ഇടുക്കി/പീരുമേട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വിശ്വാസികൾക്ക് അർഹമായ പ്രാതിനിധ്യം നിഷേധിച്ച സംഭവത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറിനെതിരെ കടുത്ത നിലപാടുമായി മലങ്കര കത്തോലിക്കാ സഭ രംഗത്ത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പീരുമേട് നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഇബ്രാഹിംകുട്ടി കല്ലാർ നീക്കം സജീവമാക്കുന്നതിനിടെയാണ് സഭ നിലപാട് വ്യക്തമാക്കിയത്. മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടികയിൽ ഇബ്രാഹിംകുട്ടിയുടെ പേര് ഉൾപ്പെട്ടതോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ സഭയുടെ പ്രതിഷേധം വീണ്ടും ചർച്ചയായത്.
വിശ്വാസികൾക്ക് ലഭിക്കേണ്ടിയിരുന്ന അർഹമായ സീറ്റുകൾ നിഷേധിക്കുന്നതിൽ മുൻപന്തിയിൽ നിന്ന നേതാവാണ് ഇബ്രാഹിംകുട്ടിയെന്നാണ് സഭാ വൃത്തങ്ങൾ ആരോപിക്കുന്നത്. തദ്ദേശ ഭരണ സംവിധാനങ്ങളിൽ എല്ലാ ജനവിഭാഗങ്ങൾക്കും നീതിയുള്ള പങ്കാളിത്തം ഉറപ്പാക്കേണ്ട ജനാധിപത്യ മൂല്യങ്ങൾ ഇവിടെ ലംഘിക്കപ്പെട്ടുവെന്നും ആക്ഷേപമുണ്ട്. സമുദായത്തിന്റെ അവകാശങ്ങളെയും താൽപ്പര്യങ്ങളെയും അവഗണിക്കുന്ന സമീപനമാണ് നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും, ഇത് വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നും സഭ ചൂണ്ടിക്കാട്ടുന്നു.
വിശ്വാസികളുടെ അവകാശങ്ങൾ ഹനിക്കുന്ന നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം. വിഷയത്തിൽ രാഷ്ട്രീയ പാർട്ടി നേതൃത്വം അടിയന്തരമായി നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സഭയുടെ പിന്തുണ നിർണ്ണായകമായ പീരുമേട് മണ്ഡലത്തിൽ, നിലവിലെ പ്രതിഷേധം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


