കോന്നി: കൃഷിഭൂമിയിൽ ആനയും മറ്റ് കാട്ടുമൃഗങ്ങളും ഇറങ്ങി ജീവനും കൃഷിക്കും ഭീഷണിയാകുന്നതിൽ പ്രതിരോധം തീർക്കുന്ന കൃഷിക്കാർക്കെതിരെ കേസെടുക്കാൻ അനുവദിക്കില്ലന്ന പ്രഖ്യാപനവുമായി ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ കോന്നി ഡി എഫ് ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
നൂറുകണക്കിന് കർഷകരാണ് സമരത്തിൽ അണിനിരന്നത്. സി.പി.ഐ (എം) സംസ്ഥാന കമ്മറ്റി അംഗം കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. സുനിൽ ആവോലി ക്കുഴി അധ്യക്ഷത വഹിച്ചു. സി.പി.ഐ (എം) ജില്ല സെക്രട്ടറിയേറ്റ് അംഗം പി.ജെ അജയകുമാർ, ഏരിയ സെക്രട്ടറി ശ്യാംലാൽ, കർഷകസംഘം ഏരിയാ സെക്രട്ടറി ആർ ഗോവിന്ദ്, പി എസ് കൃഷ്ണകുമാർ, കെ ആർ ജയൻ, എം എസ് ഗോപിനാഥൻ, ജിജോ മോഡി, ആർ.മോഹനൻനായർ, ബിജി കെ. വർഗീസ്, പി എസ് ശ്യാംകുമാർ, ഷിജുകോന്നി തുടങ്ങിയവർ പ്രസംഗിച്ചു.



