കോഴിക്കോട് – കോൺഗ്രസ് എന്ന പാർട്ടി ഇപ്പോഴും ഒരു തുറന്ന വാതിലാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. കോൺഗ്രസ് ലിബറലാണെന്നും, ആർക്ക് വേണമെങ്കിലും പുറത്ത് പോകാനും തിരികെ വരാനും കഴിയുന്ന ഒരു സംവിധാനമാണ് കോൺഗ്രസിലുള്ളതെന്നും ജോയ് മാത്യു പറഞ്ഞു.
‘കോൺഗ്രസ് ലിബറലാണ്. നിങ്ങൾക്ക് വേണമെങ്കിൽ കോൺഗ്രസിൽ നിന്ന് വിട്ട് പോകാം. മുരളിയൊക്കെ കോൺഗ്രസിൽ നിന്ന് പോയി പിന്നെ വന്നതല്ലേ. എത്ര ആൾ പോയി, പിന്നെയും വന്നു. അതൊരു തുറന്ന വാതിലാണ്. ആളുകൾക്ക് വരികയും പോകുകയുമൊക്കെ ചെയ്യാം. അഭിപ്രായം പ്രകടിപ്പിക്കാം, ഗ്രൂപ്പുണ്ടാക്കാം, മത്സരിക്കാം. ആ മത്സരം നല്ലതാണ്. ഇപ്പോഴിതാ യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു.
ഇതെല്ലാം നല്ലതാണെന്നാണ് ഞാൻ പറയുന്നത്. അല്ലാതെ, പിറകിലൂടെ പണിതരുന്ന പരിപാടിയല്ല. നേരായ രീതിയിൽ മത്സരിക്കുന്നു, ഭൂരിപക്ഷം കിട്ടിയ ആളെ അംഗീകരിക്കുന്നു. അതാണ് ശരി, അതാണ് ജനാധിപത്യം. വിവിധ ഗ്രൂപ്പുകളാണെങ്കിലും അവർ ഒരുമിച്ച് നിൽക്കുന്നുണ്ട്. സമരങ്ങളിൽ അവർ ഒരുമിച്ചാണ്. അവിടെ ഗ്രൂപ്പ് പറഞ്ഞ് മാറി നിൽക്കുന്നില്ല. കോൺഗ്രസ് മുന്നോട്ട് വെക്കുന്ന എല്ലാ പ്രതിഷേധ പരിപാടികളിലും അവർ ഒരുമിച്ചാണ്. ആ ഒരു കള്ക്ടീവ് സ്പിരിറ്റ് ഉള്ളപ്പോൾ തന്നെ അതിനുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾക്കുള്ള സ്‌പേസ് ഉണ്ട്. അതാണ് ജനാധിപത്യം. ശശിതരൂർ മുഖ്യമന്ത്രിയായാൽ നന്നായിരിക്കും. ചെറുപ്പക്കാർക്കൊക്കെ വലിയ ആവേശമായിരിക്കും. കാരണം, വിവരമുള്ള ഒരാളാണല്ലോ. ലോകപരിചയമുണ്ട്. പുസ്തകം വായിക്കുന്ന ആളുമാണ്’- ജോയ് മാത്യു പറഞ്ഞു.


