കൊച്ചി: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ തന്നെ രണ്ടാം പ്രതിയാക്കിയതിൽ കടുത്ത പ്രതികരണവുമായി കെ സുധാകരൻ. നിയമപരമായി കാര്യങ്ങൾ ഇപ്പോൾ പരിശോധിക്കുകയാണ്. കേസിൽ തനിക്ക് ഒരു പങ്കുമില്ല. ആദ്യത്തെ സ്റ്റേറ്റ്‌മെന്റിൽ പരാതിക്കാർ തനിക്കെതിരെ മൊഴി നൽകിയിരുന്നില്ല. ഇപ്പോഴത്തെ കേസ് താൻ പഠിച്ച് കൊണ്ടിരിക്കുകയാണ്. കണ്ണിന്റെ ചികിത്സക്കാണ് മോൻസന്റെ വീട്ടിൽ പോയത്. മോൺസന് ഒപ്പം ഫോട്ടോ എടുത്തതിൽ എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു. പല വിഐപികളും മോൺസണ് ഒപ്പം ഫോട്ടോ എടുത്തിട്ടുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.
മനസാ വാചാ അറിയാത്ത കേസാണ് തനിക്കെതിരേയുള്ളതെന്നും മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ താൻ എങ്ങനെ പ്രതിയായി എന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. മോൻസൻ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കണ്ണിന്റെ ചികിത്സക്കായാണ് മോൻസന്റെ അടുത്ത് പോയതെന്നും കെ. സുധാകരൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോൻസൻ മാവുങ്കൽ കേസിൽ നാളെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്നും കെ. സുധാകരൻ പറഞ്ഞു. കോഴിക്കോട്ട് ക്യാമ്പിൽ പങ്കെടുക്കേണ്ടതുണ്ടെന്നും അതുകാണിച്ച് കത്തുകൊടുക്കാനാണ് തീരുമാനമെന്നും സുധാകരൻ പറഞ്ഞു.
കൺതടത്തിലെ കറുപ്പ് നിറം മാറുന്നതിനുള്ള ചികിത്സക്കായാണ് മോൻസൻ മാവുങ്കലിന്റെ അടുത്തേക്ക് പോയത്. അയാൾ വ്യാജനാണെന്ന് അറിയില്ലായിരുന്നു. പിന്നീട് അയാൾക്കെതിരേ മാനനഷ്ടത്തിന് കേസുകൊടുക്കാൻ തീരുമാനിച്ചെങ്കിലും അയാളുടെ അപേക്ഷ പരിഗണിച്ച് കേസിന് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മോൻസന്റെ കൂടെയുണ്ടായിരുന്നവരെ അറിയില്ല. ഏതോ സിനിമാനടനും അവിടെയുണ്ടായിരുന്നു. ഞങ്ങൾ സംസാരിക്കുമ്പോൾ അല്പം മാറി മൂന്ന് പേര് സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവർ ആരാണെന്ന് അറിയില്ലെന്നും സുധാകരൻ പറഞ്ഞു.
മോൻസൺ എവിടേയും തന്റെ പേര് പറഞ്ഞിട്ടില്ല. മോൻസൺ മാവുങ്കൽ കേസിൽ പ്രതിയാണെന്ന് തന്നെ ആരും അറിയിച്ചിട്ടില്ല. വെള്ളിയാഴ്ചയാണ് ക്രൈംബ്രാഞ്ചിൽ നിന്ന് നോട്ടീസ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിനെ നിയമപരമായി നേരിടും. മൂഢസ്വർഗത്തിലെ കൂപമണ്ഡൂപമാണ് മുഖ്യമന്ത്രി. കാലം കരുതിവെച്ചത് മുഖ്യമന്ത്രിയെ കാത്തിരിക്കുന്നു. കെപിസിസി പ്രസിഡന്റിനെതിരേയും പ്രതിപക്ഷനേതാവിനെതിരേയുമെല്ലാം കേസെടുത്ത് തങ്ങളെ ഇരുത്തിക്കളയാമെന്നാണ് മുഖ്യമന്ത്രിയുടെ വിചാരം. ജയിലിൽ കിടക്കേണ്ട മനുഷ്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്. കടൽ താണ്ടി വന്നരാണ് ഞങ്ങളൊക്കെ. ഇതൊക്കെ ഞങ്ങൾക്ക് കൈത്തോടാണ്. ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമൊന്നും ഇവിടെയില്ല, കെ. സുധാകരൻ പറഞ്ഞു.
അന്വേഷണസംഘത്തിനു മുന്നിൽ നാളെ ഹാജരാകില്ലെന്നും സുധാകരൻ പറഞ്ഞു. നാളെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ നേരിട്ടു ഹാജരാകാൻ ക്രൈംബ്രാഞ്ച് സുധാകരനു നോട്ടിസ് നൽകിയിരുന്നു. മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം ടി.ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് കേസ്. അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്.
ഗൾഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നു മോൻസൻ തങ്ങളെ വിശ്വസിപ്പിച്ചതായി പരാതിക്കാർ പറയുന്നു. ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന ഈ തുക പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാനെന്ന പേരിൽ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല.
തുടർന്ന് 2018 നവംബർ 22നു കൊച്ചി കലൂരിലെ മോൻസന്റെ വീട്ടിൽ വച്ചു സുധാകരൻ ഡൽഹിയിലെ തടസ്സങ്ങൾ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നൽകി. ഈ വിശ്വാസത്തിൽ മോൻസന് 25 ലക്ഷം കൂടി നൽകി. ഇതിൽ 10 ലക്ഷം രൂപ സുധാകരൻ വാങ്ങിയെന്ന ആരോപണവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്. അന്നു പാർലമെന്റിലെ ധനകാര്യ സ്ഥിരസമിതി അംഗമായിരുന്ന സുധാകരൻ ആ പദവി ഉപയോഗിച്ചു സഹായിക്കുമെന്ന ഉറപ്പിലാണു പണം നൽകിയതെന്നും പറയുന്നു. കേന്ദ്രം 2.62 ലക്ഷം കോടി തടഞ്ഞുവച്ചതായ വാദം കള്ളമാണെന്നു ബോധ്യപ്പെട്ടെന്നും പരാതിക്കാർ പറഞ്ഞതോടെയാണു സുധാകരനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചത്.
What do you feel about this post?
Like
Love
Happy
Haha
Sad

