കെയുഡബ്ല്യുജെ പത്തനംതിട്ട ജില്ലാ ഘടകത്തിന് അഭിമാനം
പത്തനംതിട്ട: ഷാജൻ സ്കറിയ കേസിൽ പോലീസ് നടപടി നേരിട്ട കെയുഡബ്ല്യുജെ പത്തനംതിട്ട ജില്ല എക്സി. അംഗം ജി വിശാഖൻ്റെ ഹർജിയിൽ അനുകൂലമായി ഉണ്ടായ ഹൈകോടതി വിധി കെയുഡബ്ല്യുജെ പത്തനംതിട്ട ജില്ല ഘടകത്തിൻ്റെ കൂടി വിജയമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രതിയല്ലാത്ത വിശാഖൻ്റെ വീട്ടിൽ നടത്തിയ പോലീസ് പരിശോധനയിലും ഫോൺ പിടിച്ചെടുത്തതിലും ശക്തമായ പ്രതിഷേധമാണ് ജില്ലാ കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പോലീസ് നടപടി ഉണ്ടായ സമയം മുതൽ ഐക്യദാർഢ്യവുമായി വിശാഖന് ഒപ്പം നിൽക്കുകയും പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു. കോടതിയിൽ നിയമപരമായി നേരിടാനും പുറത്ത് പ്രതിഷേധ സമരവും എന്ന തീരുമാനമാണ് എക്സി. കമ്മിറ്റി എടുത്തത്. അതിൻ്റെ ഫലമായാണ് സംസ്ഥാനം ആകെ ശ്രദ്ധിച്ച പ്രതിഷേധ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചത്. ഇതും കോടതി വിധിയിൽ ഒരു ഘടകമായേക്കാം. പ്രതിയല്ലാത്ത ഒരാളുടെ വീട്ടിൽ റെയ്ഡ് നടത്താനും ഫോൺ പിടിച്ചെടുക്കാനും പോലീസിന് എന്ത് അധികാരം എന്നാണ് കോടതി ചോദിച്ചത്. ജനാധിപത്യത്തിൻ്റെ നാലാം തൂൺ ആണ് മാധ്യമങ്ങൾ എന്നത് മറക്കരുതെന്നും കോടതി പരാമർശിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടുള്ള സമരചരിത്രത്തിലെ പുതിയൊരു ഏടാണ് കോടതി വിധി. വിധിയിൽ ജില്ലയിലെ ഓരോ മാധ്യമ പ്രവർത്തകനും അഭിമാനിക്കാം. ഒപ്പം നിന്നവർക്കെല്ലാം നന്ദി.
പ്രസിഡൻ്റ് – സജിത് പരമേശ്വരൻ
സെക്രട്ടറി – എ ബിജു
What do you feel about this post?
Like
Love
Happy
Haha
Sad

