പത്തനംതിട്ട – കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ മാതൃകയിൽ അയിരൂർ കഥകളി ഗ്രാമത്തിൽ തെക്കൻ കലാമണ്ഡലം സ്ഥാപിക്കുന്നതിനുള്ള സർവ്വേ നടപടികൾ തുടങ്ങി. പ്രമോദ് നാരായൺ എം.എൽ.എ.വിഷയം നിയമ സഭയിൽ അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അയിരൂർ കഥകളി ഗ്രാമത്തിൽ തെക്കൻ കലാമണ്ഡലം രൂപീകരിക്കുന്നതിന് സംസ്ഥാന സർക്കാർ ബജറ്റിൽ വകയിരുത്തി പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
അയിരൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ പ്രവർത്തനം നിലച്ച ശ്രീമൂലപുരം ഗവ.എൽ.പി.സ്ക്കൂൾ കെട്ടിടവും സ്ഥലവുമാണ് നിർദ്ദിഷ്ട പദ്ധതിക്ക് ഉപയോഗിക്കുന്നത്.ഗ്രാമപഞ്ചായത്ത് സർക്കാരിൽ നൽകിയ നിവേദനത്തെത്തുടർന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശാനുസരണം താലൂക്ക് സർവ്വേ ഓഫീസർ സ്ഥലം അളന്ന് തിട്ടപ്പെടുത്തി.
കഥകളി, തുള്ളൽ,നൃത്തം,ചെണ്ട,മദ്ദളം തുടങ്ങിയ ശാസ്ത്രീയ കലാരൂപങ്ങളോടൊപ്പം പടയണി,വഞ്ചിപ്പാട്ട്,മാർഗ്ഗം കളി,തിരുവാതിര,ഒപ്പന തുടങ്ങിയ അനുഷ്ഠാന കലകളും തെക്കൻ കലാമണ്ഡലത്തിൽ പരിശീലിപ്പിക്കും.കലാപ്രതിഭയുള്ള കുട്ടികളെ കണ്ടെത്തി സൌജന്യ കലാപരിശീലനം നൽകും.പഞ്ചായത്ത് പദ്ധതിരേഖയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിക്കുന്നതോടെ പ്രോജറ്റ് യാഥാർത്ഥ്യമാവുമെന്ന് പ്രസിഡൻറ് അമ്പിളി പ്രഭാകരൻ നായരും വാർഡംഗവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സനുമായ സാംകുട്ടി അയ്യക്കാവിലും അറിയിച്ചു.


