പത്തനംതിട്ട – ഓണത്തിന് ആഴ്ചകൾ മാത്രം അവശേഷിക്കെ ഏത്തക്ക വിലയും, ഉപ്പേരി വിലയും ഒക്കെ കുതിക്കുകയാണ്. ഒരാഴ്ചകൂടി കഴിയുന്നതോടെ ഇനിയും വില കൂടാനാണ് സാദ്ധ്യത. ഉപ്പേരി ഇനങ്ങൾക്ക് ഒറ്റയാഴ്ചയിൽ 150 രൂപവരെ വിലയേറി. കായ വറുത്തത് 470, ശർക്കര വരട്ടി, നുറുക്ക് ഉപ്പേരി 500 നുമാണ് ചില്ലറ വില്പന. കഴിഞ്ഞയാഴ്ച വരെ ഉപ്പേരിയും ശർക്കര വരട്ടിയും 300- 350 രൂപയ്ക്കും നുറുക്ക് 350- 375 രൂപയ്ക്കും വിറ്റതാണ്. ഇനിയും വില ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ഏത്തക്കായ വില ഒറ്റയടിയ്ക്ക് 20 രൂപ വരെ കൂടിയതാണ് പ്രശ്‌നം. നാടൻ കായ കിട്ടാനേയില്ല , പുറത്തു നിന്നുള്ള വരവും കൃത്യമായി എത്തുന്നില്ല. മാർക്കറ്റുകളിലും ഇപ്പോളെ ഏത്തക്കായയ്ക്ക് ക്ഷാമമാണ്.
സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കും ബോണസ് കിട്ടുന്നതോടെ വിപണിയിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ബേക്കറികൾക്ക് പുറമേ നാട്ടിൻപുറങ്ങളിൽ കുടിൽ വ്യവസായമായും ഉപ്പേരി നിർമ്മിച്ച് വില്പനയുണ്ട്. ബോണസും, പെൻഷനുമൊക്കെ ഇത്തവണ ഓണവിഭവങ്ങൾ വാങ്ങാൻ പോലും തികയില്ല. ചുരുക്കിപ്പറഞ്ഞാൽ കാണാം വിറ്റാലും ഇത്തവണ ഓണം ഉണ്ണാൻ തികയില്ല എന്നതാണ് അവസ്ഥ .


