കുമ്പനാട് – ഉമ്മൻ ചാണ്ടിയുമായി ഇടപെടുന്നവരിൽ ഭൂരിപക്ഷം ആളുകൾക്കും അദ്ദേഹം വളരെ പ്രിയപ്പെട്ട നേതാവായി മാറുകയാണ്. ആതിൽ വലിപ്പച്ചെറുപ്പമോ പ്രായമോ ഘടകമല്ല. ഇങ്ങനെ ഉമ്മൻ ചാണ്ടിയുമായി കാൽനൂറ്റാണ്ട് കാലത്തെ അടുത്ത സ്‌നേഹ ബന്ധം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് കുമ്പനാട് സ്വദേശി സുബിൻ നീറുംപ്ലാക്കൽ.
സ്‌കൂൾ പഠനത്തിന് ശേഷം ഉപരി പഠനത്തിന് പോകാൻ നിൽക്കുന്ന സമയത്താണ് തന്റെ നാട്ടിലെ ഒരാളുടെ ചികിത്സയ്ക്ക് വേണ്ട സഹായം നൽകണമെന്ന ആവശ്യത്തിനാണ് ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി വീട്ടിൽ ചെല്ലുന്നത്. ആൾക്കൂട്ടം കണ്ട് പുറത്ത് മാറി നിന്ന സുബിൻെ്‌റ അവസ്ഥ തിരക്ക് ഒഴിഞ്ഞിട്ട് കാശിക്ക് പോകാമെന്ന് കരുതിയത് പോലെയായി. തിരക്ക് ഒഴിഞ്ഞിട്ട് ഉമ്മൻ ചാണ്ടിയെ കാണാമെന്ന് കരുതിയ സുബിന് കാര്യം അവതരിപ്പിക്കാനും സാധിച്ചില്ല. തിരുവനന്തപുരത്തേക്ക് പുറപ്പെടാൻ ആൾക്കൂട്ടത്തിന്റെ നടുവിലൂടെ കാറിൽ കയറിയ ഉമ്മൻ ചാണ്ടിയുടെ അടുത്ത് ചെന്ന് ആ ചെറുപ്പക്കാരൻ തന്റെ കാര്യം പറഞ്ഞു.
ആവശ്യം പറഞ്ഞപ്പോൾ കാറിൽ കയറാൻ പറഞ്ഞ ഉമ്മൻ ചാണ്ടി യാത്രയിൽ വേണ്ട കാര്യങ്ങൾ ചെയ്തു. ഒരു സാധു കുടുംബത്തിന്റെ ആവശ്യത്തിന് വേണ്ടി തന്നെ കാണാൻ വന്ന സുബിൻ നടത്തിയ ഇടപെടൽ ഉമ്മൻ ചാണ്ടിക്കും ഇഷ്ടമായി. ഏതു കാര്യത്തിനും തന്നെ വിളിക്കണമെന്ന് പറഞ്ഞ് സുബിനെ കുമ്പനാട്ടുള്ള വീട്ടിൽ ഇറക്കിയതിന് ശേഷമാണ് പോയത്. പിന്നിട് ഇങ്ങോട്ട് പകലോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് വിളികളും ശിപാർശകളുമായി ആ ചെറുപ്പക്കാരൻ ഉമ്മൻ ചാണ്ടിയെ കണ്ടു. കൂടുതലും ചികിത്സാ സഹായമാണ്. ഒരിക്കൽ പോലും സ്വന്തം കാര്യത്തിന് ഉമ്മൻ ചാണ്ടിയെ സമീപിച്ചിട്ടില്ല. ഏതു സമയത്തും എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ വിളിക്കാനോ കാണാനോ ഉള്ള സ്വാതന്ത്ര്യവും സുബിനുണ്ടായിരുന്നു.
അനേകം ആളുകളുടെ പരാതികളും ചികിത്സാ സഹായവും സുബിൻ ഉമ്മൻ ചാണ്ടിക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്. സഹായം വേണ്ട ആളുകളുടെ അപേക്ഷയുമായി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അടുത്ത് ചെല്ലുന്ന സുബിൻ അനുവദിക്കേണ്ട തുക പോലും എഴുതിയതിന് ശേഷമാണ് അദ്ദേഹത്തെ കൊണ്ട് ഒപ്പ് ഇടുവിക്കുന്നത്. അത്ര മാത്രം സ്വാതന്ത്ര്യവും വിശ്വാസവും ഉമ്മൻ ചാണ്ടിയിൽ സുബിനുണ്ടായിരുന്നു. നഴ്‌സിങ് വിദ്യാർഥിയായ വടശേരിക്കര സ്വദേശിനിയെ മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും തട്ടിക്കൊണ്ട് പോയത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രാത്രി ഒന്നര മണിക്ക് വിളിച്ചുണർത്തിയാണ് സുബിൻ അറിയിച്ചത്.
അവസരോചിതമായ ഇടപെടൽ മൂലം ഉത്തർപ്രദേശ് അതിർത്തിയിൽ നിന്നും പെൺകുട്ടിയെ പോലീസ് കണ്ടെത്തി. കോവിഡ് നിയന്ത്രണം കർശനമായ സമയത്ത് ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ മൂലം വെല്ലൂർ സിഎംസി മെഡിക്കൽ കോളേജിൽ ജനിച്ച നാല് ദിവസം മാത്രം പ്രായമുള്ള ആറന്മുള സ്വദേശിയായ കുട്ടിയെ ഒൻപത് മണിക്കൂർ കൊണ്ട് റോഡ് മാർഗം എത്തിക്കുന്നതിന് വേണ്ട ക്രമീകരണം ചെയ്തു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഉമ്മൻ ചാണ്ടി തമിഴ്‌നാട് ആരോഗ്യ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ വിളിച്ച് വേണ്ട ക്രമീകരണം ചെയ്യുകയും രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്നാണ് നിർദേശം നൽകിയത്. ഒരുപക്ഷെ ഇത്ര അധികം അടുപ്പവും സ്വാധീനവും ഉണ്ടായിട്ടും സുബിൻ നീറുംപ്ലാക്കൽ സ്വന്തമായി ഒരു ആവശ്യവും പറയാത്തതിലുള്ള പരിഭവം ഉമ്മൻ ചാണ്ടിക്കുമുണ്ടായിരുന്നു.
ഉമ്മൻ ചാണ്ടിയോടുള്ള ഇഷ്ടക്കൂടുതൽ മൂലം പുതുപ്പള്ളിക്കാരിയെയാണ് സുബിൻ വിവാഹം കഴിച്ചത്. പ്രിയ നേതാവിന്റെ ആകസ്മിക മരണം മൂലം മാർത്തോമ്മാ സഭ നിരണം മാരാമൺ ഭദ്രാസന ട്രഷറർ സ്ഥാനാർത്ഥി കൂടിയായ സുബിൻ നീറുംപ്ലാക്കൽ എല്ലാ തെരഞ്ഞെടുപ്പ് പ്രചരണവും നിർത്തി വെച്ച് കുടുംബമായി പുതുപള്ളിയിൽ എത്തിയിരിക്കുകയാണ്. സുബിന്റെ ജന്മദിനമായ അതെ ദിവസം തന്നെയാണ് തന്റെ നേതാവിന്റെ ആകസ്മികമായ വിയോഗവും.


