ഭഗവതിതറ ക്ഷേത്ര കാണിക്കവഞ്ചി മോഷ്ടാവ് അറസ്റ്റിൽ

Crime
Print Friendly, PDF & Email

അടൂർ – കുന്നത്തൂർക്കര ഭഗവതിതറ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഏറത്ത് മണക്കാല തുവയൂർ വടക്ക് നേടിയകാല പുത്തൻ വീട്ടിൽ രതീഷി(38)നെയാണ് പോലീസ് പിടികൂടിയത്. ജൂൺ അവസാന ആഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാത്രി പത്ത് മണിക്കും പുലർച്ചെ അഞ്ചിനും ഇടയിലുള്ള സമയം ക്ഷേത്രത്തിനു മുന്നിലുള്ള കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. ക്ഷേത്രത്തിനു മുന്നിലെ സി.സി.ടി.വി ക്യാമറകൾക്ക് കേടുപാട് വരുത്തിയ ശേഷമായിരുന്നു മോഷണം.

പോലീസ് സമീപ സ്ഥലങ്ങളിലെയും ക്ഷേത്രത്തിലെയും കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം നടത്തിയത്. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശാനുസരണം പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തുമ്പോഴാണ് പ്രതി പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തപ്പോൾ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിന് സമീപം വഞ്ചിമുക്കിൽ സ്ഥാപിച്ച കാണിക്ക മണ്ഡപത്തിന്റെ ഗ്രിൽ പൊട്ടിച്ച് അതിനുളളിൽ വച്ചിരുന്ന വഞ്ചിയുടെ പൂട്ട് കുത്തിത്തുറന്ന് മോഷണം നടത്തിയതായും സമ്മതിച്ചു. തുവയൂർ നാഗരാജ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി പൊളിച്ച് മോഷണം നടത്തിയ കേസിലും ഇയാൾ പ്രതിയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. സമാന സ്വഭാവമുള്ള നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് നീക്കം. ഡിവൈ.എസ്.പി ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തിൽ എസ്.ഐ. എം. മനീഷ്, സി.പി.ഓമാരായ സൂരജ്, നിസാർ മൊയ്തീൻ, ശ്യാം കുമാർ എന്നിവരാണുള്ളത് .തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *