തിരുവനന്തപുരം : കണ്ണൂരിലെ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ (ഏപ്രിൽ 28, ചൊവ്വാഴ്ച) ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ് ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലും ചില ദളിത് ആദിവാസി സംഘടനകളും. എല്ലാവരും സഹകരിക്കണമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. നിരവധി സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കെപിഎംഎസ് പോലുള്ള പ്രമുഖ ദളിത് സംഘടനകൾ ഹർത്താലിൽ സഹകരിക്കില്ല എന്നറിയിച്ചിട്ടുണ്ട്.
ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന തിരുവനന്തപുരം സ്വദേശി നിതിൻ രാജിൻ്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് നാളെ ഏപ്രിൽ 28ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. കാമ്പസ് കൊലപാതകങ്ങൾക്കെതിരെയുള്ള പ്രതിരോധം എന്ന നിലയിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഹർത്താൽ ദിനത്തിൽ റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ അടക്കം തടയുമെന്നും വ്യാപാരികൾ കട കമ്പോളങ്ങൾ അടച്ച് സഹകരിക്കണമെന്നും ആക്ഷൻ കമ്മിറ്റി ജില്ലാ കൺവീനർ സുനിൽ കൊയിലേരിയൻ കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഹർത്താൽ ബന്ദായി മാറുമെന്നും എല്ലാവരും സഹകരിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നുമൊഴിവാക്കിയിട്ടുണ്ട്. പത്രം പാൽ, ആശുപത്രി എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.


