ചിറ്റാർ: തുടർച്ചയായ രണ്ടാം ദിവസവും ചിറ്റാറിനെ വിറപ്പിച്ച് ഒറ്റായാൻ ഇറങ്ങി. ചൊവ്വാഴ്ച രാത്രി രാജാമ്പാറ റേഞ്ച് പരിധിയിലെ ബിമ്മരം കാട്ടിൽ നിന്നും കക്കാട്ടാർ നീന്തി എത്തിയ കൊമ്പൻ ജനവാസ മേഖലയിൽ വ്യാപകമായ കൃഷിനാശമാണ് വരുത്തിയത്. പുലർച്ചെ 12.30 ഓടെ ചിറ്റാർ എസ്‌റ്റേറ്റ് എൽ.പി സ്‌കൂളിന് സമീപം ഷാജി മൻസിലിൽ എച്ച്. അബ്ദുൾ റഹിമാന്റെ പുരയിടത്തിൽ എത്തിയ കൊമ്പൻ തെങ്ങും വാഴയും നശിപ്പിച്ചു. ശബദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ മുറ്റത്ത് നിൽക്കുന്ന കാട്ടുകൊമ്പനെയാണ് കണ്ടത്.
ഇവർ ബഹളം വച്ചതോടെ തെങ്ങോലയിൽ നിന്ന് കൊമ്പൻ പിടിവിട്ട് അത്തിക്കയം തോണിക്കടവിൽ വീട്ടിൽ മാത്യൂസ് ജോസഫിന്റെ ബംഗ്ലാവിന്റെ അടുക്കള മുറ്റത്തോട് ചേർന്ന കൃഷിയിടത്തിലേക്ക് നീങ്ങി. അവിടെയും വാഴയും തെങ്ങും നശിപ്പിച്ചു. രാവിലെയാണ് കക്കാട്ടാർ നീന്തി കടന്ന് കൊമ്പൻ ബിമ്മരം കാടുകയറിയത്. രണ്ടാം ദിനത്തിലും ആന ജനവാസ മേഖലയിൽ ഇറങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ആന ജനവാസമേഖലയിൽ ഇറങ്ങാതിരിക്കാൻ അളളുങ്കൽ ഭാഗത്ത് വനപാലകർ കാവലിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. ആറു മാസത്തിനു മുമ്പും ഈ പ്രദേശത്ത് ചുളളൻ കൊമ്പൻ എന്നു നാട്ടുകാർ വിളിപ്പേരിട്ട ആന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു.


