രാജ്യത്തിന്റെ 77 മത് സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി കെ. എൻ. ബാലഗോപാൽ സല്യൂട്ട് സ്വീകരിക്കും

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – രാജ്യത്തിന്റെ 77മത് സ്വാതന്ത്ര്യദിനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 15ന് ആഘോഷിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ ദേശീയ പതാക ഉയർത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. രാവിലെ എട്ടിന് ജില്ലാ സ്റ്റേഡിയത്തിലെ പരിപാടികൾ ആരംഭിക്കും.

രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിക്കും. 8.47ന് പരേഡ് കമാൻഡർ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.50ന് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ആർ. പ്രദീപ് കുമാറും 8.55 ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരും എത്തിച്ചേരും. രാവിലെ ഒൻപതിന് മുഖ്യാതിഥിയായ മന്ത്രി കെ. എൻ. ബാലഗോപാൽ എത്തുന്നതോടെ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച് ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ദേശീയ പതാക ഉയർത്തും. തുടർന്ന് യൂണിഫോമിലുള്ള എല്ലാ ഓഫീസർമാരും ദേശീയ പതാകയെ സല്യൂട്ട് ചെയ്യും.

9.10 ന് പരേഡ് കമാൻഡന്റ് എം.സി. ചന്ദ്രശേഖരൻ മുഖ്യാതിഥിക്കു മുൻപാകെ എത്തിയശേഷം മുഖ്യാതിഥി പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ പരേഡ് പരിശോധിക്കും. 9.15ന് പരേഡ് മാർച്ച് പാസ്റ്റ് ആരംഭിക്കും. 9.30 ന് മുഖ്യ അതിഥി സ്വാതന്ത്ര്യദിന സന്ദേശം നൽകും.

പോലീസിന്റെ മൂന്നും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആറും ഗൈഡ്സിന്റെ നാലും സ്‌കൗട്സിന്റെ രണ്ടും, റെഡ്ക്രോസിന്റെ നാലും, ഫയർഫോഴ്‌സിന്റെ രണ്ടും, വനം, എക്സൈസ്, എൻസിസി എന്നിവയുടെ ഒന്നു വീതം പ്ലാറ്റൂണും, ബാന്റ് സെറ്റിന്റെ മൂന്നു ടീമുകളും മാർച്ച് പാസ്റ്റിൽ അണിനിരക്കും. തുടർന്ന് സ്‌കൂൾ വിദ്യാർഥികളുടെ വർണാഭമായ സാംസ്‌കാരിക പരിപാടികളും പോലീസ് മെഡൽ വിതരണവും, സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗ്രൂപ്പുകൾക്ക് എവറോളിംഗ് സ്ഥിരം ട്രോഫികളുടെ വിതരണവും, സമ്മാനദാനവും നടക്കും.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ വീക്ഷിക്കുന്നതിന് പൊതുജനങ്ങൾ രാവിലെ 7.30ന് ജില്ലാ സ്റ്റേഡിയത്തിൽ എത്തണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അഭ്യർഥിച്ചു.എല്ലാ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാൽ അലങ്കരിക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്യണമെന്നും പൂർണമായും ഹരിത മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കണം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കേണ്ടതെന്നും കളക്ടർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *