പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡ് പുനർനിർമ്മാണം ; ഡിപിആറിന് അംഗീകാരമായി :

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നഗരസഭയുടെ വക ഹാജി സി മീര സാഹിബ് സ്മാരക ബസ്റ്റാന്‍ഡ് സമുച്ചയത്തിന്റെ ആധുനിക വല്‍ക്കരണത്തിനായി തയ്യാറാക്കിയ ഡിപിആറിന് ഇന്ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കി. മൂന്ന് ഘട്ടങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് കൗണ്‍സില്‍ ഉദ്ദേശിക്കുന്നത്. നിലവിലുള്ള കെട്ടിടത്തിന്റെയും യാര്‍ഡിന്റെയും പൂര്‍ണ്ണമായ ഉപയോഗം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാഥമിക പരിഗണന. നിലവില്‍ തകര്‍ന്ന യാര്‍ഡ് നിര്‍മാണത്തിനായുള്ള സാങ്കേതിക അനുമതി ഈ ആഴ്ച തന്നെ സര്‍ക്കാരില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ വെയിറ്റിംഗ് സ്‌പേസുകള്‍ ആകര്‍ഷകമായ വാണിജ്യ കിയോസ്‌ക്കുകള്‍ നിര്‍മ്മിച്ച് ഉപയോഗിക്കും. ഇതിലൂടെ കൈയേറ്റങ്ങളും അനാകര്‍ഷകങ്ങളായ ഇറക്കുകളും ഒഴിവാക്കാനാകും. ബസ് സ്റ്റാന്‍ഡ് പരിസരം മനോഹരമാക്കാന്‍ ലാന്‍ഡ് സ്‌കേപ്പിങ് ചെയ്യും. ഇതിന്റെ ഭാഗമായി തണല്‍മരങ്ങളും ഇരിപ്പിട സൗകര്യങ്ങളും ഉണ്ടാകും. നൂറിലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ വിശാലമായ പാര്‍ക്കിംഗ് കേന്ദ്രവും ബസ് സ്റ്റാന്‍ഡില്‍ ഉണ്ടാവും. ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിലേക്ക് എത്താന്‍ എല്ലാ പാര ട്രാന്‍സിറ്റ് സംവിധാനങ്ങളും ഒരുക്കും. ബസ് സ്റ്റാന്‍ഡിനു സമീപം ഒരു ഡസന്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഡി പി ആര്‍ വിഭാവനം ചെയ്യുന്നു. ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിലേക്ക് വരുന്നതിനും തിരികെ പോകുന്നതിനും വാഹനങ്ങള്‍ക്ക് ക്യൂ സിസ്റ്റം ഉണ്ടാകും. കാല്‍നട യാത്രക്കാര്‍ക്ക് ടെര്‍മിനലിലേക്ക് പ്രത്യേക പാതയും ക്രമീകരിച്ചിട്ടുണ്ട്.

യാര്‍ഡിനു പുറത്തുള്ള സ്ഥലം സായാഹ്‌ന വിശ്രമ ഉല്ലാസ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഡിപിആറില്‍ ഉണ്ട്. ആധുനിക ടോയ്‌ലെറ്റ് സംവിധാനങ്ങളും ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങളും ലിഫ്റ്റുകളും പുതിയ രൂപകല്‍പ്പനയുടെ പ്രത്യേകതകളാണ്. പ്രാരംഭ നിര്‍മ്മാണ ഘട്ടത്തില്‍ ഉണ്ടായിരുന്ന പോരായ്മകള്‍ പരിഹരിച്ച് കെട്ടിടത്തിന്റെ പൂര്‍ണ്ണ ഉപയോഗം ഉറപ്പു വരുത്താന്‍ വിശദമായ പഠനമാണ് നടത്തിയത്.
മൂന്നും നാലും നിലകള്‍ രണ്ടാം ഘട്ടമായാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. മൂന്നാം നില പൂര്‍ണമായും ഓഫീസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. ജില്ലാ കേന്ദ്രത്തിലെ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥലപരിമിതിമൂലം നഗരസഭ അതിര്‍ത്തിക്കപ്പുറത്തേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ കൂടിയാണ് ഈ തീരുമാനം. നാലാം നിലയില്‍ ഓഡിറ്റോറിയവും കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിക്കും. ആയിരം പേര്‍ക്ക് ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കുന്ന തരത്തിലാണ് പദ്ധതിയുടെ രൂപകല്പന. എന്നാല്‍ ഓഡിറ്റോറിയത്തിലെ ഇരിപ്പിടങ്ങള്‍ മൂന്നു ഭാഗങ്ങളായി തിരിക്കാന്‍ കഴിയും വിധമാണ് നിര്‍മ്മാണം.

അതിനാല്‍ കുറച്ച് ഇരിപ്പിടങ്ങള്‍ മാത്രം ആവശ്യമായി വരുന്ന പരിപാടികള്‍ക്ക് അതിനാവശ്യമായ നിലയില്‍ ഓഡിറ്റോറിയം ക്രമീകരിക്കുവാനും കഴിയും. ഓഡിറ്റോറിയത്തിന് സമീപമാണ് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിക്കുന്നത്. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്ന നിര്‍മാണം പൂര്‍ണമായും ശിശു ഭിന്നശേഷീ സൗഹൃദമാക്കും. പത്തു കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയ്ക്കായി കെ.യു.ആര്‍.ഡി.എഫ്.സിയെ സമീപിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചതായി നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. പത്തനംതിട്ട മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി ജില്ലാ അസിസ്റ്റന്റ് ടൗണ്‍പ്ലാനര്‍ വിനീത് നടത്തിയ പഠനങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്വദേശിയായ ഷെയ്ക്ക് മുഹമ്മദ് യാസീന്‍ തയ്യാറാക്കിയ ഡി പി ആറിനാണ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *