കുമ്പനാട് – കേരളത്തിൽ ഇന്ന് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തന്നെ ബാധിക്കുന്ന തരത്തിൽ ഭരണകൂടം പിഴ കൂടി ഈടാക്കി ധൂർത്തിന്റെ അവസാന വാക്കായ രാഷ്ട്രീയ ഭരണം നടത്താമെന്നു സ്വപ്നം കാണുമ്പോൾ കൂടുതൽ ഇടപെടലുകളുമായി രാഷ്ട്രീയ പൊതു പ്രവർത്തകർ രംഗത്തെത്തുകയാണ് . കോണ്ഗ്രസ്സ് മുൻ കോയിപ്രം ബ്ലോക്ക് പ്രസിഡന്റായിരുന്ന കുമ്പനാട് സ്വദേശി സുബിൻ നീറുംപ്ലാക്കൽ ആണ് ഇപ്പോൾ പരാതികളുമായി രംഗത്തെത്തിയിരിക്കുന്നത്. വാഹന പരിശോധനയുടെ പരിധിയിൽ നിന്ന് ഇരുചക്ര വാഹനങ്ങളിൽ മാതാപിതാക്കൾക്ക് ഒപ്പം കുട്ടികളെ കൊണ്ടു പോകുന്നതിന് പിഴ ഈടാക്കാതിരിക്കാൻ നിയമത്തിൽ ഇളവ് അനുവദിക്കുന്നതിന് നിയമ ഭേദഗതി നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പൊതു പ്രവർത്തകനായ സുബിൻ നീറംപ്ലാക്കൽ നിവേദനം നൽകി. ഇരുചക്ര വാഹനത്തിൽ നിലവിൽ രണ്ട് പേർക്ക് മാത്രമാണ് യാത്ര ചെയ്യാനാകുവെന്നതു കേന്ദ്ര മോട്ടർ വാഹനത്തിലെ വ്യവസ്ഥയാണ്.
കേരളത്തിൽ എഐ ക്യാമറ വന്നപ്പോൾ വാഹനത്തിലെ രക്ഷിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിക്ക് മൂന്നാമത്തെ യാത്രക്കാരനെന്ന കുറ്റം ചുമത്തി തുടങ്ങി. ഇതിനെ തുടർന്ന് പിഴയിൽ നിന്നും രക്ഷപെടുന്നതിന് കുട്ടികളെ സ്കൂട്ടറിൽ ഒളിപ്പിച്ചു കൊണ്ടു പോകുന്ന സംഭവങ്ങളുമുണ്ടായി. ഇതിനെ തുടർന്നാണ് പൊതു പ്രവർത്തകനായ സുബിൻ നീറംപ്ലാക്കൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകിയത്. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും സുബിൻ വ്യക്തമാക്കി.


