പത്തനംതിട്ട – ഫ്യൂസായ എല്‍ഇഡി ബള്‍ബുകള്‍ വീട്ടിലുണ്ടോ.. ? എങ്കില്‍ അതുമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലേക്ക് പോന്നോളൂ..സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പൊലീസ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളില്‍ സ്റ്റുഡന്റ് പൊലീസ് അംഗങ്ങളാണ് ഫ്യൂസായ എല്‍ഇഡി ബള്‍ബുകള്‍ നന്നാക്കി നല്‍കുന്നത്. ഊര്‍ജ സംരക്ഷണത്തിലൂടെ സുസ്ഥിര ഉപഭോഗം വര്‍ധിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടിയുമായി പൊലീസ് വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. ജില്ലാ നാര്‍കോട്ടിക് സെല്ലും എസ്പിസി പ്രോജക്ടും ചേര്‍ന്ന് നടത്തുന്ന സ്റ്റാളില്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും എല്‍ഇഡി ബള്‍ബ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവല്‍ക്കരണവും നടത്തുന്നുണ്ട്.


