ന്യൂഡൽഹി – കേരളത്തിൽ ഏറെ കുപ്രസിദ്ധിയാർജിച്ച മോഷ്ടാവ് ബണ്ടി ചോർ മോഷണക്കേസിൽ വീണ്ടും അറസ്റ്റിലായി. ഡൽഹിയിലെ ചിത്തരഞ്ജൻ പൊലീസ് സ്റ്റേഷനിലാണ് ഇന്നലെ ബണ്ടിചോറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് വർഷത്തെ തടവുശിക്ഷ കഴിഞ്ഞ് ജനുവരി 27നാണ് ഇയാൾ കേരളത്തിലെ ജയിലിൽ നിന്നും മോചിതനായത്.
കേരളത്തിൽ നിന്നും മോചിക്കപ്പെട്ട ശേഷം ഇയാളെ കോയമ്പത്തൂരിലെ ജയിലിലേക്ക് മാറ്റിയെങ്കിലും അവിടെയുള്ള കേസുകളിൽ ബണ്ടി ചോറിനെ വെറുതെ വിടുന്ന സാഹചര്യമുണ്ടായി. തുടർന്നാണ് ഇയാൾ ഡൽഹിയിലേക്കെത്തിയും മോഷണം തുടർന്നത്. പ്രശസ്ത അഭിഭാഷകൻ ആളൂരാണ് ബണ്ടി ചോറിനായി കേസുകൾ വാദിച്ചിരുന്നത്.
ചിത്തരഞ്ജൻ പാർക്കിൽ നടന്ന ചില മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ബണ്ടി ചോർ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഇയാൾ മാനസികമായ ചില പ്രശ്‌നങ്ങൾ ഇപ്പോൾ നേരിടുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ. അറസ്റ്റ് നടപടികളെല്ലാം പൂർത്തിയാക്കുകയും ഇയാളുടെ വൈദ്യ പരിശോധന നടത്തുകയും ചെയ്‌തെന്നും പൊലീസ് വ്യക്തമാക്കി. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ഇപ്പോൾ ബണ്ടി ചോറിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്.


