോ പി മാത്യു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുമിത ഉദയകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി കൊച്ചുതുണ്ടിയിൽ, വാർഡംഗങ്ങളായ ബിജിലി പി ഈശോ,സാലി ഫിലിപ്പ് ഗീതു മുരളി, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.വി പ്രശാന്ത് എന്നിവർ പങ്കെടുത്തു.
*സീറ്റ് ഒഴിവ്
സി ഡിറ്റിന്റെ കമ്മ്യൂണിക്കേഷൻ കോഴ്‌സ് ഡിവിഷൻ നടത്തുന്ന ആറു മാസത്തെ ഡിപ്ലോമ കോഴ്‌സുകളായ ഡിപ്ലോമ ഇൻ മൾട്ടീമീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രാഫി എന്നീ കോഴ്‌സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട് .താല്പര്യം ഉള്ളവർ 9895788155, 8547720167 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് www.mediastudies.cdit.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
*അങ്കണവാടിവർക്കർ/ഹെൽപ്പർ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കിഴിൽ പ്രവർത്തിക്കുന്ന കോന്നി ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ സ്ഥിരംവർക്കർമാരെയും ഹെൽപ്പർമാരെയും നിയമിക്കുന്നു. 18 നും 46 നും ഇടയിൽ പ്രായമുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതകളായ ഉദേ്യാഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക കോന്നി ശിശുവികസന പദ്ധതി ഓഫീസിലും, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസിലും തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ കോന്നി ശിശുവികസന പദ്ധതി ഓഫീസിൽ നേരിട്ടോ/തപാൽ മാർഗ്ഗമോ ശിശു വികസനപദ്ധതി ആഫീസർ, ശിശുവികസന പദ്ധതി ഓഫീസ് കോന്നി, കോന്നി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, ഇളകൊളളൂർ പി.ഒ., കോന്നി, 689691. എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. അവസാന തീയതി നവംബർ 10. കൂടുതൽ വിവരങ്ങൾക്ക് 9446220488, 9447331685.
*സ്‌നേഹാരാമം ജില്ലാതല ഉദ്ഘാടനം
നാഷണൽ സർവ്വീസ് സ്‌കീമും തദ്ദേശസ്വയംഭരണവകുപ്പും സംയുക്തമായി മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന സ്‌നേഹാരാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവ്വഹിച്ചു. ഗാർബേജ് വൾണറബിൾ പോയിന്റുകൾ സൗന്ദര്യവത്കരിച്ച് സ്‌നേഹാരാമങ്ങളാക്കി മാറ്റുന്നതാണ് എൻ.എസ്.എസ് ഈ വർഷത്തെ പ്രധാന പരിപാടിയായി ഏറ്റെടുത്തിട്ടുള്ളത്. എൻ.എസ്.എസ് യൂണിറ്റുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി കൂടിയാലോചിച്ച് സ്ഥലം കണ്ടുപിടിച്ച് അവിടെ പച്ചത്തുരുത്ത്, ചുമർചിത്രം, വെർട്ടിക്കൽ ഗാർഡൻ, പാർക്ക്, വിശ്രമസംവിധാനം, പാഴ്‌വസ്തുക്കൾക്കൊണ്ടുള്ള ഇൻസ്റ്റലേഷൻ, മറ്റുള്ളവ തുടങ്ങി വോളന്റിയർമാരുടെ സർഗാത്മകത കാഴ്ചവക്കാൻ കഴിയുന്ന തരത്തിലുള്ള മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്നതാണ് പദ്ധതി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് സ്‌നേഹാരാമം പ്രവർത്തനം നടത്താൻ ഉദ്ദേശിക്കുന്ന ബസ് സ്റ്റാൻഡിന് സമീപത്തെ സ്ഥലത്താണ് ഉദ്ഘാടന പ്രവർത്തനങ്ങൾ നടന്നത്. ശുചീകരണം നടത്തിയ പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കാതോലിക്കേറ്റ്‌കോളേജ് എൻ.എസ്.എസ് വോളന്റിയർമാർ സ്‌നേഹാരാമം ഒരുക്കും.വരുംദിവസങ്ങളിൽഎൻ.എസ്.എസ്‌യൂണിറ്റിന്റെ നേതൃത്വത്തിൽ വൃത്തിയാക്കുന്ന സ്ഥലത്ത് പൂന്തോട്ടം, സൗന്ദര്യവത്കരണം, മറ്റ് പ്രവർത്തനങ്ങൾ എന്നിവ നടത്തും. തദ്ദേശസ്വയംഭരണവകുപ്പ്, എൻ.എസ്.എസ്, ശുചിത്വമിഷൻ, നവകേരളം മിഷൻ തുടങ്ങിയവർചേർന്നാണ്‌സ്‌നേഹാരാമം പ്രവർത്തനങ്ങൾ നടത്തുന്നത്.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറിഅലക്‌സ്, നഗരസഭ സെക്രട്ടറിസജിത്ത്കുമാർ, നഗരസഭ ഹെൽത്ത്‌സൂപ്പർവൈസർവിനോദ്എം.പി, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബൈജുറ്റി. പോൾ, നവകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി.അനിൽ കുമാർ, കില ആർ.ജി.എസ്.എകോ-ഓർഡിനേറ്റർ ധീരജ്എം. ദിവാകരൻ, കെ.എസ്.ഡബ്യു.എം.പി സോഷ്യൽഎക്‌സ്‌പേർട്ട് ശ്രീവിദ്യ ബാലൻ, ഫിനാൻഷ്യൽ എക്‌സപേർട്ട് വീണാവിജയൻ, പത്തനംതിട്ട കാതോലിക്കേറ്റ്‌കോളേജ് എൻ.എസ്.എസ് പ്രോഗ്രാംഓഫീസർഗോകുൽ, യുവജനനക്ഷേമബോർഡ് പ്രതിനിധികൾ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ക്ലീൻ കേരള കമ്പനി പ്രതിനിധികൾ, പത്തനംതിട്ട കാതോലിക്കേറ്റ്‌കോളേജ്‌നാഷണൽ സർവ്വീസ് സ്‌കീം വോളന്റിയർമാർഎന്നിവർ പങ്കെടുത്തു.
*വിദ്യാഭ്യാസ അവാർഡ് വിതരണം :
ജില്ലാതല ഉദ്ഘാടനം 2023 ഒക്ടോബർ 21ന്
ഹൈസ്‌കൂൾ ഹയർസെക്കണ്ടറി പരീക്ഷകളിൽ മികവാർന്ന വിജയം നേടിയ കേരള കർഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുളള വിദ്യാഭ്യാസ അവാർഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 2023 ഒക്ടോബർ 21ന് രാവിലെ 10ന് പത്തനംതിട്ട ടൗൺ ഹാളിൽ വെച്ച് സംഘടിപ്പിക്കും. അവാർഡ് വിതരണം സംബന്ധിച്ച ആലോചനായോഗം ഇന്നലെ (10ന്) ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ വെച്ച് നടന്നു. യോഗത്തിൽ കെ.എസ്.കെ.റ്റി.യു. ജില്ലാ സെക്രട്ടറി ശ്രീ. സി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ:അഖിലേഷ് കാര്യാട്ട് ഡി.കെ.റ്റി.എഫ് ജില്ലാ പ്രസിഡന്റ്, ഐയ്ക്കാട് ഉദയകുമാർ ബി.കെ.എം.യു., ജില്ലാ കമ്മറ്റിയംഗം, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീ. റ്റി.ആർ.ബിജുരാജ് എന്നിവരും മറ്റ് യൂണിയൻ നേതാക്കളും പങ്കെടുത്തു.
*വായ്പാസഹായം
കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ എന്റെ ഗ്രാമം, പി.എം.ഇ.ജി.പി എന്നീ വായ്പാ പദ്ധതികൾ പ്രകാരം സംരംഭകർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സർക്കാർ സബ്‌സിഡിയോട് കൂടി പരമാവധി 50ലക്ഷം രൂപ വരെ വായ്പ നൽകുന്നു. ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് മൊത്തം പദ്ധതി ചെലവിന്റെ 25% ശതമാനവും, പിന്നോക്ക വിഭാഗക്കാർക്കും സ്ത്രീകൾക്കും 35% ശതമാനവും, പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്കും തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കും 40% ശതമാനവും സബ്‌സിഡി ലഭിക്കുന്നതാണ്. ഉല്പാദന -സേവന മേഖലകളിൽ വ്യവസായ യൂണിറ്റുകൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ആഫീസുമായി നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.
ഫോൺ നം.: 0468 2362070. ഇ.മെയിൽ : popta@kkvib.org


