വിജയ് ഹസാരേ ടൂർണമെന്റിൽ മിന്നും ഫോം തുടർന്ന് മലയാളി താരം ദേവദത്ത് പടിക്കൽ : സെലക്ടർമാർ കണ്ണു തുറക്കുമോ..?

Sports
Print Friendly, PDF & Email

ബംഗളൂരു – വിജയ്ഹസാരേ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ മിന്നും ഫോം തുടരുകയാണ് കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ. ടൂർണമെന്റിൽ ഇതിനോടകം എട്ട് ഇന്നിങ്‌സുകളിൽ നിന്നായി നാല് സെഞ്ച്വറിയും 2 അർധ സെഞ്ച്വറിയുമടക്കം 721 റൺസ് ദേവ്ദത്ത് അടിച്ചെടുത്തു കഴിഞ്ഞു. ദേവദത്തിന്റെ മിന്നും ഫോമിൽ കർണാടക ടൂർണമെന്റിന്റെ സെമിഫൈനലിൽ പ്രവേശിച്ചു.

കർണാടകത്തിന്റെ മലയാളിയായ ഇടംകൈയൻ ബാറ്റർ ദേവ്ദത്ത് പടിക്കൽ 202526 വിജയ്ഹസാരേ ട്രോഫിയിൽ പുതിയ ചരിത്രങ്ങൾ രചിക്കുകയാണ്. മിന്നുന്ന ബാറ്റിങ് ഫോം തുടരുന്ന ദേവ്ദത്ത് റെക്കോഡുകളും തിരുത്തിയെഴുതി. ഗ്രൂപ്പ് മത്സരത്തിൽ ഏഴിൽ ആറു കളികളും കർണാടക വിജയിച്ചപ്പോൾ അതിൽ പ്രധാന പങ്കു വഹിച്ചത് പടിക്കലാണ്.

103 റൺസ് ശരാശരിയിലാണ് എട്ടു മത്സരങ്ങളിൽ നിന്ന് 721 റൺസ് ദേവ്ദത്ത് സ്‌കോർ ചെയ്തിരിക്കുന്നത്. കർണാടകയുടെ മറ്റ് ബാറ്റർമാരും മികച്ച ഫോം തുടരുന്ന സാഹചര്യത്തിൽ ടീം ഫൈനലിൽ എത്താനുള്ള സാധ്യതയും ഏറെയാണ്. തുടരെ സെഞ്ച്വറികൾ അടിച്ചു കൂട്ടുകയാണ് ദേവ്ദത്ത്. ജാർഖണ്ഡിനെതിരേ നേടിയ 147 റൺസ് ആണ് ഇതു വരെയുള്ള മികച്ച സ്‌കോർ. ഇന്നലെ ക്വാർ്ട്ടർ ഫൈനൽ മത്സരത്തിൽ കരുത്തരായ മുംബൈക്കെതിരേ 95 പന്തിൽ 81 റൺസ് നേടിയാണ് ദേവ്ദത്ത് മിന്നും ഫോമിന് അടിവരയിട്ടത്. മറ്റൊരു മലയാളി താരം കരുൺനായരുമൊത്താണ് പടിക്കൽ മുംബൈയെ തകർത്തത്.

ഈ സീസണിൽ ജാർഖണ്ഡിനെതിരായ ആദ്യ മത്സരത്തിൽ 147 റൺസ് നേടിയാണ് പടിക്കലിന്റെ തുടക്കം. കേരളത്തിനെതിരേ 124, പുതുച്ചേരിക്ക് എതിരേ 113, ത്രിപുരക്കെതിരേ 108 എന്നിങ്ങനെ തുടർച്ചയായി 4 സെഞ്ച്വറികൾ നേടി. രാജസ്ഥാനെതിരേ 91, മുംബൈക്കെതിരേ 81 നോട്ടൗട്ട് എന്നിവയാണ് പടിക്കലിന്റെ മറ്റ് സ്‌കോറുകൾ. രണ്ടു കളികളിൽ മാത്രമാണ് കുറഞ്ഞ സ്‌കോറിൽ പുറത്തായത്.

വിജയ് ഹസാരെ ട്രോഫിയുടെ രണ്ട് വ്യത്യസ്ത സീസണുകളിൽ 700ലധികം റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി ദേവദത്ത് മാറി. 202021 ലാണ് ഇതിന് മുൻപ് 700 റൺസ് ക്ലബിലെത്തിയത്. മൂന്ന് വ്യത്യസ്ത സീസണുകളിൽ 600ലധികം റൺസ് നേടുന്ന ഏക താരം എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. കുറഞ്ഞത് 2000 റൺസ് എങ്കിലും നേടിയ താരങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരികളിൽ ഒന്നാണ് ഇപ്പോൾ ദേവദത്തിനുള്ളത്. (ഏകദേശം 83.62)

ഇത്രയും മിന്നുന്ന പ്രകടനം നടത്തിയെങ്കിലും ദേശീയ ടീമിലേക്ക് ദേവ്ദത്തിന്റെ പ്രവേശനം ഉടനെ ഉണ്ടാകുന്ന ലക്ഷണമില്ല. നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ദേവ്ദത്ത് അംഗമാണ്. ഏകദിന ടീമിൽ ദേവ്ദത്തിന് കളിക്കാനുള്ള പൊസിഷൻ ഇല്ലെന്നതാണ് യാഥാർഥ്യം. അടിസ്ഥാന പരമായി ഓപ്പണറാണ് അദ്ദേഹം. വൺഡൗണും കളിക്കാറുണ്ട്. നിലവിൽ ഇന്ത്യയ്ക്ക് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ബാറ്റർമാരുടെ ഒഴിവില്ലെന്ന് തന്നെ പറയാം. രോഹിതും കോലിയും മിന്നും ഫോമിലാണ്. ഇടവേളയ്ക്ക് ശേഷം മടങ്ങി വന്ന ശ്രേയസ് അയ്യരും മികച്ച പ്രകടനം നടത്തി. കെഎൽ രാഹുൽ വിക്കറ്റ് കീപ്പർ കൂടി ആയതിനാൽ അദ്ദേഹത്തിന്റെ സ്ഥാനത്തിനും മാറ്റമുണ്ടാകില്ല. ലോവർ ഓർഡറിലും സ്ഥാനം കിട്ടാൻ പ്രയാസമാണ്. അതിനാൽ തന്നെ ഏകദിന ടീം പ്രവേശനത്തിന് ഇനിയും പടിക്കൽ കാത്തിരിക്കേണ്ടി വരും.

 

Leave a Reply

Your email address will not be published. Required fields are marked *