പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിയ പോക്‌സോ കേസ് പ്രതി പിടിയിൽ:

Crime Pathanamthitta
Print Friendly, PDF & Email

ഇന്ന് പുലർച്ചെ നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ കാട്ടിനുള്ളിൽ നിന്ന് പിടിയിലായി

പത്തനംതിട്ട: പൊലീസ് കസ്റ്റഡിയില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ പിടിയിലായി. ചിറ്റാര്‍ മീന്‍കുഴി സ്വദേശി ജിതിനാ(35)ണ് മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ 4.30 ന് പൊലീസിന്റെ കൈയില്‍ അകപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചിന് തെളിവെടുപ്പിന് കൊണ്ടു വരും വഴി വിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു.

പതിനേഴുകാരിയുമായി വീട്ടിലെത്തിയ ജിതിനെ നാട്ടുകാര്‍ തടഞ്ഞു വച്ച് ചിറ്റാര്‍ പൊലീസിന് കൈമാറുകയായിരുന്നു. സ്‌റ്റേഷനിലെത്തിച്ച ജിതിനെ കഞ്ചാവ് ശേഖരം വീട്ടിലുണ്ടെന്ന സംശയത്തില്‍ തെളിവെടുപ്പിന് കൊണ്ടു പോകുന്നതിനിടെയാണ് ചാടിപ്പോയത്. കൈമുന്‍വശത്തേക്ക് ആക്കിയാണ് വിലങ്ങിട്ടിരുന്നത്. മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ കൊണ്ടു പോകുന്നതിനിടെ താഴ്ചയിലേക്ക് ഇയാള്‍ എടുത്തു ചാടി ഓടുകയായിരുന്നു. ഒപ്പം ചാടിയ പൊലീസുകാരനും പരുക്കേറ്റു. വനമേഖലയില്‍ അപ്രത്യക്ഷനായ ഇയാള്‍ക്ക് വേണ്ടി പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തി. കനത്ത മഴ അവഗണിച്ചായിരുന്നു തെരച്ചില്‍. അതിനിടെ ഇന്ന് പുലര്‍ച്ചെ വനമേഖലയില്‍ നിന്ന് തന്നെ പിടികൂടുകയായിരുന്നു. ഒരു കൈയിലെ വിലങ്ങ് അഴിഞ്ഞു പോയ അവസ്ഥയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിക്കും.

ജിതിന്‍ വിവാഹിതനാണ്. ഭാര്യയുമായി അകന്ന് ജീവിക്കുകയാണ്. ഇയാള്‍ ഒരു കാറില്‍ പതിനേഴുകാരിയുമായി വീട്ടിലെത്തി. സംശയം തോന്നിയ നാട്ടുകാര്‍ വീട് വളഞ്ഞ് ജിതിനെയും പെണ്‍കുട്ടിയെയും പോലീസില്‍ ഏല്‍പ്പിച്ചു. ചിറ്റാര്‍ സ്‌റ്റേഷനില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനിടെയാണ് ജിതിന്റെ വീട് പരിശോധിക്കാന്‍ തീരുമാനിച്ചത്. ഇയാള്‍ക്ക് കഞ്ചാവ് വില്‍പ്പനയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വീട് പരിശോധിക്കാന്‍ പൊലീസ് പോകുന്ന വഴിയാണ് ജിതിന്‍ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *