ഓമല്ലൂർ: സിഎസ്ഐ പള്ളിയിലും സി.എം.എസ് എൽ.പി സ്കൂളിലും മോഷണം നടത്തിയ കേസിലെ പ്രതിയെ മറ്റൊരു കേസിൽ ജയിലിൽ കഴിയുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ രണ്ടു സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുപ്പും നടത്തി. എഴുകോൺ വാട്ടർ ടാങ്കിന് സമീപം ചൊവ്വല്ലൂർ പ്രേമവിലാസം വീട്ടിൽ റെനിയെയാണ് ആലുവ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കേ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പിനെത്തിച്ചത്.
കഴിഞ്ഞമാസം 19 ന് രാത്രിയാണ് തൈക്കുറ്റി മുക്ക് സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളിക്കുള്ളിലെ നേർച്ചവഞ്ചി പൊളിച്ച് അതിലുണ്ടായിരുന്ന 6000 രൂപ മോഷ്ടിച്ചത്. അലമാരയിൽ സൂക്ഷിച്ചിരുന്ന വീഞ്ഞെടുത്ത് ഒന്നരക്കുപ്പിയോളം അകത്താക്കുകയും ചെയ്തിരുന്നു. തുടർന്ന് പള്ളിവളപ്പിൽ തന്നെയുള്ള സി എം എസ് എൽ പി സ്കൂൾ ഓഫീസിനുള്ളിൽ കടന്ന് ലാപ്ടോപ്, വെയിങ് മെഷീൻ, സ്പീക്കർ എന്നിവയും മോഷ്ടിച്ചു. വിരലടയാളം നോക്കി നടത്തിയ അന്വേഷണത്തിലാണ് സ്ഥിരം മോഷ്ടാവ് റെനിയെ കുറിച്ച് സുചന ലഭിച്ചത്.
ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണകേസിൽ കഴിഞ്ഞമാസം 25 ന് അറസ്റ്റിലായി ആലുവ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരികയായിരുന്നു. പള്ളിയുടെ ഹാളിലേക്ക് പ്രവേശിക്കുന്ന ഇടനാഴിയുടെ മുന്നിൽ സ്ഥാപിച്ച ഇരുമ്പ് ഗ്രില്ല് വാതിലിന്റെയും അതിന്റെ പിന്നിലെ മുഖ്യവാതിലിന്റെയും പൂട്ടുകൾ അറുത്തുമാറ്റി, പള്ളിക്കുള്ളിൽ പ്രവേശിച്ച് ഇടനാഴിയിൽ വച്ചിരുന്ന തടിയിൽ തീർത്ത വഞ്ചിയുടെ പൂട്ട് പൊളിച്ചാണ് പണം കവർന്നതെന്ന് പ്രതി പറഞ്ഞു. സ്കൂളിൽ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ചുവെന്ന കുറ്റം തെളിവെടുപ്പിനിടെ ഇയാൾ നിഷേധിച്ചു. കാണിക്ക വഞ്ചിയിൽ നിന്ന് വെറും 600 രൂപ മാത്രമാണ് കിട്ടിയതെന്നും പറഞ്ഞു.
പോലീസ് ഇൻസ്പെക്ടർ ജിബു ജോണിന്റെ മേൽനോട്ടത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. സംഘത്തിൽ എസ് ഐമാരായ അനൂപ് ചന്ദ്രൻ, സന്തോഷ് കുമാർ, എ എസ് ഐ ശ്രീകുമാർ, സി പി ഓമാരായ ജിതിൻ, റെജി ജോൺ, അനൂപ് എന്നിവരാണുള്ളത്.


