പത്തനംതിട്ട – ജില്ലാ സ്റ്റേഡിയത്തിൽ കോന്നി എംഎൽഎ അഡ്വ. കെ.യു. ജനീഷ് കുമാറിന്റെ വടംവലി കണ്ടുനിന്നവർ ആവേശത്തിന്റെ കൊടുമുടി കയറി. സംസ്ഥാന മന്ത്രിസഭാ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മേയ് 12ന് ആരംഭിക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ പ്രചാരണാർഥം ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു എംഎൽഎ. മത്സരത്തിനു മുന്നോടിയായി എംഎൽഎ വടംവലിച്ച് ഉദ്ഘാടനം നിർവഹിച്ചതോടെ കളിക്കാർക്കും ആവേശമേറി. സംസ്ഥാന സർക്കാരിന്റെ അഭിമാനകരമായ വികസന നേട്ടങ്ങളിലൂടെ കോന്നി മണ്ഡലത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാൻ സാധിച്ചിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. കോന്നി മെഡിക്കൽ കോളജ്, പുനലൂർ-മൂവാറ്റുപുഴ റോഡ് ഉൾപ്പെടെ നാടിന്റെ സമഗ്രവികസനം നടപ്പാക്കാൻ ഈ സർക്കാരിന്റെ കാലത്ത് സാധിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുടെ നേർകാഴ്ച്ചയൊരുക്കി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശനമേളയിൽ എല്ലാ വിഭാഗം ജങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും എംഎൽഎ പറഞ്ഞു.
ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ടഗ് ഓഫ് വാർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.ഡി. മോഹൻദാസ്, ജില്ലാ ജനറൽ സെക്രട്ടറിയും ദേശീയ റഫറിയുമായ വി. അഭിലാഷ്, സംഘാടക സമിതി അംഗങ്ങളായ കെ. ധനേഷ്, ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു. 2021- 22 വർഷങ്ങളിൽ സംസ്ഥാന മത്സരങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച അങ്ങാടിക്കൽ എസ്.എൻ.വി.എച്ച്.എസ്.എസ്, കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസ്, മെഴുവേലി പി.എച്ച്.എസ്.എസ്, കോന്നി ഗവ. എച്ച്.എസ്.എസ്. എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇവർക്ക് സംസ്ഥാന മൽസരത്തിൽ പങ്കെടുത്തതു മായി ബന്ധപ്പെട്ട സിർട്ടിഫിക്കട്ടുകളും എംഎൽഎ നൽകി.
What do you feel about this post?
Like
Love
Happy
Haha
Sad

