പത്തനംതിട്ട – ഇടവിട്ടുള്ള മഴ കൊതുകുജന്യരോഗങ്ങൾ വർധിക്കുന്നതിനും വ്യാപിക്കുന്നതിനും കാരണമാകുന്നതിനാൽ ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടനശീകരണ പ്രവർത്തനമായ ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.എൽ അനിതകുമാരി അറിയിച്ചു. ഡെങ്കിപ്പനി ചിക്കൻഗുനിയ, മലമ്പനി, മന്ത് തുടങ്ങിയവ കൊതുകുജന്യ രോഗങ്ങളാണ്. ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആയതിനാൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനമായ ഡ്രൈ ഡേ വിദ്യാഭ്യാസസ്ഥാപനങ്ങൾ വെള്ളിയാഴ്ചകളിലും , സ്ഥാപനങ്ങളും, പൊതുസ്ഥലങ്ങളും ശനിയാഴ്ചകളിലും വീടുകളിൽ ഞായറാഴ്ചകളിലും നടത്തണമെന്ന് ഡി എം ഒ അറിയിച്ചു.
വീടിനുള്ളിലും, വീടിന് പുറത്തും സ്ഥാപനങ്ങളിലും, പൊതുസ്ഥലങ്ങളിലും, തോട്ടങ്ങളിലും കൊതുക് പെരുകാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളിലും ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നതാണ് ഡ്രൈ ഡേ ആചരിക്കുന്നതു കൊണ്ട് ലക്ഷ്യമാക്കുന്നത്. വീടിനുള്ളിൽ പൂച്ചട്ടികൾക്ക് താഴെ വെള്ളം കെട്ടി നിൽക്കുന്ന പാത്രങ്ങളിലും, ഫ്രിഡ്ജിന് അടിയിൽ വെള്ളം നിൽക്കുന്ന ട്രേയിലും വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന പാത്രങ്ങളിലും, കൊതുക് മുട്ടയിട്ട് വളരുന്നതിനുള്ള സാധ്യതയുണ്ട്. ഫ്രിഡ്ജിന്റെ ട്രേ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കുക. വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന പാത്രങ്ങളും ടാങ്കുകളും കൊതുക് കടക്കാത്ത വിധം ഭദ്രമായി അടച്ച് സൂക്ഷിക്കുക.
വീട്ടുമുറ്റത്തും പുരയിടത്തും ഉപേക്ഷിച്ച പാത്രങ്ങൾ, തൊണ്ട്, ടയർ, പ്ലാസ്റ്റിക്ക് കുപ്പികൾ, മുട്ടത്തോട്, റബർ മരങ്ങളിൽ വച്ചിട്ടുളള ചിരട്ടകൾ, വീണുകിടക്കുന്ന കമുകിന്റെ പാളകൾ, മാർക്കറ്റുകളിൽ മത്‌സ്യം സൂക്ഷിക്കുന്ന പെട്ടികൾ തുടങ്ങിയവയിൽ കെട്ടി നിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ, വെള്ളം കെട്ടിനിൽക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക. വീടിന്റെ ടെറസ്, സൺ ഷെയ്ഡുകൾ, പരിസരം എന്നിവിടങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കി കളയുകയും പാഴ് വസ്തുക്കൾ സംസ്‌കരിക്കുകയും ചെയ്യുക.
കൊതുകുകൾ വളരുന്നതിനുള്ള ഉറവിടങ്ങൾ കുറയ്ക്കുന്നതിനും കൊതുക് ജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനും ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കണമെന്നും, കൊതുകിന്റെ ഉറവിടനശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കുവാൻ സഹകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

