പന്തളം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവതിയെ തലയ്ക്ക് അടിച്ചു കൊന്ന് മൊബൈല്‍ഫോണും ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ ബംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പോലീസ് സാഹസികമായി പിടികൂടി. പൂഴിക്കാട് ചിറമുടിയില്‍ വാടകയ്ക്ക് താമസിച്ചു വന്ന മുളക്കുഴ അരീക്കര കൊഴുവല്ലൂര്‍ പാറപ്പുറത്ത് സുരേഷിന്റെ ഭാര്യ സബിത എന്നുവിളിക്കുന്ന സജിത (42) കൊല്ലപ്പെട്ട കേസില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര ദാലുംമുഖം പോസ്റ്റില്‍ തുടലി ബി എസ് ഭവനില്‍ എസ്.എല്‍.ഷൈജു (34)വിനെയാണ് ഇന്‍സ്‌പെക്ടര്‍ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സംഘട്ടനം നടത്തി കസ്റ്റഡിയില്‍ എടുത്തത്.
കഴിഞ്ഞ 10 ന് രാത്രി പത്തരയ്ക്കാണ് ഇയാള്‍ കൊലപാതകം നടത്തിയത്. അതിന് ശേഷം മൊബൈല്‍ഫോണും ഓഫാക്കി മുങ്ങി. രണ്ടു മക്കളുള്ള സജിത തിരുവല്ലയിലെ ഒരു കടയില്‍ ജോലി ചെയ്യുമ്പോഴാണ് നാലു വര്‍ഷം മുന്‍പ് ഫേസ്ബുക്ക് മുഖേനെ ഷൈജുവിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇയാള്‍ക്കൊപ്പം താമസമാക്കി. മകന്‍ പിന്നീട് സജിതയ്‌ക്കൊപ്പം താമസിക്കാനെത്തി. സാമൂഹിക മാധ്യമങ്ങളിലുടെ സ്ത്രീകളെ വശത്താക്കി അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും സാമ്പത്തികം വാങ്ങി മുങ്ങുകയും ചെയ്യുന്നത് ഇയാളുടെ പതിവാണ്. ഷൈജുവിന്റെ പരസ്ത്രീബന്ധം ചോദ്യം ചെയ്തതിനാണ് കൊല നടത്തിയത്.
ബംഗളുരുവില്‍ താമസിക്കുന്ന പൂഴിക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള
വീട്ടിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. സമീപവാസികളുമായി യാതൊരു അടുപ്പവും ഷൈജുവും സജിതയും പുലര്‍ത്തിയിരുന്നില്ല. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചതിനെതുടര്‍ന്നാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ വിദഗ്ദ്ധമായി കുടുക്കിയത്.


