കോഴഞ്ചേരി: കരക്കാരുടെ ആഹ്‌ളാദം, ആർപ്പു വിളികൾക്കിടയിൽ അലിഞ്ഞു ചേർന്നപ്പോൾ കണക്കുകൾ ഒന്നും പിഴക്കാതെ പുത്തൻ കാട്ടൂർ പള്ളിയോടം പമ്പയിൽ നീർതൊട്ടു. പ്രസിദ്ധമായ തിരുവോണ തോണി യാത്ര ആരംഭിക്കുന്ന കാട്ടൂർ കരയിലെ പള്ളിയോടത്തിനു കരുത്തായി സമീപ കരകളിലെ പള്ളിയോടങ്ങളും അണിചേർന്നു.
തിരുവോണ തോണിയുടെ ഐതിഹ്യത്തിലൂടെ പെരുമ നേടിയ കാട്ടൂർ കരയിൽ പുതിയ പള്ളിയോടമെന്നത് ഇതോടെ യാഥാർഥ്യമായി. ആറന്മുളയിലേക്കുള്ള തിരുവോണത്തോണി യാത്രക്ക് ഒപ്പം പഴക്കവും ചരിത്രവുമുള്ളതാണ് കാട്ടൂർ കര. ഇവിടെ നിന്ന് മാത്രമാണ് ഇത്തവണ പുതിയ പള്ളിയോടം നീറ്റിലിറങ്ങിയത് എന്ന പ്രത്യേകതയുമുണ്ട്.
ഉത്രാട സന്ധ്യക്ക് പുറപ്പെടുന്ന തിരുവോണത്തോണിക്ക് അകമ്പടി പോകാനായി അതിന് മുൻപ് നീറ്റിലിറക്കാനുമുള്ള കരക്കാരുടെ ആഗ്രഹം ഇതോടെ സാധ്യമായി.
2018 ലെ മഹാ പ്രളയത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചതായിരുന്നു കാട്ടൂർ പള്ളിയോടം.ഇതിനാൽ കഴിഞ്ഞ വർഷം അകമ്പടി പോകാൻ കാട്ടൂർ പള്ളിയോടം ഉണ്ടായിരുന്നില്ല. ഇത്തവണ ആ കുറവ് നികത്തി പുത്തൻ പള്ളിയോടവുമായി തന്നെ തോണിക്ക് അകമ്പടി സേവിക്കാൻ കരക്കാർക്ക് കഴിയും. കാട്ടൂർ 781-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലാണ് പുത്തൻ പള്ളിയോടമെങ്കിലും നാട്ടുകാരുടെ മുഴുവൻ സഹകരണത്തിലാണ് നിർമ്മാണം നടന്നത്.
47 കോൽ നീളവും 64 അംഗുലം ഉടമയും 19 അടി അമരപ്പൊക്കത്തിലുമാണ് പുതിയ പള്ളിയോടം മുഖ്യ ശില്പി അയിരൂർ സന്തോഷ് ആചാരിയുടെ നേതൃത്വത്തിൽ മാലിപ്പുരയിൽ ഒരുങ്ങിയത്. നിർമാണത്തിനുള്ള ആഞ്ഞിലിത്തടി ചെറുവള്ളി, കാഞ്ഞിരപ്പള്ളി, റാന്നി,മോതിരവയൽ എന്നിവിടങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. 60 ലക്ഷം രൂപയാണ് ചെലവ്. പള്ളിയോടത്തിന്റെ നീരണിയൽ കർമം പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് പി.ജി. ശശികുമാര വർമ നിർവഹിച്ചു. എൻ.എസ്.എസ് റാന്നി യൂണിയൻ പ്രസിഡന്റ് വി.ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പ്രമോദ് നാരായൺ എം.എൽ.എ. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ പള്ളിയോട ശില്പികളെ ആദരിച്ചു.തിരുവോണ തോണിക്ക് അകമ്പടി സേവിക്കുന്നതിന് പിന്നാലെ ആറന്മുള ഉതൃട്ടാതി വള്ളം കളി, അയിരൂർ, റാന്നി, പെരുച്ചാൽ ജലമേളകളിലും പങ്കെടുക്കും. ആറന്മുളയിൽ നടക്കുന്ന അഷ്ടമി രോഹിണി ജലഘോഷയാത്രയിലും പള്ളിയോടം പങ്കെടുക്കും.
What do you feel about this post?
Like
Love
Happy
Haha
Sad

