തിരുവല്ല: ബന്ധുവായ പെൺകുട്ടിയെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നടത്തിയ ശ്രമത്തിന് എതിരെ യുവാവ് വീട് കയറി നടത്തിയ ആക്രമണത്തിൽ യുവതിക്ക് പരുക്ക്. മുണ്ടപ്പള്ളി കോളനിയിൽ ലതയുടെ മകൾ ജെസ്‌ന (23) യ്ക്കാണ് പരുക്കേറ്റത്. ജെസ്‌നയുടെ മൊഴി പ്രകാരം ചങ്ങനാശ്ശേരി പൂവം നക്രാപുതുവേലിൽ സ്വദേശി കമൽ എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ, ഇയാളുടെ സഹോദരൻ കണ്ണൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. വേങ്ങൽ മുണ്ടപ്പള്ളി കോളനിയിൽ ബുധനാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം.
ജെസ്‌നയുടെ മാതൃ സഹോദരി പുത്രി മാനസയുടെ ബന്ധുവും ഉണ്ണികൃഷ്ണനും തമ്മിൽ ഏറെക്കാലമായി അടുപ്പത്തിൽ ആയിരുന്നു. ഉണ്ണികൃഷ്ണന് മറ്റ് പല പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ മാനസ ബന്ധുവായ പെൺകുട്ടിയെ പ്രേമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതാണ് വീട് കയറിയുള്ള ആക്രമണത്തിൽ കലാശിച്ചത്. ബുധനാഴ്ച രാത്രിയോടെ മുണ്ടപ്പള്ളി കോളനിയിലെ വീട്ടിലെത്തിയ ഉണ്ണികൃഷ്ണനും സഹോദരനും ചേർന്ന് മുൻവശത്തെ വാതിൽ ചവിട്ടി തുറന്ന് ജെസ്‌നയുടെ മാതൃ സഹോദരി പുത്രി മാനസയെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജെസ്‌നയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. കഴുത്തിന് കുത്തിപ്പിടിച്ച് ഭിത്തിയിൽ ചേർത്ത് നിർത്തിയ ശേഷം ഉണ്ണികൃഷ്ണൻ ജെസ്‌നയെ മർദ്ദിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് ബന്ധുവീട്ടിൽ ആയിരുന്ന ജെസ്‌നയുടെ മാതാപിതാക്കൾ എത്തുന്നത് കണ്ട് പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് ജെസ്‌ന തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായി തിരുവല്ല പോലീസ് പറഞ്ഞു.


