ലക്ഷങ്ങൾ വിലയുള്ള മീൻ മോഷണം ; അടൂരിൽ മൂന്നു പേർ അറസ്റ്റിൽ

Crime
Print Friendly, PDF & Email

അടൂർ: ഫിഷ് സ്റ്റാളിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽ ലക്ഷത്തോളം രൂപ വില വരുന്ന മത്സ്യം മോഷ്ടിച്ചു കടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. പന്നിവിഴ പുലികണ്ണാൽ വീട്ടിൽ ശ്രീജിത്ത് (40), കണ്ണംകോട് ചാവടി തെക്കേതിൽ മണി എന്നു വിളിക്കുന്ന അനിൽകുമാർ(43), പന്നിവിഴ മംഗലത്ത് വീട്ടിൽ വിഷ്ണു (29) എന്നിവരാണ് അറസ്റ്റിലായത്.

അടൂർ-തട്ട റോഡിൽ മുൻസിപ്പാലിറ്റി വക മാർക്കറ്റിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കണ്ണങ്കോട് കൊച്ചയ്യത്ത് നസറുദ്ദീൻ റാവുത്തറുടെ സെൻട്രൽ ഫിഷ് സ്റ്റാളിൽ നിന്നും നെയ് മീൻ, വറ്റ, കണ്ണടി വറ്റ, കേര എന്എന്നിവയാണ് മോഷ്ടിച്ചത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: നാസറുദ്ദീൻ വാടകയ്ക്ക് കടമുറി എടുത്ത് വർഷങ്ങളായി പച്ചമീൻ കച്ചവടം നടത്തി വരികെയാണ്. ഇവിടെ നിന്ന് 12 ന് പുലർച്ചെയാണ് മത്സ്യം മോഷ്ടിച്ചത്. പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും കാമറകൾ പരിശോധിച്ച് സംശയമുള്ള വാഹനങ്ങൾ വെരിഫൈ ചെയ്തു. പ്രതികൾ മത്സ്യം കടത്തിക്കൊണ്ടു പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷ തിരിച്ചറിഞ്ഞു. അങ്ങനെ ശ്രീജിത്തിനെയും അനിലിനെയും കസ്റ്റഡിയിൽ എടുത്തു. ഇവർ പിടിയിലായ വിവരം അറിഞ്ഞ് മുങ്ങിയ വിഷ്ണുവിനെ ഇന്നലെ രാത്രിയോടെ ഇളമണ്ണൂരിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ശ്രീജിത്തും, അനിലും അടൂർ സ്‌റ്റേഷനിലെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. ഡിവൈ.എസ്.പി ആർ ജയരാജിന്റെ നിർദ്ദേശപ്രകാരം പോലീസ് ഇൻസ്‌പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ എം. മനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് ആർ. കുറുപ്പ്, ശ്യാം കുമാർ, അനസ് അലി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൽസ്യം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം പൊലീസ് കോടതിക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *