തിരുവല്ല: സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ വഴി ഭിന്നശേഷിക്കാർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ. തിരുവല്ല തോട്ടഭാഗം സ്വദേശിയായ അക്ഷയ് എ., ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയും പൊതുപ്രവർത്തകരേയും ലക്ഷ്യമിട്ട് വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് അധിക്ഷേപകരമായ കമന്റുകൾ പോസ്റ്റ് ചെയ്ത ശേഷം തെളിവ് നശിപ്പിക്കുന്നതിനായി പിന്നീട് അവ ഡിലീറ്റ് ചെയ്തു കളയുന്ന പ്രവണത വ്യാപകമാകുന്നതായി ചൂണ്ടിക്കാട്ടി അക്ഷയ് നേരത്തെ പരാതി നൽകിയിരുന്നു.
ജില്ലാ പോലീസ് മേധാവിക്ക് നൽകിയ ഈ പരാതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ, ഇത്തരം സംഭവങ്ങൾ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഗൗരവത്തോടെ നിരീക്ഷിച്ചു വരികയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള പരാതികൾ ലഭിക്കുന്ന പക്ഷം അതിന്മേൽ ശക്തമായ നിയമനടധികൾ സ്വീകരിക്കുമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്. വ്യാജ അക്കൗണ്ടുകൾ വഴി കമന്റ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ കണ്ടെത്താനും സൈബർ നിയമപ്രകാരം കർശന നടപടിയെടുക്കാനുമുള്ള നീക്കങ്ങൾക്കാണ് ഇതിലൂടെ തുടക്കമാകുന്നത്


