തിരുവല്ല – ഭിന്നശേഷിക്കാർക്ക് ട്രെയിനുകളിൽ കൂടുതൽ സുഗമമായ യാത്ര ഉറപ്പാക്കാൻ യുഡിഐഡി (UDID) കാർഡ് തിരിച്ചറിയൽ രേഖയായി അംഗീകരിച്ച് റെയിൽവേ മന്ത്രാലയം ഉത്തരവിറക്കി. ഭിന്നശേഷി ശാക്തീകരണ വകുപ്പ് നൽകുന്ന യുഡിഐഡി കാർഡുകൾ കൈവശമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പത്തനംതിട്ട തിരുവല്ല സ്വദേശിയായ എ. അക്ഷയ് എന്ന ഭിന്നശേഷിക്കാരനായ യുവാവ് ട്രെയിൻ യാത്രയിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി രാജ്യസഭാംഗം പി.ടി. ഉഷയ്ക്ക് നൽകിയ അപേക്ഷയെത്തുടർന്നാണ് ഈ സുപ്രധാന തീരുമാനം. അക്ഷയിന്റെ അപേക്ഷ അതീവ ഗൗരവമായി പരിഗണിച്ച പി.ടി. ഉഷ കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ശുപാർശ ചെയ്യുകയുമായിരുന്നു.
പുതിയ ഉത്തരവ് പ്രകാരം, ഭിന്നശേഷിക്കാർക്കായി പ്രത്യേകം അനുവദിച്ചിട്ടുള്ള കോച്ചുകളിലും സീറ്റുകളിലും യുഡിഐഡി കാർഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാതെ തന്നെ സമാന്തരമായി യാത്ര ചെയ്യാൻ സാധിക്കും. എന്നാൽ, ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചിട്ടുള്ള കോച്ചുകളിലോ സീറ്റുകളിലോ മറ്റ് യാത്രക്കാർ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 1989-ലെ റെയിൽവേ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ അറിയിച്ചു. രാജ്യസഭാംഗം പി.ടി. ഉഷയുടെ ഇടപെടലിൽ ഭിന്നശേഷി സമൂഹം വലിയ സന്തോഷം പ്രകടിപ്പിച്ചു.




