റാന്നി: ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ചു പല്ല് അടിച്ചു കൊഴിച്ച സഹോദരങ്ങളെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ സി.എസ്.ഐ ഹോസ്റ്റലിന് മുൻവശം സെന്റടിപ്പടിയിൽ ശനിയാഴ്ച രാവിലെ 11.30 നാണ് സംഭവം. വെൺകുറിഞ്ഞിയിൽ ഓട്ടം പോയി മടങ്ങി വരികയായിരുന്ന വെച്ചൂച്ചിറ സ്വദേശി ജോർജ് കുട്ടി എന്നു വിളിക്കുന്ന പി.സി ഡേവിഡിനെയാണ് ഓട്ടോ ഡ്രൈവറായ റോബിനും സഹോദരൻ ജോബിനും ചേർന്ന് മർദിച്ചത്.
വെച്ചൂച്ചിറ സ്റ്റാൻഡിലെ ഡ്രൈവർമാരായ ജോർജ് കുട്ടിയും റോബിനും തമ്മിൽ രണ്ടു മാസം മുൻപ് വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് ഇവർ ജോർജുകുട്ടിയെ തടഞ്ഞുനിർത്തി അടിച്ചത്. അടികൊണ്ട ജോർജ്കുട്ടിയുടെ താഴത്തെ വരിയിലെ രണ്ടു പല്ലുകൾ ഇളകി ഗുരുതരമായ പരുക്കു പറ്റി. പൊലീസ് സ്ഥലത്തെത്തി സഹോദരങ്ങളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
പൊലീസ് ഇൻസ്‌പെക്ടർ ജെർലിൻ വി.സ്‌കറിയയുടെ നിർദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ സായിസേനന്റെ നേതൃത്വത്തിൽ എ.എസ്.ഐ അനിൽ റോയി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മനോജ് കുമാർ, ജോസ് ഡാനിയേൽ എന്നിവരാണ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇരുവരെയും അറസ്റ്റ് ചെയ്തത്.


