‘എത്ര ലക്ഷം കൊടുത്തിട്ടാണ് നിങ്ങൾ എന്റെ ചുറ്റും വന്ന് നിന്നതെന്ന് എനിക്കറിയില്ല’

World
Print Friendly, PDF & Email

ന്യൂയോർക്ക്: അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭ സമ്മേളനങ്ങൾ വിവാദമാക്കാൻ ചിലർ ബോധപൂർവമായ ശ്രമം നടത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭ സമ്മേളനങ്ങൾ നടത്തുന്നത് അതാത് മേഖലകളിലുള്ളവരാണ്. നട്ടാൽപൊടിക്കാത്ത നുണ പ്രചരിപ്പിക്കാൻ ശ്രമമുണ്ടായി.’- ലോക കേരള സഭ ന്യൂയോർക്ക് മേഖലാ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു നല്ലകാര്യത്തേയും എങ്ങനെ കെട്ടതായി ചിത്രീകരിക്കാമെന്ന ചിന്തിക്കുന്ന ഒരു മാനസ്സികാവസ്ഥയുള്ള രാഷ്ട്രീയക്കാർ കേരളത്തിലുണ്ട്.

ലോക കേരള സഭയെക്കുറിച്ച്‌ സാധാരണ ഗതിയിൽ നല്ല സംരംഭം എന്ന നിലയ്ക്കാണ് പൊതുവെ കണ്ടുവരുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്ന സമ്മേളനത്തെ കുറിച്ച്‌ വലിയ വിവാദം ഉയർത്തിക്കൊണ്ടുവരാനാണ് ചിലർ ശ്രമിച്ചത്. മാധ്യമങ്ങളും അതിന്റെ ഭാഗമായി മാറി. ഒരുകൂട്ടർ അവരുടെ നയം എന്ന തരത്തിൽ മുഖപ്രസംഗത്തിലൂടെ കുറേ കാര്യങ്ങൾ പറഞ്ഞു, ലോക കേരള സഭ സ്വജനപക്ഷപാതത്തിന്റെയും സ്വാർഥതയുടെയും പരിപാടിയായി മാറിയെന്ന് എഴുതി. എന്ത് സ്വജനപക്ഷമാണ് ഈ മൂന്നു സമ്മേളനങ്ങളിലും നടന്നത്? എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്?- അദ്ദേഹം ചോദിച്ചു.

‘ലോക കേരള സഭയുടെ എല്ലാ കാര്യങ്ങളും സുതാര്യമാണ്. തെറ്റായ ആക്ഷേപങ്ങൾ ആധികാരികമായി മലയാളി മനസ്സിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. മേഖലാ സമ്മേളനങ്ങൾ അതത് മേഖലകൾ പണം പിരിച്ചാണ് നടത്തുന്നത്. സർക്കാരല്ല. ദുബൈയിലും ലണ്ടനിലും എങ്ങനെയാണ് നടന്നത് എന്നറിയാം. അത് വിവാദമാകേണ്ട കാര്യമില്ല, പക്ഷേ അമേരിക്കയിലെ സമ്മേളനം വന്നപ്പോൾ എന്തോ ഒരു വിവാദം അതിലുണ്ടാക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെ അതുമായി ബന്ധപ്പെട്ട വാർത്തകൾ വന്നു. നിങ്ങൾ എന്റെ ചുറ്റും വന്നു നിന്നപ്പോൾ എത്ര ലക്ഷം കൊടുത്തിട്ടാണ് നിങ്ങൾ എന്റെ ചുറ്റും വന്ന് നിന്നത് ? എനിക്കറിയില്ല, പക്ഷേ കേരളത്തിൽ പ്രചരിപ്പിച്ചത്, നിശ്ചിത ലക്ഷം കൊടുത്താലെ മുഖ്യമന്ത്രിയുടെ അടുത്തുവന്ന് ഇരിക്കാൻ പറ്റൂ എന്നാണ്. നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നതിന്റെ അർത്ഥം എന്താണ് ? ആരെയാണ് അതിലൂടെ ഇകഴ്ത്താൻ നോക്കുന്നത്. നമ്മുടെ നാടിനെയാണ് ഇകഴ്ത്താൻ ശ്രമിക്കുന്നത്.’- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *