അയിരൂർ കഥകളി ഗ്രാമത്തിൽ ഉഴിച്ചിലും ചൊല്ലിയാട്ടവും 24 നു തുടങ്ങും

Kerala Music Pathanamthitta

പത്തനംതിട്ട – കഥകളി കലാകാരന്മാർ കർക്കിടക മാസത്തിൽ നടത്താറുള്ള ഉഴിച്ചിൽ കളരി അയിരൂർ കഥകളി ഗ്രാമത്തിലെ നാട്യഭാരതി കഥകളി സെന്ററിൽ ജൂലൈ 24 മുതൽ ആരംഭിക്കും. ജില്ലാ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉഴിച്ചിൽ കളരിക്ക് പ്രശസ്ത കഥകളി നടൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാൻ നേതൃത്വം നൽകും.

പുലർച്ചെ നാലുമണി മുതൽ കണ്ണുസാധകത്തോടെയാണ് അഭ്യാസമുറകൾ ആരംഭിക്കുന്നത്. പശുവിൻ നെയ്യ് കണ്ണിലെഴുതിയാണ് കണ്ണുസാധകം നടത്തുന്നത്. കണ്ണുകൾ ഏഴുവിധത്തിൽ ആയാസ രഹിതമായി ചലിപ്പിക്കുന്നതാണ് കണ്ണുസാധകത്തിൽ എടുക്കുന്നത്. കണ്ണുസാധകം കഴിയുന്നതോടെ വെൺമിഴി വലുതാകുകയും, കരിമിഴി ചെറുതാകുകയും ചെയ്യും. രാസസഫൂർത്തി വരുത്തുന്നതിനായി ചുണ്ടപ്പൂവ് കണ്ണിലിട്ടു ചുവപ്പിക്കുകയും ചെയ്യും.

കണ്ണുസാധകത്തിനു ശേഷം കച്ചകെട്ടി മെയ്യുറപ്പടവ് എടുക്കും. മെഴുക്കിട്ട ചാട്ടത്തോടെയാണ് മെയ്യുറപ്പടവ് തുടങ്ങുന്നത്. എള്ളെണ്ണ, വേപ്പെണ്ണ, ആവണക്കെണ്ണ, ഇവയിൽ പൂവത്തും കോലരക്കും ഇട്ടു കാച്ചി എടുക്കുന്ന മുക്കൂട്ട് തൈലത്തിനാണ് മെഴുക്ക് എന്ന് പറയുന്നത്. വയറും, മുഖവുമൊഴികെ ശരീരമാസകലം ഈ എണ്ണ തേക്കും. തുടർന്ന് പലവിധത്തിലുള്ള ചാട്ടങ്ങൾ അഭ്യസിക്കും. വൃത്താകൃതിയിൽ ഇരുപത്തിയഞ്ചു ചാട്ടം വീതം നാലുവട്ടം ചെയ്യണം. ഇതോടൊപ്പം നമസ്കാര പഞ്ചകം എന്നറിയപ്പെടുന്ന അഞ്ചു കുമ്പിടീലും അഭ്യസിക്കും.

തുടർന്ന് കഠിന പരിശീലന മുറകളായ കരണം മറിച്ചിൽ, കുത്തുകാൽ, പരുന്തുകാൽ, ചുമർക്കിടൽ, സൂചിക്കിരുത്തൽ, എന്നിവ അഭ്യസിക്കും. ധി..ത്ത..ത..ത്ത.. എന്ന വായ്ത്താരി ചൊല്ലി ചെമ്പട നാലുകാലത്തിൽ കാൽസാധകവും ഇരട്ടിവട്ടവും അഭ്യസിക്കും. മെയ്യുറപ്പടവിനു ശേഷമാണ് ഉഴിച്ചിൽ തുടങ്ങുക. ഉഴിയാനുള്ള വിദ്യാർത്ഥി കച്ചകെട്ടിയ ശേഷം നിലത്തു വിരിച്ചിരിക്കുന്ന പായയിൽ മുട്ടുകൾക്കിടയിൽ തെരികവെച്ചു നാഭിപ്രദേശം നിലംതൊടുമാറ് കിടക്കണം. മുകളിൽ ഉറപ്പിച്ചിരിക്കുന്ന ദണ്ഡിൽ പിടിച്ചുകൊണ്ടു ആശാൻ ഉള്ളംകാലുകൊണ്ടു ഉഴിച്ചിൽ ആരംഭിക്കും. വലതുകാൽ കൊണ്ട് ശരീരഭാഗങ്ങൾ ഉഴിഞ്ഞ ശേഷം അരക്കെട്ടിൽ കയറി നിന്നുകൊണ്ട് ഓരോകാലുകൊണ്ടും ഉഴിയും. മുഖം കൈകൊണ്ടാണ് ഉഴിയുന്നത്.

ഉഴിച്ചിൽ കഴിഞ്ഞു ചൊല്ലിയാട്ടം തുടങ്ങുകയായി. കഥകളി വേഷമില്ലാതെ വാദ്യമേളങ്ങളുടെ സഹായത്തോടെ നടത്തുന്ന പദാഭിനയത്തിനാണ് ചൊല്ലിയാട്ടം എന്ന് പറയുന്നത്. കോട്ടയത്തു തമ്പുരാന്റെ നാല് ആട്ടക്കഥകളാണ് ചൊല്ലിയാട്ടത്തിനു എടുക്കുന്നത്. താപസകുല തിലകാ ( ബകവധം ) ബാലേ കേൾ നീ ( കിർമ്മീരവധം ) പാഞ്ചാല രാജ തനയാ ( കല്യാണസൗഗന്ധികം ) സലജ്ജോഹം ( കാലകേയവധം ) എന്നീ പദങ്ങളാണ് ചൊല്ലിയാട്ടത്തിനു തിരഞ്ഞെടുക്കുന്നത്. കൂടാതെ സ്ത്രീകഥാപാത്രങ്ങളായ ലളിത, ഉർവ്വശി ഇവരുടെ പാദങ്ങളും ഇടത്തരം വേഷങ്ങളുടെ പാദങ്ങളും ചൊല്ലിയയാടിക്കും .

അയിരൂർ കഥകളി ഗ്രാമം പ്രസിഡന്റ് ശ്രീ. വിഎൻ ഉണ്ണി, വർക്കിംഗ് പ്രസിഡന്റ് ശ്രീ. ടിആർ ഹരികൃഷ്ണൻ, സെക്രട്ടറി ശ്രീ. വിആർ വിമൽരാജ്, ട്രഷറർ ശ്രീ. സഖറിയാ മാത്യു എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *