ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് പോലീസ്, ഫയർഫോഴ്സ്, എക്‌സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആറന്മുള ഉത്തൃട്ടാതി ജലമേളയും അഷ്ടമിരോഹിണി വള്ളസദ്യയുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വള്ളംകളിയുടെ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മത്സര വള്ളംകളിയായി തന്നെ നടത്തുവാനാണ് പള്ളിയോട സേവാ സംഘം തീരുമാനിച്ചിരിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ഭക്തജന തിരക്ക് ഈ വർഷം വള്ളസദ്യാ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ഉണ്ട്. വള്ളംകളി ദിവസവും കൂടുതൽ ആളുകൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വള്ളം കളിയുമായി ബന്ധപ്പെട്ട ജില്ലയിൽ 650 ഓളം പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ ആരോഗ്യ വകുപ്പ്, ടൂറിസം, പൊതുമരാമത്ത്, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. എല്ലാ വകുപ്പുകളുടെയും നേതൃത്വത്തിൽ നടന്നിട്ടുള്ള പ്രവർത്തങ്ങളുടെ പുരോഗതി മന്ത്രി അവലോകനം ചെയ്തു. വരും ദിവസങ്ങളിൽ, പ്രത്യേകിച്ച് മഴ കുറവുള്ള സാഹചര്യത്തിൽ, എന്തെല്ലാം ക്രമീകരണങ്ങളാണ് ഒരുക്കേണ്ടതെന്നും യോഗത്തിൽ ചർച്ച ചെയ്തു.
ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ. എസ്. അയ്യർ, ജില്ലാ പോലീസ് മേധാവി അജിത് കുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ, മുൻ എംഎൽഎ എ.പത്മകുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജൻ, സെക്രട്ടറി പാർത്ഥസാരഥി ആർ. പിള്ള, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, പള്ളിയോട സേവാസംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

