മാരാമൺ കൺവൻഷൻ പന്തലിൽ ഇന്ന് ; ബൈബിൾ സ്റ്റഡി ഡോ. ക്ലിയോഫസ് ജെ ലാറു

Kerala Pathanamthitta
Print Friendly, PDF & Email

മാരാമൺ – വർത്തമാനകാല അനുഭവവും ഭാവികാല പ്രതീക്ഷയും.
വി. മത്തായി എഴുതിയ സുവിശേഷം അഞ്ചാം അദ്ധ്യായത്തിൽ വിവരിക്കുന്ന ഭാഗ്യവർണ്ണനകൾ യേശു തന്റെ ശിഷ്യന്മാരോടും ജനസമൂഹത്തോടും പറയുന്നത്; ദൈവരാജ്യ സമൂഹം എന്ന നിലയിൽ നാം ധാർമ്മികമായും നൈതികമായും ഈ ലോകത്തിൽ വർത്തിക്കണമെന്നാണ്. ഇവിടെ യേശു ദൈവത്താൽ അധികാരപ്പെടുത്തിയ ഗുരു എന്ന നിലയിൽ; വളരെ അധികാരത്തോടെയാണ് ദൈവരാജ്യത്തിൽ അതിന്റെ പ്രജകൾക്ക് ഉണ്ടാകേണ്ടുന്ന ധാർമ്മിക മൂല്യത്തെക്കുറിച്ച് വാചാലനാകുന്നത്. ദൈവരാജ്യത്തിന്റെ ആകമാനമായ പ്രഭയിൽ നാം ആകുമ്പോൾ നാം എങ്ങനെ ഈ ലോകത്തിൽ ആയിരിക്കണമെന്ന് ഭാഗ്യവർണ്ണനകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ട് നാം മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തരായി ഈ ലോകത്തിൽ ജീവിക്കണം. നാം ഈ ലോകത്തിന് അനുരൂപരാകരുത് മറിച്ച് ദൈവവചനത്തിൽ ഊന്നി വ്യത്യസ്തമായ ജീവിതശൈലി നമ്മിൽ പുലർത്തണം. അതിന് നാം അവന്റെ ക്രൂശെടുത്ത് അനുഗമിക്കണം.

ഇവിടെ യേശു സംസാരിക്കുന്നത് തന്റെ ശിഷ്യഗണമായ ഒരു കൂട്ടം മനുഷ്യരോടാണ്. അവരിൽ അവൻ ദൈവത്തിലുള്ള വിശ്വാസം കാണുകയും ആ വിശ്വാസത്തിന്റെ പുരസ്‌കരണമായി ക്രിസ്തു സംഭാഷണം തീരുകയാണ്. ഇവിടെയാണ് ഈ ലോകത്തിൽ നാം എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന് ഓർമ്മിപ്പിക്കുന്നത് അതിന് നാം കർത്താവിന്റെ നിലവാരത്തിലേക്ക് ഉയരേണ്ടതായിട്ടുണ്ട്. എന്നാൽ ആ നിലവാരത്തിലേക്ക് മനുഷ്യർക്ക് ഉയരുവാൻ കഴിയില്ല എന്ന ബോധ്യവും കൃപയും നമുക്ക് എന്നും ഉണ്ടായിരിക്കണം. പർവ്വത പ്രസംഗത്തിൽ ഉൾകാമ്പുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് നാം കർത്താവിൽ നിന്നും എത്ര ദൂരം അകലെയെന്നാണ്? അവന്റെ അരികിൽ എത്തുവാൻ നാം ഇനി എത്ര കാതം കൂടെ സഞ്ചരിക്കണം. ഈ വേദന എല്ലായിപ്പോഴും നമ്മെ ഭരിക്കേണം. അതിനാൽ ഭാഗ്യവർണ്ണനകളിൽ ഉൾച്ചേർന്നിരിക്കുന്ന പ്രത്യേകതകൾ ധ്യാനിക്കാം.

ഭാഗ്യവർണ്ണനകൾ എന്ന പദം ലാറ്റിൻ ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ്. ഗ്രീക്ക് ഭാഷയിൽ മക്കാറിയോസ് എന്നാണ് ഇതിനെ ഭാഷാന്തരം ചെയ്തിരിക്കുന്നത്. അതിനർത്ഥം അനുഗ്രഹം/അനുഗ്രഹീതൻ എന്നെല്ലാമാണ്. വേദപുസ്തക പഠിക്കുമ്പോൾ പഴയ പുതിയ നിയമങ്ങളിൽ വിവിധ ഇടങ്ങളിൽ ഈ പദം ഉപയോഗിക്കുന്നതായി കാണാം. സന്തോഷമുള്ളവർ, ഭാഗ്യവാന്മാർ, അഭിനന്ദിക്കപ്പെട്ടവർ എന്ന വിശാല അർത്ഥത്തിലാണ് ഈ പദം വേദപുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ശേഷം ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ എന്നും രേഖപ്പെടുത്തുന്നു. ഇത് ദൈവരാജ്യത്തിന്റെ സത്തയാണെന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. അതുകൊണ്ട് തന്നെ ഇപ്രകാരം ജീവിതം നയിക്കുന്നവർക്ക് മാത്രമെ ദൈവരാജ്യത്തിന്റെ അവകാശികളാകുവാൻ കഴിയുകയുള്ളു. അതിനാൽ ഭാഗ്യവർണ്ണനകൾ ജീവിതത്തിന്റെ പക്വമായ പാഠങ്ങൾ നൽകുന്നവയാണ്. ഈ ഭാഗ്യവർണ്ണനകളിലൂടെ വിവിധ തരത്തിലുള്ള മനുഷ്യരെപ്പറ്റിയല്ല മറിച്ച് പ്രത്യേകമായ സ്വഭാവ സവിശേഷതകൾ ഉണ്ടാകേണ്ടവരാണ് ക്രിസ്തീയ വിശ്വാസികൾ. ഇത് തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമുള്ളതല്ല. മറിച്ച് എല്ലാവരും ഇപ്രകാരമായിരിക്കണം എന്നതാണ് ഭാഗ്യവർണ്ണനകളുടെ ആകെ തുകയായി തീരുന്നത്. അതുകൊണ്ടാണ് വി. പൗലോസ് ശ്ലീഹാ ഗലാത്യസഭയ്ക്ക് എഴുതിയ ലേഖനത്തിൽ (ഗലാ. 5:23,24) ആത്മാവിന്റെ ഫലങ്ങളെ പറ്റി വിവരിക്കുന്നു. ഈ ഫലങ്ങൾ ഓരോ ക്രൈസ്തവന്റെയും ജീവിതത്തിൽ ഉണ്ടായിരിക്കേണ്ടുന്നതാണ്. ഇതെ മൂല്യമാണ് ഭാഗ്യവർണ്ണനകളിലും നിഴലിക്കുന്നുത്. ഈ നൈതികമായ മൂല്യങ്ങളിൽ നിന്നും ആർക്കും ഒഴിഞ്ഞ് മാറുവാൻ കഴിയുകയില്ല. ഇത് എല്ലാവരും ജീവിതത്തിൽ പുലർത്തുക തന്നെ വേണം. അതിനുള്ള ഉത്തരവാദിത്വം നമ്മുടെ ജീവിതങ്ങളിൽ നിക്ഷിപ്തമാണ്.

ഭാഗ്യവർണ്ണനകൾ ഇവിടെ രണ്ട് ക്രിയപദങ്ങളായി നിലനിൽക്കുന്നു എന്ന് നമുക്ക് മനസിലാക്കാം. ഇത് വർത്തമാനകാല യാഥാർത്ഥ്യങ്ങളേയും വരുവാനുള്ള ഭാവികാലത്തിന്റെ പ്രത്യാശയേയും സൂചിപ്പിക്കുന്നു. ഇവിടെ ഭാഗ്യവർണ്ണനകളിൽ വർത്തമാനകാലത്തിൽനിന്നും ഭാവികാലത്തിന്റെ പ്രത്യാശയിലേക്ക് ഒരൊഴുക്ക് ഉണ്ടാകുന്നതായി നമുക്ക് കാണാം. ഈ ഒഴുക്ക് ക്രൈസ്തവ ജീവിതത്തിൽ എന്നും നാം പിന്തുടരേണം.
കർത്താവിന്റെ പർവ്വതപ്രസംഗത്തിലെ ഭാഗ്യവർണ്ണനകൾ ഉയർന്ന നൈതികതയും ധാർമ്മികതയും ജീവിതത്തിൽ പുലർത്തുവാൻ നമ്മെ ആഹ്വാനം ചെയ്യുന്നു. ഈ ഭാഗ്യവർണ്ണനകളിലെ ദൈവീകസത്ത നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ ഇടയാകണം. ആത്മാവിന്റെ ഫലങ്ങൾ നാം പ്രായോഗികമാക്കുന്നത് പോലെ ഭാഗ്യവർണ്ണനകളിലെ നൈതികബോധം ജീവിതത്തിൽ ഉൾച്ചേർക്കുവാനും അതനുസൃതമായി ജീവിതത്തെ ശോധന ചെയ്യുവാനും ഇടയാകണം. ക്രിസ്തു നമ്മിൽ നിന്നും ആഗ്രഹിക്കുന്നതും അതു തന്നെയാണ്. അപ്രകാരം ജീവിക്കുവാൻ നമുക്കിടയാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *