നീതി നിഷേധിക്കപ്പെടരുത് ; സമത്വത്തിനായി എല്ലാവരും ഒത്തുചേരണം – ഡെപ്യൂട്ടി സ്പീക്കർ

Pathanamthitta Kerala

അടൂർ – സാമൂഹികനീതി നിഷേധിക്കപ്പെടരുതെന്നും, സമത്വമാണ് ആവശ്യമെന്നും അതിനായി എല്ലാവരും ഒത്തുചേരണമെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2023 ന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിന്റെയും പട്ടികജാതി കുടുംബങ്ങളുടെ ഡിജിറ്റൽ ഹോം സർവേയുടേയും ജില്ലാതല ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.

പിന്നാക്ക ജാതിയിൽപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നത്. അവയെല്ലാം തന്നെ ഊർജ്ജിതമായി നടപ്പാക്കുവാനും ജനങ്ങളിലേക്ക് എത്തിക്കുവാനും കൂടുതൽ സുതാര്യമാക്കാനും എല്ലാവരും ഒരുപോലെ പരിശ്രമിക്കേണ്ടതുണ്ട്. പട്ടികജാതി പട്ടികവർഗ വിദ്യാർഥിനികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള കൂടുതൽ സംവിധാനങ്ങൾ ഉണ്ടാകണം.
രാജ്യം ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 76 വർഷം പിന്നിട്ടിട്ടും രാജ്യത്തെ പല സംസ്ഥാനങ്ങളിലും പിന്നാക്ക ജാതിയിൽപ്പെട്ടവർ ഇപ്പോഴും നിരന്തരമായി ജാതി-മത വിവേചനത്തിന്റെ പേരിൽ സമൂഹത്തിൽ അടിമപ്പെട്ടു കഴിയുകയാണ്. ഈ സ്ഥിതി മാറേണ്ടതുണ്ട്. ജാതിക്കെതിരെ നിരവധി നവോത്ഥാന പ്രസ്ഥാനങ്ങൾ പടുത്തുയർത്തിയ സംസ്ഥാനമാണ് കേരളം. ശ്രീനാരായണഗുരുവും അയ്യങ്കാളിയും വക്കം മൗലവിയും തുടങ്ങി നിരവധി നവോത്ഥാന നായകന്മാരുടെ ആശയങ്ങളെയും പ്രസ്ഥാനങ്ങളേയും പിന്തുടരുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.
ഡിജിറ്റൽ സർവേ സമയബന്ധിതമായി പൂർത്തിയാക്കി സംസ്ഥാനത്ത് ആനുകൂല്യങ്ങൾ ലഭിക്കാൻ അവശേഷിക്കുന്ന പട്ടിക ജാതി – വർഗ വിഭാഗത്തിലെ ആളുകളെ കണ്ടെത്തി സമൂഹത്തിന്റെ മുൻധാരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
ഒക്ടോബർ രണ്ടു മുതൽ 16 വരെ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഉയരാം ഒത്തുചേർന്ന് എന്ന മുദ്രാവാക്യമുയർത്തി ഐക്യദാർഢ്യ പക്ഷാചരണം ആഘോഷിക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്നു വരുന്നതിനുള്ള ആത്മവിശ്വാസം പകർന്നു നൽകുകയും അവരെ സ്വയം പര്യാപ്തതയിൽ എത്തിച്ച് കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കുവാൻ കരുത്തുള്ള ജനസമൂഹമായി മാറ്റിയെടുക്കുകയുമാണ് ലക്ഷ്യം.ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ പ്രതിഭകളെ ആദരിച്ചു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പട്ടികവർഗ വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് എം പി മണിയമ്മ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോഷൻ ജേക്കബ്, അംഗങ്ങളായ കുഞ്ഞന്നമ്മ കുഞ്ഞ്, കെ പി സന്തോഷ്, അടൂർ നഗരസഭ വാർഡ് കൗൺസിലർ അനൂപ് ചന്ദ്രശേഖർ, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗങ്ങളായ കെ രവികുമാർ, ജി രാജപ്പൻ, എൻ രാമകൃഷ്ണൻ, കെ ദാസൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ (ഐ/സി) എസ്.ദിലീപ്, ജില്ലാ പട്ടികവർഗ വികസന ഓഫീസർ എസ്.എസ് സുധീർ, പറക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി.ജി റാണി,പറക്കോട് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ പ്രവീൺ പ്രകാശ്, മുൻ കൊല്ലം ജില്ലാ പട്ടികജാതി വികസന ഓഫീസർ അഡ്വക്കേറ്റ് എൻ രവീന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *