ജില്ലാ വികസന സമിതി യോഗം ; തിരുവല്ല – മല്ലപ്പള്ളി – ചേലാക്കൊമ്പ് റോഡ് : ഭൂമിയേറ്റെടുക്കൽ നടപടിക്ക് സമയക്രമം നിശ്ചയിക്കണം

Fashion
Print Friendly, PDF & Email

തിരുവല്ല – മല്ലപ്പള്ളി – ചേലാക്കൊമ്പ് റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടി പൂർത്തീകരണത്തിന് സമയക്രമം നിശ്ചയിക്കണമെന്ന് അഡ്വ. മാത്യു റ്റി തോമസ് എംഎൽഎ നിർദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് ജില്ലാകളക്ടർ പ്രത്യേക യോഗം വിളിച്ചു ചേർക്കണമെന്നും എംഎൽഎ പറഞ്ഞു. എംഎൽഎ ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്ന പുറമറ്റം പഞ്ചായത്തിലെ അംഗൻവാടി കെട്ടിട നിർമാണം പൂർത്തീകരിക്കണം. തിരുവല്ല സബ് ട്രഷറി കെട്ടിടം നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികൾ പൂർത്തീകരിക്കണം. ഉപദേശിക്കടവ് പാലവുമായി ബന്ധപ്പെട്ട റോഡ് നിർമാണം തുടങ്ങണം. നിരണം കണ്ണശ്ശ സ്മാരകം സ്‌കൂൾ, കുന്നന്താനം പാലയ്ക്കത്തകിടി സെന്റ് മേരീസ് ഹൈസ്‌കൂൾ എന്നിവയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ടവരുടെ പ്രത്യേക യോഗം വിളിക്കണം. തിരുവല്ല നഗരത്തിൽ ഡിവൈഡറുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറി റിപ്പോർട്ട് നൽകണമെന്നും എംഎൽഎ നിർദേശിച്ചു.

റാന്നി നിയോജകമണ്ഡലത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും ഇതു പരിഹരിക്കുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി, തദ്ദേശസ്ഥാപനങ്ങൾ, റവന്യു എന്നീ വകുപ്പുകളെ ഉൾപ്പെടുത്തി യോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൃഷി നശിപ്പിക്കുന്ന പന്നിയെ വെടിവയ്ക്കുന്നതിന് തോക്ക് ലൈസൻസ് ഉള്ളവരെ ഉൾപ്പെടുത്തി ടാസ്‌ക്‌ഫോഴ്‌സ് ഉടൻ സജ്ജമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. റാന്നി, കോന്നി ഡിഎഫ്ഒമാരെ ഇതിനായി ചുമതലപ്പെടുത്തണം. മിഷൻ അന്ത്യോദയ സർവേ മാർച്ചിൽ പൂർത്തീകരിക്കുന്നതിന് ആവശ്യമായ സഹകരണം പഞ്ചായത്ത്, സിവിൽ സപ്ലൈസ്, വനിതാ ശിശു വികസന വകുപ്പുകളുടെ ഭാഗത്തു നിന്ന് ഉണ്ടാകണം. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് ജോയിന്റ് ഡയറക്ടർ കത്തു നൽകണം. കടപ്ര പഞ്ചായത്തിലെ പുളിക്കീഴിൽ മൃഗാശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്ത്
എബിസി കേന്ദ്രം നിർമാണം ആരംഭിക്കുന്നതിന് അനുമതി വേഗം ലഭ്യമാക്കണം. 1.50 കോടി രൂപയുടെ എസ്റ്റിമേറ്റ് ഇതിനായി തയാറാക്കിയിട്ടുണ്ട്. പാറ ഉത്പന്നങ്ങളുടെ ലഭ്യത കുറവിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി ജില്ലാതലത്തിൽ അടിയന്തിര യോഗം വിളിക്കണം. പത്തനംതിട്ട റിംഗ് റോഡിലെ കൈയേറ്റങ്ങൾ വിട്ടുവീഴ്ച ഇല്ലാതെ ഒഴിപ്പിക്കണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പത്തനംതിട്ട ജനറൽ ആശുപത്രി റോഡിന്റെ വശങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന സ്വകാര്യ ആംബുലൻസുകൾക്കെതിരേ പോലീസും മോട്ടോർ വാഹന വകുപ്പും കർശന നടപടി സ്വീകരിക്കണമെന്ന് പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ പറഞ്ഞു. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിന് പ്രേരിപ്പിക്കുന്നത് ഉൾപ്പെടെ ആംബുലൻസ് ഡ്രൈവർമാർ തെറ്റായ പ്രവണതകൾ ചെയ്യുന്നതിന് തടയിടേണ്ടതുണ്ട്. പത്തനംതിട്ട-കുമ്പഴ റോഡിൽ ജില്ലാ ജയിലിനു മുൻവശത്ത് ഉൾപ്പെടെ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടച്ച് അപകടരഹിതമാക്കണം. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജലവിതരണം നടത്തുന്നതിന് നഗരസഭയ്ക്ക് സർക്കാർ അനുമതി ലഭ്യമാക്കണം. തോന്ന്യാമല റോഡിലെ പെരിങ്ങമല ഭാഗത്ത് റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിന് വാട്ടർ അതോറിറ്റിക്ക് പൊതുമരാമത്ത് നിരത്തു വിഭാഗം അനുമതി നൽകണം. കുടിവെള്ള വിതരണം മുടങ്ങിയിരിക്കുന്നതു മൂലം ഇവിടെ 150 കുടുംബങ്ങൾ ബുദ്ധിമുട്ടുകയാണെന്നും ചെയർമാൻ പറഞ്ഞു.
അടൂർ ജനറൽ ആശുപത്രിയിലെ ഒപി നവീകരണവുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികൾ വൈകുന്നതിനും കുടിവെള്ളം മുടങ്ങുന്നതിനും പരിഹാരം കാണണമെന്ന് ഡെപ്യുട്ടി സ്പീക്കറുടെ പ്രതിനിധി ഡി. സജി പറഞ്ഞു. ട്രോമാ കെയർ സംവിധാനം, ഡോക്ടർമാരുടെ എണ്ണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് എംഎൽഎയുടെയും ജില്ലാ കളക്ടറുടെയും സാന്നിധ്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) പ്രത്യേക യോഗം വിളിച്ചു ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുനലൂർ-മൂവാറ്റുപുഴ റോഡിലെ ഓടകളും കലുങ്കുകളും നിർമാണം പൂർത്തിയാക്കണമെന്നും ഓടകൾ സ്ലാബിട്ട് അപകടരഹിതമാക്കണമെന്നും ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവർമ്മ പറഞ്ഞു. റവന്യു റിക്കവറിക്ക് അയച്ചവയിൽ ഗുരുതര രോഗങ്ങൾ ബാധിച്ചവരുടെ കേസുകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണം. ജില്ലയിലെ പൊതുമരാമത്ത് റോഡുകളിലെ ഓടകൾ കാടു കയറിയിട്ടുള്ളത് തെളിക്കണം. റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ വശത്തേക്ക് മാറ്റി സ്ഥാപിക്കണം. പ്രളയത്തെ തുടർന്ന് മണിമലയാറ്റിലെ കടവുകളിൽ അടിഞ്ഞിട്ടുള്ള ചെളിയും മണ്ണും നീക്കം ചെയ്യണം. അഴിയിടത്തുചിറ-മേപ്രാൽ റോഡ് നിർമാണം പൂർത്തീകരിക്കണം. പെരിങ്ങര കൃഷി ഭവൻ നിർമാണം പൂർത്തീകരിക്കണം. പെരിങ്ങരയിൽ കൃഷി ഓഫീസറെ നിയമിക്കണം. കോന്നി മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് സ്‌പെഷൽ ഓഫീസറെ നിയോഗിക്കണം. കെഎസ്ആർടിസി ബസുകൾ കളക്ടറേറ്റ് പടിക്കൽ കൂടി സ്റ്റാൻഡിലേക്ക് പോകണം. ജില്ലയിലെ കുടിവെള്ള പ്രശ്‌നമുള്ള പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തണം. മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ റോഡ് പുനരുദ്ധാരണം നടത്തണമെന്നും എംപിയുടെ പ്രതിനിധി പറഞ്ഞു.

ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ, എഡിഎം ബി. രാധാകൃഷ്ണൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു സി മാത്യു, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *