ചെങ്ങന്നൂർ: ജില്ലാ ആശുപത്രിയിൽ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ഹോം ഗാർഡിനെയും പോലീസിനെയും മർദ്ദിക്കുകയും കത്രിക എടുത്ത് ആക്രമിക്കാനും ശ്രമിച്ച നാല് യുവാക്കൾ അറസ്റ്റിൽ. കോട്ടയം മാടപ്പള്ളി പത്തിച്ചിറ കോളനി ഭാഗത്ത് പെരുമ്പനച്ചി പാണാട്ടിൽ വീട്ടിൽ ബിപിൻ (23), തിരുവല്ല കാവുംഭാഗം ആലുംതുരുത്തി വാമനപുരം കൊട്ടാരം ചിറയിൽ ജോൺസൺ (20), കാവുംഭാഗം പെരുംതുരുത്തി നടുവിലേത്തറ അഖിൽ ബാബു (24), കാവുംഭാഗം പെരുന്തുരുത്തി താഴ്ച്ചത്തറയിൽ അജു പോൾ (22) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം.
അജു പോളിന്റെ മാതൃസഹോദരിയുടെ ഭർത്താവിന്റെ സംസ്‌കാരച്ചടങ്ങിന് പൂമല ചെട്ടിയാംമോടിയിൽ എത്തിയ കൂട്ടുകാരായ ബിപിനും ജോൺസണും മരണവീട്ടിൽ വച്ച് പരസ്പരം നടത്തിയ അടിപിടിയിൽ ഉണ്ടായ പരിക്കിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയായിരുന്നു. ഇവരുടെ ശരീരത്തിലെ പരിക്കുകൾ നോക്കുന്നതിനിടയിൽ വിവരം പോലീസിൽ അറിയക്കരുത് എന്ന് ആവശ്യപ്പെട്ട് തർക്കിക്കുകയും അസഭ്യം വിളിക്കുകയും ഡോക്ടറെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് നാലുപേരും ചേർന്ന് ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരെയും മറ്റ് ജീവനക്കാരെയും പോലീസുകാരേയും അസഭ്യം വിളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് ആശുപത്രിയിലെ കാഷ്വാലിറ്റി ഡ്രസിംഗ് റൂമിൽ നിന്നും ബിപിൻ കത്രികയെടുത്ത് ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും നേർക്ക് വീശുകയായിരുന്നു.
വിവരമറിഞ്ഞ് സ്റ്റേഷനിൽ നിന്നെത്തിയ കൂടുതൽ പോലീസുകാർ ഇവരെ കീഴ്പെടുത്തി കസ്റ്റഡിയിലെടുത്തു. ആരോഗ്യപ്രവർത്തകർക്കും ആശുപത്രിക്കും എതിരായ അതിക്രമങ്ങൾ നടത്തിയതിനും ആശുപത്രി ജീവനക്കാർക്കെതിരെ വധശ്രമം നടത്തിയതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ പോലീസ് എസ്.എച്ച്.ഒ. എ.സി വിപിൻ, എസ്.ഐമാരായ വി.എസ് ശ്രീജിത്ത്, ശ്രീകുമാർ, ജി.ആർ ഗോപാലകൃഷ്ണൻ, സിപിഒമാരായ മനോജ്, അഷറഫ്, ജിജോ സാം, സൂരജ് കിരൺ, രാഹുൽ എന്നിവരുടെ സംഘമാണ് പ്രതികളെ കീഴ്പെടുത്തി കസ്റ്റഡിയിലെടുത്തത്.
What do you feel about this post?
Like
Love
Happy
Haha
Sad

