ഇലവുംതിട്ട – അയത്തിൽ ഗ്രാമത്തിൽ ഒരു നല്ല വീട് ഉണ്ടായതിന്റെ പേരിൽ ഞാൻ നേരിടുന്ന തട്ടിപ്പുകാരുടെ കൈനീട്ടലിൽ സഹികെട്ടാണ് എഴുതുന്നത്. പണ്ടുകാലത്ത് ഭിക്ഷാടനത്തിനായും, വെള്ളപ്പൊക്കമാണ് സഹായിക്കണം പഴയ വസ്ത്രങ്ങൾ തരണം എന്നൊക്കെ പറഞ്ഞു വീട്ടിലേക്ക് പലരും വരുമായിരുന്നു. ഇന്ന് അങ്ങനെയുള്ളവരെ കാണാനില്ല. പകരം സമുഖരും, സുമുഖികളുമായ പർദ്ദ അടക്കം ധരിച്ചു വീടുകളിലേക്ക് അനാഥാലയം, വൃദ്ധസദനം, ചികിത്സാ സഹായം എന്നൊക്കെ പറഞ്ഞു നോട്ടീസും രസീതും ഒക്കെയടിച്ചു വീട് നോക്കി കയറുന്ന മാന്യന്മാരായ ഭിക്ഷക്കാർ. അവരുടെ വരവിലെ കള്ളത്തരം മനസിലാക്കാത്ത സാധാരണക്കാരായ വീട്ടമ്മമാരും ഒക്കെ മിനിമം 100, 500 ഒക്കെ കൊടുത്ത അവരെ ഒഴിവാക്കും. അവരുടെ വീടുകളിലേക്കുള്ള വരവിലെ വാസ്തവം ചോദ്യം ചെയ്യാൻ ഇന്നും അവർക്കൊന്നും കഴിയുന്നില്ല എന്നതാണ് സത്യം.
ഒറ്റക്ക് പലതും പറഞ്ഞും കാണിച്ചും പിരിവുകൾക്ക് വീടുകളിലേക്ക് വരുന്നവർ തട്ടിപ്പുകാർ തന്നെയാണ്. അത് ആദ്യം മനസിലാക്കുക. ഈ മാസം മൂന്നാമത്തെയാളാണ് ഇന്ന് പർദ്ദ ഒക്കെ ധരിച്ചു കിടങ്ങന്നൂർ കരുണാലയത്തിൽ നിന്നാണ് എന്നും പറഞ്ഞു വീട്ടിലേക്ക് വന്നത്. ഒറ്റക്ക് പിരിവിനു വരരുതേ.. അസീസ് ഭായിയോട് ഞാൻ പറയുമീ എന്ന് പറഞ്ഞതും പർദ്ദക്കാരി പമ്പ കടന്നതും പെട്ടെന്ന്. അതിനു ശേഷം ഞാൻ അസീസ് ഭായിയെ വിളിച്ചു. അങ്ങനെ ഒറ്റക്ക് പിരിവിനായി ആരെയും അവർ ചുമതലപ്പെടുത്തയിട്ടില്ല എന്നും ഇങ്ങനെ ഗാന്ധിഭവന്റെ വരെ പേരുകൾ പറഞ്ഞു പലരും പിരിവ് നടത്തി ആളുകളെ പറ്റിക്കുന്നുണ്ടന്നും അദ്ദേഹം. കെന്നഡി ചാക്കോയുടെ വൃദ്ധ സദനത്തിലും മറ്റു പലയിടത്തും എന്റെ വീട്ടിലെ കുഞ്ഞുങ്ങളുടെ പിറന്നാളിനും മറ്റും നേരിട്ട് പോയി ഭക്ഷണം കൊടുക്കുന്ന എനിക്കിത് തന്നെ വേണം എന്ന് ആത്മഗതം. !!
ഗാന്ധിഭവൻ പിരിവിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് അവർ വാർത്താ സമ്മേളനം നടത്തി വ്യക്തമാക്കിയിട്ടുള്ളതാണ്. പിന്നെ ഞാൻ ഗൾഫിൽ നിന്ന് വന്ന സമയത്ത് ശിവസേനയുടെ രസീത് കുറ്റിയുമായി ദാ ഒരു വെളുപ്പാങ്കാലത്ത് ഒരാൾ വീട്ടുമുറ്റത്ത്. പിന്നെ ആർഎസ്പി എന്നും പറഞ്ഞു എനിക്കറിയാവുന്ന ഒരാൾ ഇടയ്ക്കിടെ പിരിവിനായി ഒറ്റക്ക് രസീത് കുറ്റിയുമായി ഇറങ്ങും. ഞങ്ങളുടെ നാട്ടിലെ ഒരു സാഹിത്യകാരനും ഒരു ഓട്ടോക്കാരനും ഓമല്ലൂരിലെ ഒരു അനാഥാലയത്തിന്റെ രസീത് കുറ്റിയുമായി ഞാൻ ഗൾഫിൽ നിന്ന് വന്ന സമയത്ത് പിരിച്ചുകൊണ്ടു പോയിട്ടുണ്ട്. അതും തട്ടിപ്പായിരുന്നു എന്ന് പിന്നീട് ഞാൻ മനസിലാക്കി. എനിക്കിത്രയേ പറയാനുള്ളൂ.. നല്ല വീടുകൾ വെച്ചവർ സൂക്ഷിക്കുക. നിങ്ങളെ തേടി ധനം മോഹിച്ചു വീടുകളിലേക്ക് എത്തുന്നവർ എല്ലാം തട്ടിപ്പുകാർ തന്നെയാണ്. നിങ്ങളുടെ വീടിനു സമീപം കറങ്ങുന്ന ആക്രി പെറുക്കുകാരും. അന്യ സംസ്ഥാനക്കാരും ഒക്കെ അപകടകാരികളാണ്. നിങ്ങൾ ധരിച്ചിരിക്കുന്ന സ്വർണ്ണത്തിൽ ആയിരിക്കും അവരുടെ കണ്ണ്. ഇന്നും ഞങ്ങടെ പഴയ വല്യമ്മയുടെ ചായക്കടയും, അച്ഛന്റെ മൈക്ക് സെറ്റ് കടയും ഒക്കെ ഉണ്ടായിരുന്ന കൊച്ചുവീട് ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു !!
@ജിബു വിജയൻ, ഇലവുംതിട്ട


