ദ്രോഹിച്ചതല്ല പോലും ; അപകടം ഒഴിവാക്കിയതാണെന്ന് !!

Kerala Eranakulam

കോതമംഗലം : വാഴയില ലൈനിൽ മുട്ടിയെന്ന പേരിൽ നൂറുകണക്കിന് കുലച്ചുനിന്ന വാഴകൾ വെട്ടിനിരത്തി കെ.എസ്.ഇ.ബി. വാരപ്പെട്ടിയിൽ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയിൽ കൃഷി ചെയ്തിരുന്ന 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാർ വെട്ടിനശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.

വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒൻപത് മാസം പ്രായമായ കുലവാഴകളാണിത്. ദിവസങ്ങൾക്കകം വെട്ടി വിൽക്കാനാവുംവിധം മൂപ്പെത്തുന്ന കുലകളാണ് ഉപയോഗശൂന്യമായതെന്ന് തോമസിന്റെ മകൻ അനീഷ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാർ വാഴകൾ വെട്ടിയതെന്ന് അനീഷ് വ്യക്തമാക്കി. രണ്ടര ഏക്കറിൽ 1600 ഏത്തവാഴകളാണുള്ളത്. ഇതിൽ അര ഏക്കറിലെ വാഴകളാണ് വെട്ടിനശിപ്പിച്ചത്.

സംഭവദിവസം ഒരു വാഴയുടെ ഇല ലൈനിൽ മുട്ടി കത്തിനശിച്ചിരുന്നു. ഇതേ തുടർന്നാണ് അധികൃതർ എത്തി വാഴ വെട്ടിയതെന്ന് പറയുന്നു. ഈ ഭാഗത്ത് ടവർ ലൈൻ താഴ്ന്നാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്. രണ്ട് ടവറുകൾക്കിടയിൽ അകലം കൂടുതലായതു മൂലം ലൈനുകളിൽ ഒന്ന് താഴ്ന്നിരിക്കുന്നതാണ് വാഴയിലയിൽ മുട്ടാൻ കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.

അപകടം ഒഴിവാക്കാനാണ് വാഴ വെട്ടിയതെന്നും കർഷകനെ ദ്രോഹിക്കാൻ ചെയ്തതല്ലെന്നും മൂലമറ്റം കെ.എസ്.ഇ.ബി. ലൈൻ മെയിന്റൻസ് വിഭാഗം അധികൃതർ പറഞ്ഞു.

കൃഷി നശിപ്പിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരത എന്ന് കൃഷി മന്ത്രി അഭിപ്രായപ്പെട്ടു .

വാരപ്പെട്ടി പഞ്ചായത്തിലെ തോമസ് എന്ന കർഷകന്റെ വാഴകൾ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ചത് അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. കർഷകന്റെ വിയർപ്പിന് വില നൽകാതെ അവന്റെ വിളകളെ വെട്ടിനശിപ്പിച്ചത് തീർത്തും ക്രൂരതയാണ്. ഈ സ്ഥലത്ത് വാഴക്കൃഷി ചെയ്യാൻ പാടില്ലായെങ്കിൽ നേരത്തേ തന്നെ കെ.എസ്.ഇ.ബി. ഇടപെടേണ്ടതായിരുന്നു. വാഴ കുലച്ച് കുലകൾ വിൽക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കർഷകന്റെ അദ്ധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല – അദ്ദേഹം അറിയിച്ചു.
അന്വേഷിക്കാൻ നിർദേശം നല്കിയിട്ടുണ്ടന്നും ; ശേഷം നടപടി എന്നും – വൈദ്യുതി മന്ത്രിയും പറഞ്ഞു

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *